കോവിഡ്

കോവിഡ് ലോകം മുഴുവൻ പരന്നു പിടിച്ച ഈ സാഹചര്യത്തിൽ ,ഈ പ്രബന്ധത്തിൻ്റെ മൗലികമായ ഉത്തരവാദിത്വം ആ മഹാമാരിയെ കുറിച്ച് പ്രതിപാദിക്കുക എന്നു തന്നെയാണ് . സാർസിനും എബോളയ്ക്കും ശേഷം ലോകത്തെ ഭീതിയുടെ മുൾമുനയിലെത്തിച്ച വൈറസാണ് കൊറോണ.ചൈനയിൽ പതിനൊന്ന് ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ഹ്യൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ്  'COVID - 19' എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന കൊറോണ വൈറസിൻ്റെ ഉത്ഭവം.2019 ഡിസംബർ അവസാനത്തോടെ വ്യക്തമായ കാരണങ്ങളില്ലാതെ നൂറുകണക്കിനാളുകൾക്ക് ന്യൂമോണിയ ബാധിക്കുകയും നിലവിലുള്ള വാക്സിനുകളൊന്നും ഫലിക്കാതെ വരുകയും ചെയ്തതോടെയാണ് കൊറോണ വൈറസ് എന്ന ഭീഷണിയെ കുറിച്ച് ആരോഗ്യവിദഗ്ദർ ചിന്തിച്ചു തുടങ്ങിയത്. 2019 ഡിസംബറിൽ കണ്ടെത്തിയ കോവിഡ് 19 ഉൾപ്പെടെ ഏഴു തരം കൊറോണ വൈറസുകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. 1960 ൽ ആണ് കൊറോണ വൈറസ് കണ്ടുപിടിക്കപ്പെട്ടത്.ഏഴു തരം കൊറോണ വൈറസുകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കാണ് ഇതു പ്രധാനമായും പകരുന്നത്. മനുഷ്യൻ  എത്ര നിസ്സാരൻ ആണെന്ന് ലോകത്തിനു കാട്ടി കൊടുത്ത ചെറു വൈറസ്  ആണ്  കോവിഡ്. ജലദോഷം, ചുമ, ശ്വാസതടസം  എന്നിവയാണിതിൻ്റെ പ്രധാനലക്ഷണങ്ങൾ.

അതിജീവനം

കൊറോണ പടർന്നു പിടിച്ച രാജ്യങ്ങളുടെ പല അവസ്ഥാന്തരങ്ങളും, ദൈന്യതയും, അതിജീവനവും, ആശ്രയവും എല്ലാം നാം കണ്ടുവല്ലോ. ഒരു ചെറു വൈറസ് മനുഷ്യൻ്റെ ജീവിത സന്തുലനത്തെ എത്ര മാരകമായി ബാധിച്ചു എന്നതിന് ഉത്തമ ഉദാഹരണമാണ് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനു ശേഷം വ്യാവസായിക മേഖലയിലും മറ്റും മറ്റും വലിയ അധപതനമാണ് ചൈന നേരിട്ടത്. ലോകത്തെ തന്നെ ഏറ്റവും വലിയ വ്യാവസായിക രാജ്യങ്ങളിൽ ഒന്നാണ് ചൈന. ചൈനയിലെ വ്യവസായിക രംഗത്ത് ഉണ്ടായ മാന്ദ്യങ്ങൾ ലോകത്തെ മൊത്തം ബാധിക്കുകയും ,പ്രത്യക്ഷമായോ ,പരോക്ഷമായോ ചൈനയെ ആശ്രയിക്കുന്നചെയ്തു മറ്റ് രാജ്യങ്ങളും പ്രതിസന്ധിയിലാവുകയും ചെയ്തു.മാസങ്ങൾ കൊണ്ട് മരണസംഖ്യ കുത്തനെ ഉയരുകയും ചെയ്തു. പക്ഷെ പടർന്നു പിടിച്ച രോഗത്തെ വരിഞ്ഞുകെട്ടാൻ ചൈന തീവ്രമായി പരിശ്രമിക്കുകയും , അവർക്ക് മരണസംഖ്യ ഉയരാതെ പിടിച്ചു നിർത്താൻ കഴിയുകയും ചെയ്തു.ഫെബ്രുവരി മദ്ധ്യത്തോടെ മറ്റു രാജ്യങ്ങളിലേക്ക് തൻ്റെ കരം നീട്ടിയ കൊറോണ വൈറസ് സാമ്പത്തികമായി വളരെ മുന്നിലുള്ള പല വികസിത രാജ്യങ്ങളെയും തൻ്റെ ചങ്ങലയിൽ ബന്ധിച്ചു. മാർച്ച് ആദ്യത്തോടെ ഇന്ത്യയിലും വിത്ത് പാകിയ കൊറോണ വൈറസ് ഇന്ത്യൻ ജനജീവിതത്തിലും വലിയ പ്രതിസന്ധികൾ ഉയർത്തി. അതിനെ തുടർന്ന് ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളിലേക്കും രാജ്യം കടന്നു. സമയോചിതമായി നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ കഴിഞ്ഞത്  മറ്റ് യൂറോപ്യൻ രാജ്യങ്ങളുടേതു പോലെ സ്ഥിതി വഷളാവുന്ന സാഹചര്യം ഒഴിവാക്കാൻ സഹായിച്ചു.  യൂറോപ്യൻ - അമേരിക്കൻ രാജ്യങ്ങളിൻ നിന്നും വ്യത്യസ്തമായി പൊതു ആരോഗ്യസ്ഥാപനങ്ങൾ നിലവിലുണ്ട് ഇന്ത്യയിൽ. കോവിഡ് വ്യാപനത്തെ ഇത്തരം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നു തന്നെ പ്രതിരോധിച്ച സംസ്ഥാനമാണ് കേരളം. ആരോഗ്യ വകുപ്പുകളും സ്വകാര്യമാക്കിയാലെ അത് രോഗി സൗഹൃദം ആവൂ എന്ന് പറയുന്നവരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ കേരളത്തിന് കഴിയുന്നുണ്ട് എന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. എല്ലാ രാജ്യങ്ങളിലും കോവി ഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയട്ടെ എന്നു നമുക്ക് ആശിക്കാം... ഇനി

മനുഷ്യൻ്റെ പ്രകൃതിയിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റവും , ജനസംഖ്യവർധനവും ആണ് കോവിഡ് വ്യാപനത്തിനുള്ള മൂലകാരണങ്ങൾ എന്നുള്ള ഒരു പ്രചരണം ഞാൻ കേട്ടു. ശാസ്ത്രീയ പിൻബലമില്ലാത്ത വാദങ്ങൾ ആണിവയെങ്കിലും  ആമസോൺ എന്ന ശ്വാസകോശം കത്തിയതും , ആസ്ട്രേലിയയിലും മറ്റും വൻകാട്ടുതീ പടർന്നതും ഈ വർഷമാണെന്ന് ഓർക്കണം. ഇതിനെ കോവിഡുമായി ബന്ധിപ്പിക്കുകയല്ല ,മറിച്ച്  ഇത്തരം സാഹചര്യങ്ങളിൽ രാജ്യങ്ങൾ സ്വീകരിച്ച ഉദാരമായ നയങ്ങൾ നമ്മളെ തന്നെ ഒരിക്കൽ ബാധിക്കുമെന്നതിന് സംശയമില്ല. മനുഷ്യൻ പ്രകൃതിയിലുൾപ്പെടുന്ന ഒരു ജീവിയാണ് എന്ന കാഴ്ച്ചപ്പാട് ,പ്രകൃതിയിൽ മനുഷ്യനും ഉൾപ്പെടും എന്ന ചിന്ത നമുക്ക് ഉണ്ടാവേണ്ടതാണ്. വേർതിരിവുകളുടെ തിന്മകൾ മറന്ന് ജീവിക്കണം എന്ന വലിയ കാഴ്ച്ചപ്പാട്  ഓരോരുത്തരുടെയും മനസ്സിൽ വേണമെന്ന് പറയേണ്ടതില്ലല്ലോ.. മുൻവിധികളില്ലാത്ത ശാസ്ത്രത്തോട് ഓരോ മനുഷ്യനും ഉണ്ടാവേണ്ട കടപ്പാട്  കോവിഡ് വീണ്ടും ഊട്ടിയുറപ്പിച്ചു. 'ശാസ്ത്രം'  എന്നത് ഒരു ജീവിതരീതി കൂടിയാണെന്ന്  നാം മനസ്സിലാക്കേണ്ടതല്ലേ... കോവിഡിനെ തോല്പിക്കാൻ നമുക്ക് ഒന്നായി പോരാടം.....

അഗ്നി ആഷിക് പി
10 A സി.എ.എച്ച്.എസ്സ്.ആയക്കാട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം