സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്/അക്ഷരവൃക്ഷം/സ്‌ത്രീ……......ദേവി
സ്‌ത്രീ……......ദേവി
പ്രഭാതസൂര്യതേജസ് പുൽനാമ്പിലെ മഞ്ഞുതുള്ളിയിലൂടെ നെഞ്ചേറ്റി ബാലസൂര്യനെപ്പോലെ ഉത്സാഹഭരിതയായി വാർധക്യത്തിലും കുട്ടിത്തത്തിന്റെ ഉന്മേഷം സ്വന്തമാക്കിയ മീര വീടിന്റെ കിഴക്കേ കോലായിയിൽ ഇരുന്നു. ഈശ്വരൻ തനിക്കായി നൽകിയ എല്ലാവരെയും താലോലിച്ച ആ കൈവിരലുകളുടെ നിഴൽ മുന്നിലിരുന്ന കടലാസിൽ പതിഞ്ഞപ്പോൾ മനസിലുള്ള നല്ല നിമിഷങ്ങളുടെ നിഴലുകൾ ......തന്നെ മുന്നോട്ടു നയിക്കുന്ന നിഴലുകൾ കടലാസിൽ നിറയുന്നതായി അവളറിഞ്ഞു. ജീവിതത്തിൽ തിരക്കേറിയ ദിനങ്ങൾ .......കൃത്യതയുടെ പാഠങ്ങൾ പകർന്നു നൽകുകയും ,ജീവിതത്തിലെന്തിനേയും ഇഷ്ടപ്പെട്ട് നേടിയെടുക്കാൻ പ്രാപ്തിയേകുകയും ,കടമകൾ സന്തോഷത്തോടെ നിർവ്വഹിച്ചു മാതൃകയായ അച്ഛനുമമ്മയും ......അക്ഷരവെളിച്ചതോടൊപ്പം പ്രാർത്ഥനാചൈതന്യമേകുകയും, ഉള്ളതിൽനിന്നും പങ്കുവെച്ചു ഇല്ലായ്മവല്ലായ്മകൾക്കു സാന്ത്വനമേകാൻ പ്രചോദനമേകുകയും ഇന്നും അറിവിനായി തിരയുന്ന മനസ്സേകിയ ഗുരുക്കന്മാർ .....അടിപിടി കൂടിയാലും കള്ളപ്പുഞ്ചിരിയോടെ അടുത്തുകൂടി ഒരുമയുടെ വിത്തുകൾ മനസ്സിൽ വിതച്ച ചങ്ങാതിമാർ .......എല്ലാമെല്ലാം തന്നെ ഇന്നിൻെറ നന്മകളിലേക്ക് നയിച്ച ദിനങ്ങൾ…….. കുടുംബം ,ജോലിത്തിരക്കുകൾ ........ എന്തു നെട്ടോട്ടമായിരുന്നു . ഇന്ന് അടച്ചു പൂട്ടലിന്റെ ബന്ധനങ്ങൾക്കിടയിൽ ഒതുങ്ങേണ്ടി വന്നപ്പോഴും അവൾ സന്തോഷിച്ചു . ദൈവം തന്ന ഈ ദിനങ്ങളിൽ എന്തുമാത്രം കാര്യങ്ങൾ ചെയ്യാൻ അവസരം ലഭിച്ചു . പ്രാർത്ഥിക്കാൻ നേരമില്ലാതിരുന്ന ദിനങ്ങൾ .....യാന്ത്രികമായിരുന്ന കുടുംബബന്ധങ്ങൾ ....അയൽബന്ധങ്ങൾ ......അറിയാതെ മീരയുടെ കണ്ണുകൾ നിറഞ്ഞു .അടച്ചുപൂട്ടലിൽ ഇതെല്ലാം തിരികെ നേടിയെടുക്കാൻ സാധിക്കുമല്ലോ എന്നോർത്തപ്പോൾ മീരയെന്ന വയോധികയുടെ കണ്ണുകൾ തിളങ്ങി .തന്നിൽനിന്നും നീങ്ങിനീങ്ങി പോകുന്ന ഇളംവെയിലിൻ്റെ പ്രകാശംപോലെ മാറിമറിഞ്ഞുവരുന്ന ഏതു സാഹചര്യത്തെയും ഈശ്വരദാനമായി സ്വീകരിക്കാനുള്ള ശുഭചിന്തയോടെ സ്ത്രീജന്മത്തിന്റെ ഉത്തരവാദിത്വങ്ങളെ നെഞ്ചോടുചേർത്ത് പ്രഭാതരശ്മികളുടെ അർത്ഥവത്തായ തീവ്രതയിലൂടെ ഇന്നും തന്നെയുണർത്തിയ ഈശ്വരചൈതന്യത്തിനുമുമ്പിൽ മീരയെന്ന സ്ത്രീ മന്ദസ്മിതത്തോടെയിരുന്നൂ .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |