സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പ്രകൃതി പാഠങ്ങൾ

അതിജീവനത്തിന്റെ പ്രകൃതി പാഠങ്ങൾ

പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. ഭാവി തലമുറയ്ക്കായി നാടിന്റെ നന്മയെ കാത്തു സൂക്ഷിക്കുവാനുള്ള മഹത്തായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ശുചിത്വം,ജൈവ പച്ചക്കറി വികസനം,ജലസംരക്ഷണം തുടങ്ങിയവ പ്രാദേശിക തലത്തിൽ ഉറപ്പാക്കണം. പരിസ്ഥിതിയ്ക്ക് ഒരു പരിഗണനയും നൽകാതെ നമുക്കാവശ്യമല്ലാത്തതെന്തും വലിച്ചെറിയുന്ന സംസ്കാരം സൃഷ്ടിച്ചെടുത്ത മാലിന്യക്കൂമ്പാരങ്ങൾ നാടിനു നൽകിയത് ജീവനെടുക്കുന്ന പകർച്ചവ്യാധികളാണ്. ഈ സാഹചര്യത്തിൽ "മാലിന്യത്തിൽ നിന്നു൦ സ്വാതന്ത്ര്യം" എന്ന വിപുലമായ പരിപാടി നഗരസഭ/പഞ്ചായത്ത്കളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

പ്ലാസ്റ്റിക് വസ്തുക്കളും മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്ന മെറ്റീരിയൽ കളക്ഷൻ സംവിധാനങ്ങളും പ്ലാസ്റ്റിക് പൊടിക്കുന്ന റിസോഴ്സ് റിക്കവറി സംവിധാനങ്ങളും ഇപ്പോൾ നിലവിലുണ്ട്. ശുചിത്വത്തിന്റെ പുതിയ സംസ്കാരം സൃഷ്ടിയ്ക്കുകയെന്നത് എളുപ്പമല്ല. നമ്മുടെ കാലങ്ങളായുള്ള ശീലങ്ങളും ഉപഭോഗരീതികളും മാറണം. നിരവധി ഉൽസവങ്ങളു൦ പെരുന്നാൾ ആഘോഷങ്ങളുമടക്കം എല്ലാ പ്രധാന അവസരങ്ങളും ഹരിത ചട്ടം പാലിച്ചുകൊണ്ട് നടപ്പാക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.

44 നദികളുടെയും എണ്ണമറ്റ നീർച്ചാലുകളുടേയും കിണറുകളുടെയുമെല്ലാം ജലസമൃദ്ധി പഴങ്കഥയാകുമെന്ന ആശങ്കയുണ്ട്. തദ്ദേശസ്ഥാപനങ്ങൾ,പരിസ്ഥിതി സംഘടനകൾ,രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങൾ,വിദ്യാലയങ്ങൾ എന്നിങ്ങനെ എല്ലാ മണ്ഡലങ്ങളിലുമുള്ളവർ ജലസ്രോതസ്സുകളെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും തരിശ് ഭൂമിയിൽ വ്യാപകമായി നെൽകൃഷി ആരംഭിച്ചിട്ടുണ്ട്. ഓരോ നാടിന്റെയും പേരുകളിൽ ഉൽപ്പാദിപ്പിക്കുന്ന അരി മലയാളിയുടെ അഭിമാനമാണ്.

മൂന്നു കോടിയോളം ഫലവൃക്ഷ തൈകൾ ഉൽപ്പാദിപ്പിക്കുകയു൦ പരിസ്ഥിതി ദിനത്തിൽ വ്യാപകമായി നടുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇത് കാലാവസ്ഥ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കും. "പ്രകൃതി വിഭവങ്ങളും സംരക്ഷണവും, പരിസ്ഥിതിയുടെ സുസ്ഥിരതയും" രാഷ്ട്രീയ വിഷയങ്ങൾ കൂടിയാണ്. പ്രകൃതിക്കുമേൽ സമാനതകളില്ലാത്ത ചൂഷണം അടിച്ചേൽപ്പിക്കുമ്പോൾ "പ്രകൃതി വിഭവങ്ങൾക്കുമേൽ എല്ലാവരും അവകാശികളാണ്" എന്ന ആശയമാണ് ഉയർന്ന് വരേണ്ടത്. എന്നാൽ മാത്രമേ നമുക്ക് അതിജീവനത്തിനായി വരും നാളുകളിലു൦ പ്രകൃതിയെ ആശ്രയിക്കാനാവൂ...

പ്രകൃതി പ്രതിരോധത്തിന്റെ നല്ല നാളയെ നമുക്ക് പ്രത്യാശിക്കാ൦...


അതിജീവനത്തിനായി ജൈവവൈവിധ്യത്തിന്റെ പച്ചത്തുരുത്ത്.

ബിനോയ്‌. S
10 A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം