സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം/ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ പതിനാലോളം വാർഡുകളിലായി പരന്നു കിടക്കുന്ന മലയോര ഗ്രാമമാണ് നാരങ്ങാനം.ഗോത്ര മൂപ്പന്മാരുടെ അധീ ന തയിൽ ആയിരുന്നു ഈ നാട് .5043 ഏക്കർ ചുറ്റളവിൽ കിടക്കുന്ന നാരങ്ങാനം ഗ്രാമ പഞ്ചായത്ത് ഒരു നാട്ടുരാജ്യമായിരുന്നു.
വനമായിരുന്ന കാലത്ത് ശ്രീരാമചന്ദ്രനെ അന്വേഷിച്ച് ഇറങ്ങിയ നാരദമഹർഷി നാരദ ഗാനം മുഴക്കിയ സ്ഥലമാണ് നാരങ്ങാനമായി മാറിയതെന്ന് പറയുന്നു.നാരകം സമൃദ്ധിയായി വളർന്ന് കാനനം പോലെ നിലനിന്നിരുന്ന സ്ഥലമായതിനാൽ നാരങ്ങാനമായി പേരു വന്നതായും കഥയുണ്ട്. പ്രാചീനമായ ഒരു ധാരയിലാണ് ഇന്നും നാരങ്ങാനത്തിൻ്റെ ആചാര അനുഷ്ഠാനങ്ങളും, സാംസ്കാരിക പ്രതീകങ്ങളും എന്നു കാണാം. നാടിൻ്റെ അധിപരായിരുന്ന ഊരാളന്മാർ ഈ നാട്ടിലെ പല അനുഷ്ഠാന കലകളിലും പ്രാമുഖ്യമുള്ളവരാണ്.ജന്മിത്തവും, കുടിയായ് മയും, അയിത്തവുമൊക്കെ ഇവിടെ നിലനിന്നിരുന്നു.എന്നാൽ പ്രൈമറി സ്കൂളുകൾ സ്ഥാപിതമായി ഒരുമിച്ചിരുന്നു പഠിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിയതോടെ വെളിച്ചത്തിൻ്റെ നേരിയ കിരണങ്ങൾ മനസുകളിലേക്കു കടന്നു. അവിടന്നിങ്ങോട്ട് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ വമ്പിച്ച മാറ്റങ്ങളാണ് ഈ ഗ്രാമത്തിൽ സംഭവിച്ചിട്ടുള്ളത്.പാലക്കുന്നത്തു വലിയ തിരുമേനി നാരങ്ങാനം മാർത്തോമ്മ പള്ളിയുടെ ശിലാസ്ഥാപനത്തിനായി 1922-ൽ ഒരു കാറിൽ വന്നപ്പോഴാണ് നാരങ്ങാനം പഞ്ചായത്തിലൂടെ ആദ്യമായി വാഹനം ഓടുന്നത്. നാരങ്ങാനം പഞ്ചായത്തിൻ്റെ എല്ലാ മേഖലയിലുമുള്ള വികസനത്തിന് അടിത്തറ പാകിയ സുപ്രധാനമായ മറ്റൊരു സംഭവ വികാസമായിരുന്നു കോഴ ഞ്ചേരി-മണ്ണാറക്കുളത്തി റോഡിൻ്റെ നിർമ്മിതി. മദ്ധ്യതിരുവിതാംകൂറിനെ കിഴക്കൻ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഏകപാതയെന്ന നിർണ്ണായക പ്രാധാന്യമാണ് ഈ റോഡിനുണ്ടായിരുന്നത്.പ്രകൃതി മനോഹരമായ മടുക്കക്കുന്ന് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ്.
വിവിധ പലായന കുടിയേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ പ്രദേശം പുണ്യഫലഭൂയിഷ്ഠമായതും, വെള്ളപ്പൊക്കം മുതലായ പ്രകൃതിക്ഷോഭങ്ങൾ കാര്യമായി ബാധിക്കാത്ത ഒരിടം കൂടിയാണ്. കൃഷിക്ക് കേൾവികേട്ട സ്ഥലമായ നാരങ്ങാനത്തിൽ വയൽ പരപ്പുകൾ വിവിധ കൃഷിയിടങ്ങളാക്കിയിരിക്കുന്നു. കണമുക്ക് ,ആലുങ്കൽ ,കടമ്മനിട്ട ,വലിയകുളം, മടത്തുംപടി, തോന്ന്യാ മല ,വട്ടക്കാവ്, എന്നിവ നാരങ്ങാനത്തെ പ്രധാന സ്ഥലങ്ങളാണ്. ലോകത്തിനു മുന്നിൽ നാരങ്ങാനം പഞ്ചായത്തിന് അഭിമാനമാണ് പൈതൃക ഗ്രാമമായ കടമ്മനിട്ട ,കടമ്മനിട്ട കാവ്യ ശില്പം, കടമ്മനിട്ട പടയണി ഗ്രാമം, കടമ്മനിട്ട രാമകൃഷ്ണ സ്മൃതി മണ്ഡപം, മടുക്കക്കുന്ന് എന്നിവ കൾ .
സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് MLA യും ആയിരുന്ന എൻ.ജി ചാക്കോ ദീർഘകാലം പ്രസിഡൻ്റായിരുന്ന പഞ്ചായത്താണിത്.മിനി സോമരാജനാണ് നിലവിലെ പ്രസിഡൻ്റ്.
നാരങ്ങാനം മാർത്തോമ്മാ ഇടവകയുടെ ട്രസ്റ്റിയായിരുന്ന നിരവു കാലയിൽ ശ്രീ.ചാക്കോ ഗീവർഗീസിൻ്റെയും ഇടവക വികാരി മാരായിരുന്ന റവ.കെ.എം മാത്യു, റവ.പി.ജി ഉമ്മൻ എന്നിവരുടെയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളിൽ നിന്നും ഉടലെടുത്തതാണ് നാരാങ്ങാനം സെൻ്റ് ജോർജ് യു.പി സ്കൂൾ .ശ്രീ ചാക്കോ ഗീവർഗ്ഗീസ് സ്കൂൾ സ്ഥാപനത്തിനായി ഒരേക്കർ സ്ഥലം ദാനം ചെയ്തു.1947 മെയ് മാസം 19-ാം തീയതി വ്യാഴാഴ്ച എം.റ്റി കുരുവിളയുടെ മഹനീയാദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ വച്ച് സ്കൂളിൻ്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. പ്രാരംഭം മുതൽ ശ്രീ.എം.റ്റി തോമസ് സ്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു.1959 വരെ യു .പി സെക്ഷൻ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ.1 - 06-1960 ൽ ഗവൺമെൻ്റിൽ നിന്നും അനുവാദം കിട്ടിയതനുസരിച്ച് പുതിയ കെട്ടിടം പണിയിച്ച് എൽപി സെക്ഷൻ ആരംഭിച്ചു. സ്കൂളിൻ്റെ സ്ഥാപന കാര്യങ്ങളിൽ വിവേകപൂർവ്വമായ ആലോചന നൽകിയും സ്വന്തം പണം ചെലവ് ചെയ്തും ഇടവക ജനങ്ങളോട് പിരിച്ചും കെട്ടിടങ്ങൾ പണിയിച്ചും ദേശത്തിൻ്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിച്ച നിരവു കാലായിൽ ശ്രീ.ചാക്കോ ഗീവർഗ്ഗീസിൻ്റെ സേവനം സുവർണ ലിപികളിൽ രേഖപ്പെടുത്തി .1972-73 ൽ ഏറ്റവും മികച്ച സ്കൂളിനുള്ള ഷീൽഡ് ഗവൺമെൻ്റിൽ നിന്നും ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. ഇപ്പോൾ 7 ക്ലാസുകളും 7 അദ്ധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും ജോലി നോക്കുന്നു. നാരങ്ങാനം മാർത്തോമ്മാ ഇടവകാംഗങ്ങളുടെ അകമഴിഞ്ഞ സംഭാവനയിലൂടെയും പ്രയത്നത്തിലൂടെയും ഉടലെടുത്തതാണ് സെൻ്റ് ജോർജ് യു.പി സ്കൂൾ നാരങ്ങാനം. 7 ദശാബ്ദക്കാലം ഒരു ദേശത്തിൻ്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ, സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിൻ്റെ സിര കേന്ദ്രമായി നിലനിൽക്കുവാൻ സെൻ്റ്. ജോർജ് യു.പി സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.