വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

ലോകം ഇനി എങ്ങോട്ട് ?


"ലോകത്തിന്റെ ഗതി ഇനി എങ്ങോട്ട്...... ഈ ചോദ്യത്തിന് ഉത്തരവും തേടി അലയുകയാണ് ലോകജനത.ദൈവത്തിന്റെ കണ്ണുകളിലേക്ക് നോക്കി മനുഷ്യർ ഈ ചോദ്യം ഉന്നയിക്കുന്ന നാളുകളാണിത്.മറ്റേതോ ഒരു രാജ്യത്തിൽ ഉളവായി വന്ന ഒരു കുഞ്ഞു വൈറസ് ഇപ്പോൾ ലോകം മുഴുവൻ കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്.നമ്മുടെ ഈ കൊച്ചു സുന്ദരമായ കേരളവും ഇപ്പോൾ ആ വൈറസിന്റെ വലയത്തിനുള്ളിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ്.ഈ വൈറസ് വലിയൊരു അപകടകാരി അല്ലാതിരുന്നിട്ടു കൂടിയും ഞാനും നിങ്ങളും ഉൾപ്പെടുന്ന ഈ മനുഷ്യ സമൂഹത്തിന്റെ അശ്രദ്ധമായ ചില പ്രവർത്തികൾ മൂലമാണ് ഈ വൈറസ് ഇത്രയേറെ മാരകമായി മാറിയത്.
 മുഖ്യമായും നമ്മുടെ ശ്വാസനാളിയെയാണ് ഈ വൈറസ് ബാധിക്കുന്നത്.ജലദോഷവും,വരണ്ടചുമയും,പനിയുമാണ് ഈ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ.രോഗം ഗുരുതരമാവുകയാണെങ്കിൽ അത് ചിലപ്പോൾ മരണത്തിലേക്കുവരെ നയിക്കും. പക്ഷേ നമ്മൾ അമിതമായി ആശങ്കപ്പെടേണ്ടതില്ല.പക്ഷേ കനത്ത ജാഗ്രത അത്യാവശ്യമാണ്.
 മറ്റ് വൈറസുകളെ അപേക്ഷിച്ച് ഈ വൈറസുകളുടെ വലുപ്പം കൂടുതലായതുകൊണ്ടും അന്തരീക്ഷത്തിൽ പറന്നു നടക്കുവാനുള്ള സാധ്യത ഇല്ലാഞ്ഞതുകൊണ്ടും ഇത് മനുഷ്യശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതിന് സാധ്യത വളരെ കുറവാണ്. ആരോഗ്യമുള്ളവരിൽ ഈ കൊറോണ വൈറസ് അത്രയധികം അപകടകാരിയല്ല.എന്നാൽ പ്രതിരോധ അവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും.........കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാനുള്ള മരുന്നു കണ്ടെത്തിയിട്ടില്ലെങ്കിലും രോഗലക്ഷണങ്ങളിൽ അടിസ്ഥാനത്തിലുള്ള ചികിൽസയാണ് എല്ലാടവും നൽകിക്കൊണ്ടിരിക്കുന്നത്.
 മനുഷ്യന്റെ ഉള്ളിലെ ഭയമാണ് കൂടുതലായും അവനെ ആപത്തിലേക്ക് നയിക്കുന്നത്.ഒരു വ്യക്തിക്ക് ഈ രോഗം ബാധിക്കുകയാണെങ്കിൽ താൻ മരിക്കുമോ എന്ന ഭയം അവനെ കൂടുതൽ തള‍‍‍ർത്തുന്നു. അത് രക്തസമ്മർദ്ദത്തിന്റെ അളവിനെ ക്രമാതീതമായി ഉയർത്തുകയും അത് മരണം സംഭവിക്കാനുള്ള കാരണമാകുകയും ചെയ്യും.
"അതുകൊണ്ട് ഈ അസുഖം ബാധിച്ച വ്യക്തികളാണെങ്കിലും മറ്റ് വ്യക്തികളാണെങ്കിലും തന്റെ ഉള്ളിലെ ഭയത്തെ പുറന്തള്ളേണ്ടത് അത്യന്താപേക്ഷിതമാണ്".
 ഈ അസുഖം ബാധിച്ച വ്യക്തി തുമ്മുമ്പോഴോ,ചുമയ്ക്കുമ്പോഴോ സ്രവങ്ങളുടെ തുള്ളികൾ പുറത്തേക്കു തെറിക്കും.ഇതിൽ ആ അപകടകാരി പതിയിരിപ്പുണ്ടാകും.ഇത് അയാളുടെ അടുത്ത് നിൽക്കുന്ന വ്യക്തിയിലേക്കോ,പ്രതലത്തിലേക്കോ പറ്റിപ്പിടിക്കും.അതുകൊണ്ട് എപ്പോഴും വ്യക്തികളുമായി അകലം പാലിക്കുക. വീട്ടുകാരിൽ നിന്നുപോലും....കാരണം ഈ വൈറസ് നമ്മുടെ ഉള്ളിലുണ്ടെങ്കിൽ പോലും അത് ചിലപ്പോൾ തിരിച്ചറിയുന്നത് വൈകിയായിരിക്കും.പക്ഷേ ആ സമയം കൊണ്ട് നമ്മൾ അത് നമ്മുടെ കുടുംബാംഗങ്ങൾക്കും മറ്റുള്ളവരിലും എത്തിക്കും.അതുകൊണ്ട് എപ്പോഴും ഒരു തൂവാല കൊണ്ട് മുഖം മറയ്ക്കുകയാണെങ്കിൽ അത് നമ്മളിൽ നിന്നും മറ്റുള്ളവരിലേക്കോ അവരിൽ നിന്ന് നമ്മളിലേക്കോ കടന്നു കയറുന്നത് പരമാവധി കുറയ്ക്കാൻ സാധിക്കും.
 കൊറോണ ബാധിതർ തുമ്മുമ്പോഴോ,ചുമയ്ക്കുമ്പോഴോ അവരുടെ ഉള്ളിൽ നിന്ന് തെറിക്കുന്ന കണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വൈറസുകൾ അന്തരീക്ഷത്തിൽ പറന്നു നടക്കുകയില്ല.അത് ഏതെങ്കിലും പ്രതലത്തിൽ പറ്റിപ്പിടിച്ചിട്ടുണ്ടാവും.അതറിയാതെ മറ്റുള്ളവർ ആ പ്രതലങ്ങളിൽ സ്പർശിക്കുമ്പോൾ അത് അവരുടെ കൈകളിലേക്ക് കടന്നു കയറും. അതുകൊണ്ട് കൈകളെപ്പോഴും ഇടവിട്ട് സോപ്പുവെള്ളം കൊണ്ടോ,ആൽക്കഹോളിന്റെ അംശം കൂടുതലുള്ള സാനിറ്റൈസറുകൾ കൊണ്ടോ,ഹാൻഡ് വാഷ് കൊണ്ടോ കൈകൾ വൃത്തിയായി കഴുകണം. രോഗികൾ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുകയും അവർ സഞ്ചരിച്ചയിടങ്ങളിൽ കടന്നുപോകാതിരിക്കുകയും ചെയ്യുന്നത് ഈ വൈറസിനെ നിയന്ത്രിക്കാൻ സഹായകമാകും.
 ഭയത്തിനു പകരം നാം അതീവ ജാഗ്രതയാണ് വച്ചു പുലർത്തേണ്ടത്.നമ്മുടെ അശ്രദ്ധ ചിലപ്പോൾ വരുംതലമുറയെപ്പോലും ഇല്ലാതാക്കിയിരിക്കും. അതിനാൽ നാം ഒത്തൊരുമിച്ച് നിന്നുകൊണ്ട് സർക്കാരിന്റെ നിയന്ത്രണങ്ങൾ പാലിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ കൊറോണ എന്ന മഹാ വിപത്തിനെ നമുക്ക് തുരത്തുവാൻ സാധിക്കും.

സൂര്യകാന്തി എസ്
7 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം