സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

ഓർമ്മയിലെ നടുക്കം!

          (    ശ്രീ. മണികണ്ഠ ദാസ്   മുൻ  പ്രിൻസിപ്പൽ   ചട്ടഞ്ചാൽ  ഹയർ സെക്കന്ററി  സ്‌കൂൾ )                    


 ഒക്ടോബർ 5 ! ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ എന്നെന്നേയ്ക്കും ഒരു കറുത്തദിനമാണ്.     രണ്ടു ശ്രേഷ്ഠഗുരുക്കന്മാർ ഒരുമിച്ച് ലോകത്തോട് വിടചൊല്ലി. 

അന്നൊരു ശനിയാഴ്ചയായിരുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു മീറ്റിങ് നടക്കുന്നതിനാൽ ക്ലാസുകൾ കുറച്ചു നേരത്തേ വിട്ടിരുന്നു. മൂന്നാലു ഹയർസെക്കണ്‌ടറി അധ്യാപകർ സ്റ്റാഫ്റൂമിലിരുന്ന് ആഹ്ലാദപൂർവം കുറേ സമയം വർത്തമാനം പറഞ്ഞു. കുഞ്ഞികൃഷ്ണൻമാഷ് അന്നു രാവിലെ തിരുവനന്തപുരത്തുനിന്നു വന്നതേയുള്ളു. മാധവൻമാഷു‌ടെ പ്ലസ്ടു നിയമനാംഗീകാരത്തിലെ ചില കുരുക്കുകൾ അഴിക്കാൻ കഴിഞ്ഞതിലെ സംതൃപ്തിയിലായിരുന്നു കുഞ്ഞികൃഷ്ണൻ മാഷ്. ആ ആശ്വാസത്തിലാണ് മാധവൻ മാഷും. വർത്തമാനം പറഞ്ഞുകൊണ്ടുതന്നെ ആധ്യാപകർ പുറത്തിറങ്ങി. മാധവൻ മാഷുടെ  സ്കൂട്ടറിൽ (മാഷ് വല്ലപ്പോഴുമേ വണ്ടിയെടുത്ത് സ്കൂളിൽ വരാറുള്ളൂ) രണ്ടുപേരും സ്കൂൾ മൈതാനം കടന്ന് പോയി. പിന്നീട് ഒരു നൂറുമീറ്ററേയുള്ളു ഹൈവേയിലെത്താൻ. ഹൈവേയിലേക്ക് സ്കൂട്ടർ കയറിയതേയുള്ളു. അപ്പോഴാണ് ഇടിമിന്നൽ പേലെ ആ അപകടം സംഭവിച്ചത്. വിധി അതിന്റെ ഏതു വാതിൽ എപ്പോൾ തുറക്കുമെന്ന് ആർക്കറിയാം! ജീവിതം കൊണ്ട് വെളിച്ചം വിതറിയ ആ കർമ്മസൂര്യന്മാർ ഒന്നിച്ച് ആ വൈകുന്നേരം അസ്തമിച്ചു. "ഗുണികളൂഴിയിൽ നീണ്ടു വാഴാ " എന്നാണല്ലോ കാവ്യപ്രമാണം.  ഗുണ നിധികളായിരുന്ന ആ ഗുരുനാഥന്മാരെ ഇപ്പോഴും സ്നേഹപൂർവ്വം ഞങ്ങൾ അനുസ്മരിക്കുന്നു .

ചട്ടഞ്ചാലിന്റെ ഓർമകളിലെ "കർക്കശക്കാരൻ"

ജോലിസ്ഥലത്തും വീട്ടുവളപ്പിലും വിശ്രമമില്ലാത്ത അധ്വാനവും കണിശതയുമായിരുന്നു ആ ജീവിതം. മൂന്ന് പതിറ്റാണ്ട് ചട്ടഞ്ചാലിന്റെ അക്ഷരമുറ്റത്ത് തണലേകി പയ്യന്നൂർ കാങ്കോൽ കുണ്ടയംകൊവ്വൽ താഴെ കുറുന്തിലെ പി.അവനീന്ദ്രനാഥ് എന്ന അധ്യാപകൻ 2017 നവംബർ 4 ന്  എല്ലാവരെയും ദുഃഖത്തിലാക്കി ഈ ലോകത്തോട് വിട പറഞ്ഞു .   1984-ൽ ആണ് ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകനായി അദ്ദേഹം എത്തുന്നത്. കർക്കശകാരനായ കണക്ക് അധ്യാപകനായിരുന്നു. പുതുമ പകർന്ന അദ്ദേഹത്തിന്റെ അധ്യാപനശൈലി കുട്ടികൾക്ക് വഴിവിളക്കായി. പരുക്കൻ പ്രകൃതത്തിനുള്ളിൽ മൃദുവാർന്ന സാമീപ്യമുണ്ടെന്ന് പലരും പിന്നീട് തിരിച്ചറിഞ്ഞു.സ്‌കൂളിൽ എന്നും ആദ്യമെത്തുന്നത് എറ്റവും ദൂരെനിന്ന് വരുന്ന അവനീന്ദ്രനാഥായിരുന്നു. രാവിലെ ഏഴിന് എന്നും അദ്ദേഹം സ്‌കൂളിലെത്തും. മുഴുവൻ ജോലികളും പൂർത്തിയാക്കി രാത്രിയോടെയായിരുന്നു പതിവ് മടക്കം. സ്‌കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് അവനീന്ദ്രനാഥ് പ്രോത്സാഹനം നൽകി. അഖില എന്ന കുട്ടിക്ക് കൊളത്തൂർ ബറോട്ടിയിൽ വീട് നിർമിച്ചതിൽ ഇദ്ദേഹത്തിന്റെ പിന്തുണയുണ്ടായിരുന്നു. വിരമിച്ചപ്പോൾ വിശ്രമജീവിതത്തിലേക്ക് ഒതുങ്ങിയില്ല. കൃഷിയും സേവന-സന്നദ്ധപ്രവർത്തനങ്ങളുമായി സക്രിയമായി. ടില്ലർ എത്താത്ത സ്വന്തംപറമ്പിലെ രണ്ട് വയൽ സ്വന്തം അധ്വാനത്തിലൂടെ " അദ്ദേഹം   കിളച്ചിട്ടിരുന്നു. വാഴ, നെല്ല്, പച്ചക്കറി എന്നിവ അദ്ദേഹം കൃഷിചെയ്തു. പയ്യന്നൂരിൽ എല്ലാ രണ്ടാംശനിയാഴ്ചയും നടക്കുന്ന ജൈവ പച്ചക്കറിച്ചന്തയിൽ ഇദ്ദേഹം എത്തുമായിരുന്നു . വിഷമുക്തമായ നാടൻ ചേമ്പും താളും മുരിങ്ങയിലയുമായി പാവപ്പെട്ട കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ വിരമിച്ചശേഷം സൗജന്യ ക്ലാസെടുത്തിരുന്നു. നാട്ടിൽ വായനശാല, പൊതുശ്മാശനം എന്നിവയ്ക്കും അദ്ദേഹം പ്രയത്‌നിച്ചു.   മനുഷ്യനെയും മണ്ണിനെയും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു പി.അവനീന്ദ്രനാഥ്. ചെരിപ്പിടാതെ മണ്ണിൽ ചവിട്ടി നടന്ന വിശ്രമമില്ലാതെ മണ്ണിൽ പണിയെടുത്ത് സാധാരണക്കാരുടെ ഇടയിൽ  സൗമ്യമായി പുഞ്ചിരിച്ച് നടന്നുനീങ്ങിയ മാഷിന്റെ മരണം നാടിന് വേദനയായി.. ഇംഗ്ലീഷ് ഭാഷയെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി അക്ഷീണം മുഴുകിയിരിക്കവേയാണ് അവനിമാഷിന്റെ അപ്രതീക്ഷിത വേർപാട്. കാങ്കോൽ, ആലപ്പടമ്പ ഗ്രാമപ്പഞ്ചായത്തിലെയും പയ്യന്നൂരിലെയും ഗ്രാമങ്ങളിൽ കൂട്ടായ്മകൾ സംഘടിപ്പിച്ച് ആർക്കും ലളിതമായി ഇംഗ്ലീഷ് കൈകാര്യംചെയ്യാനാവുമെന്ന് ഇദ്ദേഹം ബോധ്യപെടുത്തി..വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ ഇടയിലേക്ക് നഗ്നപാദനായി ഇറങ്ങിച്ചെന്നു. അധ്യാപകൻ,കർഷകൻ, വായനക്കാരൻ, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തകൻ, നല്ല ഭൂമി ഭക്ഷ്യസ്വരാജ് കൂട്ടായ്മ പ്രവർത്തകൻ,, പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകൻ, സിനിമയെക്കുറിച്ച് ഏറെ പഠിക്കുകയും അവഗാഹം നേടുകയും ചെയ്ത വ്യക്തി തുടങ്ങിയ വിശേഷണങ്ങൾക്കെല്ലാം അർഹനായിരുന്നു.  എവിടെയും വേറിട്ട വഴിയിലൂടെ നടക്കാനായിരുന്നു ഇദ്ദേഹത്തിനിഷ്ടം. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് സർവീസിൽനിന്ന് വിരമിച്ച ദിവസം വീട്ടിൽ കൊണ്ടാക്കാമെന്ന സഹപ്രവർത്തകരുടെ സ്‌നേഹം നിരസിച്ച് നഗ്നപാദനായി ദേശീയപാതയിലൂടെ സ്‌കൂളിൽനിന്ന് കാങ്കോലിലെ വീട്ടിലേക്ക് നടന്നെത്തുകയായിരുന്നു. ഇപ്പോഴും സ്നേഹപൂർവ്വം അനുസ്മരിക്കുന്നു ആ സ്നേഹ ഗുരുനാഥനെ .