എൻ വനികയെല്ലാം അതിഥികളാം മധുപങ്ങളാൽ നിറഞ്ഞിരിക്കുന്നു
തേനാകുന്ന മധുരത്തിലാറാടിയെൻ പൈതലുകൾ രസിച്ചിടുന്നു
മരതകവനിയിൽ നിന്ന് അനുസ്യൂതം കളഗാനം മുഴങ്ങുന്നു
നിർമ്മല ധവള പ്രയാണം ആത്തമോദത്താൽ തുടരുന്നു
മാകന്ദം പൂത്തപ്പോൾ മാരുതൻ വന്നല്ലോ തവ കേളിയിലേർപ്പെടാൻ
പാതിരാവെട്ടത്ത് പൗർണ്ണമിത്തിങ്കളുദിച്ചല്ലോ താരോദ്യാനത്തെയുണർത്തുവാൻ
മന്നിൻ പുളകമെന്നിലല്ലോ മന്ദമണഞ്ഞു ഞാൻ പ്രകൃതിയായി
കനകമണിഞ്ഞ ചക്രവാളം സ്വച്ഛാബ്ധി തേടി യാത്രയായി
പറയുവാനിനിയും ബാക്കിയാണെൻ മഹിതാഭ ചൊരിയും ചാരുമുഖം
പരിച്ചേലും അനന്തമാം മമ വിഹായസ്സ് ചൊല്ലീടും ആത്തമോദം
എവിടെയെൻ മജ്ഞിമ, മഹിതാഭ ?
എവിടെയെൻ കളഗാനം ,കളനാദം?
അസുലഭമാമെൻ വിമല സദനമഖിലം വിഷമയം
എൻ മജ്ഞിമ ഉന്മാദോത്മകം
എൻ ഗർജനം ഭീകരാരവം വിഹായുസ്സിനെ കരിവാനമാക്കിയതും നീ
ആഴിവീചിയെ സ്വച്ഛാബ്ധിയാക്കുന്നതും നീ
സ്നേഹത്താൽ അലയടിക്കുവാൻ നിർന്നിമേഷയായി നിൽപ്പൂ ഞാൻ നിൻ മുമ്പിൽ
പാരിൻ അമ്മയായി ആർദ്രമാം നയനങ്ങളാൽ നിൽപ്പൂ ഞാൻ നിൻ മുമ്പിൽ