വേനൽ മഴ
വേനലിലമരുന്ന
മലർകാലത്തിലെന്റെ
ആശകളൊന്നൊന്നായി
വാടി വീണലിയവേ,
ഒരു തുള്ളി നീരിന്നായി
കേഴുന്നു, വേഴാമ്പലായ്
ഇനിയുമണയാത്ത
കുളിരു കാക്കുന്നു ഞാൻ
ഗാർഗ്ഗി തൻ ചോദ്യങ്ങളെ
മാറാല മുടുന്നതും .....
ഏകലവ്യന്റെ വിരൽ
ചിതലു തിന്നുന്നതും.....
" അരുതേ കാട്ടാളാ ..."
എന്നോതുന്ന വാത്മീകിയെ
അരങ്ങിൽ നിഘാദനമ്പെയ്തു
വീഴ്ത്തുന്നതും......
അങ്ങനെയൊടുങ്ങാത്ത
പേക്കിനാവുകളെന്റെ ഉറക്കം
മുറിക്കുന്നൊരഗ്നിയായ്
പടരുന്നു .......
നിള തന്നുറവുകൾ വറ്റുന്നു...
കളിരോലുമിളം കാറ്റൊടുങ്ങുന്നു.....
രാത്രിയാക്കുന്നു സഖീ....
നീയെൻ കൈ പിടിക്കുക......
നീണ്ടുനീണ്ടനന്തമാം
യാത്രകളെത്രയോ
ബാക്കിയാവുന്നു നമുക്കിനി....
കനൽക്കാറ്റുകളാഞ്ഞു
വീശുമീ മണൽക്കാട്ടിൽ
ഒറ്റപ്പെട്ടു നാം
ദിശ തെട്ടിയങ്ങലയവേ.....
നെഞ്ചകം കളിർപ്പിക്കാൻ
മഴ വന്നണഞ്ഞെങ്കിൽ.