വീട്ടുവഴികളിലെ കൈതപ്പൂക്കളും
ഓട്ടുവിളക്കിൻ മിന്നുന്നകാന്തിയും
നാട്ടുമാവിലെ കണ്ണിമാങ്ങകളും
കൂട്ടുനിൽക്കുന്ന നിറമുള്ള ബാല്യം
എണ്ണിത്തീരാതെ സൂക്ഷിച്ച മഞ്ചാടിമണിയില്ല-
രക്തവർണ്ണമാം കനിനൽകുന്ന മരവുമില്ല
എന്നിലെ സാഹിത്യാകാശത്തിനു ഇടമൊരുക്കിയ
കല്ലിടാം കുന്നിലെ പാറയുമില്ലാ
പൂത്തു നിൽക്കും വഴിയോരകാഴ്ച്ചകൾ അന്യമായ്-
വെള്ളവരകളാൽ അതിരിടുന്നോരു
നാലുവരിപ്പാത സന്നദ്ധമായ്
ഇതേതുവഴി,
ഇവിടെ അടയാളമായ് നിന്നോരു-
പച്ചപ്പൂമരക്കുട ഇന്നെവിടെ?
ഒരു ചരമ ഗീതത്തിന്റെ മാറ്റൊലി
അലയടിക്കുന്നുവോ?