സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം.
പ്രകൃതിസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം.
"ഇനി വരുന്നൊരു തലമുറയ്ക്ക്, ഇവിടെ വാസം സാധ്യമോ..?" നാമൊത്തിരി കേട്ടിട്ടുള്ള ഈരടിയാണിത്.നാം ജീവിക്കുന്ന ലോകത്തെ കുറിച്ചുള്ള , പ്രകൃതിയെ കുറിച്ചുള്ള വലിയ ആശങ്കയും ആകുലതകളും പങ്കുവയ്ക്കുന്ന വരികളാണിവ.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ജീവിക്കുന്ന നാം വളരെ പ്രാധാന്യത്തോടെ കാണേണ്ട വിഷയത്തിലേക്ക് ഈ വരികൾ വിരൽ ചൂണ്ടുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത് സ്വന്തം നാശത്തിന് കോപ്പു കൂട്ടുന്ന മാനവന്റെ ചെയ്തികളെ തിരിച്ചറിയാനും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കി , അതിനായി പ്രവർത്തിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മുകളിൽ സൂചിപ്പിക്കുന്ന വരികൾ ഓർമ്മിപ്പിക്കുന്നു.ഈ ഭൂമിയിൽ ഇനി വരാൻ പോകുന്ന തലമുറകൾക്കുകൂടി ഇടമൊരുക്കി വയ്ക്കേണ്ടത് ഇന്നത്തെ തലമുറയുടെ ചുമതലയാണ്.ഇന്നലകളുടെ നന്മകൾ ആസ്വദിച്ച് ഇന്ന് ജീവിക്കുന്ന നാം തന്നെയാണ് നാളേക്കുള്ള നന്മകൾ കാത്തുവയ്കേണ്ടത്.അതേ, പ്രകൃതിയെ സംരക്ഷിക്കുക എന്നത് കാലഘട്ടത്തിന്റെ അടിയന്തരാവശ്യം തന്നെയാണ്. നാം ജീവിക്കുന്ന നമ്മുടെ ഭൂമിയെ,ഈ പ്രകൃതിയെ എങ്ങനെയാണ് നാം കൈകാര്യം ചെയ്യുന്നത്...? മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പ് കഴിഞ്ഞ നൂറ്റാണ്ടിൽ എഴുതിയ'ഭൂമിക്കൊരു ചരമഗീതം'എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോട് കാട്ടിക്കൂട്ടുന്ന ക്രൂരതകളെ ക്കുറിച്ച് കരളലിയിക്കുന്ന വിധം ആവിഷ്കരിച്ചിട്ടുണ്ട്.അമ്മയായ ഭൂമി പാലമൃതൂട്ടി മക്കളായ നമ്മളെ പരിപാലിക്കുന്നു.എന്നിട്ടും ആറ്ത്തിപ്പൂണ്ട മനുഷ്യൻ അമ്മയുടെ നെഞ്ചിലെ ചുടു രക്തം കുടിക്കാൻ വെമ്പുന്നു.നൂറ്റണ്ടിനപ്പുറം കവി എഴുതിയത് കടുത്ത സത്യ മായിത്തീർന്നുവെന്ന് നാമിന്ന് ഞെട്ടലോടെ മനസ്സിലാക്കുന്നു.മലീനമാകുന്ന പുഴകൾ, വരണ്ടുണങ്ങിയ ജലാശയങ്ങൾ, ചുരുങ്ങി വരുന്ന വനങ്ങൾ,കുറഞുപോകുന്ന ഹരിതാഭകൾ, അപ്രതക്ഷ്യമാകുന്ന ജീവിവർഗങൾ-ഇതൊക്കെ ഇന്നത്തെ ദുരന്ത യാഥാർത്ഥ്യങൾ തന്നെയല്ലേ? ആരാണ് ഇതിനൊക്കെ ഉത്തരവാദി? സ്വാർത്ഥതയിൽ ആണ്ടുമുങിയ മാനവൻ തന്നെ പ്രകൃതിയെ ഒരു പേക്കോലം കണക്കേ ആക്കിത്തീർത്തത് നമ്മുടെ ഉത്തരവാദിത്തമില്ലായ്മയും അടങ്ങാത്ത ആർത്തിയും കൂടിച്ചേർന്നാണ്. രാഷ്‌ട്ര പിതാവായ ഗാന്ധിജിയുടെ വാക്കുകൾ നമുക്കിവിടെ ഓർമിക്കാം."മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം പ്രകൃതിയിലുണ്ട്; അവന്റെ അത്യാഗ്രഹത്തിനുള്ളതൊന്നും ഇല്ല താനും." അത്യാഗ്രഹങളെ സഫലീകൃതമാക്കാൻ മനുഷ്യൻ പരിശ്രമിച്ച നാൾ മുതൽ പ്രകൃതി അപമാനിതയായി; പരിസ്ഥിതി മലീമസമായി.നാനാപ്രകാരത്തിൽ മലിനീകരിക്കപ്പെടുന്ന ചുറ്റുപാടുകളിലാണ് നമ്മുടെ ഇന്നത്തെ ജീവിതം. കാടും നാടും ഒരുപോലെ അഴുക്ക് നിറഞ്ഞതായി.ഉപയോഗവും ഉപഭോഗവും വർധിച്ചു വരുന്നതിന്റെ തോതനുസരിച്ച് മലിനീകരണവും കൂടിവരുന്നു.മണ്ണും വിണ്ണും വാഴുവും വെള്ളവുമൊക്കെ വിഷയമിത്തീരുന്ന ദുരന്ത കാഴ്ചകൾ... ശുദ്ധജലവും ശുദ്ധവായുവുമൊക്കെ കിട്ടാകനികളായിത്തീരുന്നത് മനുഷ്യജീവിതത്തെ ദുസ്സഹമാക്കി മാറ്റും.എങ്കിൽ മാത്രമേ നമുക്കും വരും തലമുറകൾക്കും ഇവിടെയിനിയും ജീവിക്കാൻ കഴിയൂ.പ്റകൃതിസംരക്ഷണത്തിന്റെ അനുകൂലമായൊരു മനോഭാവം വളർത്തിയെടുക്കുകയാണ് ആദ്യപടി.ഇക്കാര്യം കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്ന കർത്തവ്യമാണെന്ന അവബോധം സൃഷ്ടിക്കണം.ഭൂമിചിന്തകനും ലോകമെമ്പാടുമുള്ള മഹാത്മാക്കളും പ്രകൃതിയെ അറിഞ്ഞാദരിക്കുകയും പ്രകൃതിയുടെ മടിത്തട്ടിൽ അഭയം നേടുകയും ചെയ്തിട്ടുള്ളവരവാണ്.ഭാരതത്തിന്റെ പാരമ്പര്യം പ്രകൃതിയെ അമ്മയായി കണ്ടിരുന്നതാണ്. മരം മുറിക്കുമ്പോഴും വീട് ഉണ്ടാക്കുമ്പോഴും ഒക്കെ പ്രകൃതിയോട് അനുമതി തേടുന്ന പ്രാർത്ഥനകൾ നമ്മുടെ പൂർവ്വികർ ഉരുവിട്ടിരുന്നു. 'കല്ലൻ പൊക്കുടൻ','മയിലമ്മ' ഒക്കെ നമുക്ക് മാർഗദീപമാണ്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായുള്ള കർമ്മപരിപാടികൾ ഏറ്റെടുത്തു നിർവഹിക്കുമ്പോഴാണ് പ്രകൃതിയെ നമുക്ക് സജീവമായി നിലനിർത്താൻ കഴിയുന്നത്.രണ്ട് തലങ്ങളിൽ നമുക്കിത് നിർവഹിക്കാൻ കഴിയും.ഒന്നാമതായി പ്രകൃതിക്ക് നാശം സംഭവിക്കാൻ ഇടയുള്ള യാതൊന്നും ചെയ്യാതിരിക്കുക. പ്രകൃതിയെ മലിനമാക്കാതെ സൂക്ഷിക്കുക.മാലിന്യങൾ വെലിച്ചെറിയാൻ പാടുള്ളതല്ല. എന്റെ കരങ്ങൾ വഴി ഒരു ജലാശയവും മലിനമാക്കപെടുകയില്ല എന്ന് ഓരോ പൗരനും തീരുമാനം എടുക്കണം.നാമോരോരുത്തരും ജീവിക്കുന്ന ചുറ്റുപാടുകളിൽ പ്രകൃതി സൗഹൃദപരമായ നിലപാടുകൾ കൈക്കൊള്ളുക എന്നതിലാണ് കാര്യം. രണ്ടാമത്തെ തലം പ്രകൃതിയെ സുന്ദരമാക്കാനും മെച്ചപ്പെടുത്താനുമുള്ള പരിശ്രമങ്ങളിൽ പങ്കാളിയാവുക എന്നതാണ്.ഒരു പൂച്ചെട്ടി നട്ടു പരിപാലിക്കുന്നതും ഒരു വൻ മരത്തിന്റെ ചെറുതൈ കുഴിച്ചുവയ്ക്കുന്നതുൾപ്പെടെ എത്ര കാര്യങ്ങളുണ്ട് നമ്മുടെ മുന്നിൽ..... വ്യക്തിപരവും സാമൂഹ്യവുമായും നമുക്ക് പ്രകൃതിസംരക്ഷണത്തിനായി പരിശ്രമിക്കാം.... പ്രകൃതി സംരക്ഷണത്തിന്റെ കരുത്തുറ്റ പാഠങ്ങൾ നമുക്ക് നെഞ്ചിലേറ്റാം........ നല്ല പ്രവർത്തനങ്ങൾ ചെയ്ത് സമൂഹത്തിൽ നമ്മളൊരു മാതൃകയാകട്ടെ...........
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |