സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറാണാക്കാലം കഴിഞ്ഞ്

കൊറാണാക്കാലം കഴിഞ്ഞ്


സമ്പന്നരാജ്യങ്ങൾക്കുപോലും നിയന്ത്രിക്കാനാവാത്ത രീതിയിൽ കോവിഡ് എന്ന മഹാമാരി ലോകത്ത് പിടിമുറുക്കിയിരിക്കുകയാണ്. രോഗനിയന്ത്രണത്തിനുവേണ്ടിയുള്ള വാക്സിനുകളുടെ നിർമ്മാണത്തിനായി ഗവേഷണസ്ഥാപകർ നിരന്തരം രാപകലില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും കോവിഡ് നിയന്ത്രണാതീതമാകാതെ നിർത്തുവാൻ കേരളത്തിനു കഴിഞ്ഞു എന്നത് നമുക്ക് അഭിമാനിക്കാൻ വകനൽകുന്നതാണ്.


സമീപഭാവിയിൽ തന്നെ ലോകത്ത് കോവിഡ് നിയന്ത്രണ വിധേയമാകുവെന്നും വാക്സിൻ കണ്ടുപിടിക്കപ്പെടും എന്ന് നമുക്കു പ്രതീക്ഷിക്കാം. അങ്ങനെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുന്ന ഒരു കാലഘട്ടത്തിൽ നാം പിന്തുടരേണ്ട ജീവിതക്രമം എങ്ങനെയുള്ളതായിരിക്കണം? എന്ന് കോവിഡ് രോഗകാലഘട്ടവും ലോക്ക്ഡൗൺ കാലഘട്ടവും നമുക്കു സൂചനകൾ നൽകുന്നുണ്ട്.


വ്യക്തിപരവും, സാമൂഹ്യപരവുമായ ശുചിത്വം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നാം ഏറെ ബോധവൻമാരായ നാളുകളാണ് ഇത്. സോപ്പ്, സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗവും, ആരോഗ്യം നിലനിർത്താൻ ഉതകുന്ന വ്യയാമങ്ങളും സവിശേഷശ്രദ്ധ ആകർഷിക്കേണ്ട മേഖലകളാണ്. ഏറെ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്ന ആരോഗ്യമേഖലയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ആരോഗ്യപ്രവത്തകർ ഏറെ ആദരിക്കപ്പെടുകയും വേണം.


വീട്ടിൽ സ്വന്തമായി കൃഷിക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും വിഷമില്ലാത്ത പച്ചക്കറികളും പഴങ്ങളും ഉൽപ്പാദിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എന്താണെന്നും ഈ ലോക്ക്ഡൗൺ കാലത്ത് പഠിച്ചു. ഇവയുടെ പ്രാധാന്യം ഇളംതലമുറയിലേക്ക് പകർന്നു കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി നാം ചിന്തിക്കേണ്ട കാലഘട്ടമാണിത്.


അതുപോലെ നാം പിന്തുടർന്നു പോന്നിരുന്ന ആവശ്യങ്ങളെന്ന് കരുതിയിരുന്ന പലതും അനാവശ്യങ്ങളായിരുന്നുവെന്ന ഒരു അവബോധത്തിൽ നാം എത്തിച്ചേർന്നിരിക്കുകക്കുകയാണ്. മദ്യപാനം, ലഹരിവസ്തുക്കൾ എന്നിവയില്ലാത്ത ഒരു സാഹചര്യത്തിൽ നമുക്ക് എന്തെല്ലാം നേട്ടങ്ങളും നന്മകളും ഉണ്ടാവുന്നു എന്നുള്ളത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. വാഹനാപകടങ്ങളും അക്രമസംഭവങ്ങളും ഗാർഹികപീഢനങ്ങളും കുറഞ്ഞു. ഇത് ലോക്ക്ഡൗണിനുശേഷവും നിലനിർത്താൻ നമുക്ക് കഴിയണം.


ഞാൻ എന്ന അഹംഭാവത്തിൽ നിന്ന് നമ്മൾ എന്ന ക്രിയാന്മകമായ ഭാവത്തിലേക്ക് വളരാൻ നമുക്ക് കഴിഞ്ഞു. ഒരു ചെറിയ വൈസിനു മുന്നിൽ ചന്ദ്രനിൽപ്പോലും കാലുകുത്തിയ മനുഷ്യൻ എത്ര നിസ്സാരനാണെന്ന് നമുക്ക് ഒരു വലിയ പാഠം നൽകുന്നുണ്ട്. അതായത് ഈ ചരാചരങ്ങളുടെ മുഴുവൻ നിയന്ത്രണം ദൈവത്തിലാണെന്നും, ഈശ്വരവിശാസത്തിലും ധാർമ്മികചിന്തയിലും, മൂല്യബോധത്തിലും അടിയുറച്ച ഒരു ജീവിതശൈലിയാണ് മനുഷ്യനെ സമഗ്രപുരോഗതിയിലേക്ക് നയിക്കുകയെന്നതും പുതുതലമുറ പഠിച്ച കാലഘട്ടമാണിത്. ഈ അവബോധം കോവിഡാനന്തര കാലഘട്ടത്തിലും നിലനിർത്താനായാൽ അതൊരു ശുഭസൂചനയാണ്.


എലിസബത്ത് മരിയ ജെയ്സൺ
6 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം