മേടപ്പുലരിയെമോഹിച്ചു നിന്നൊരാമർത്യനു
നൽകി നീ കൈനീട്ടം സംഹാരമായ്
സ്വർണ്ണപ്പട്ടാർന്നോരാ നവചേല ചുറ്റിയവൾ
നിൽക്കുന്നു വധുവെപ്പോൽ
ആരാരും കാണാതെ ആരാരും നോക്കാതെ
പുതിയൊരാക്കോടികൾ ചലനമറ്റിരിക്കുന്നു
വർണ്ണമാം വൈവിദ്ധ്യം ചാർത്തേണ്ടനാൾ
കൊയ്തൊരാ വിയർപ്പുകൾ ആവിയായി മായുന്നു
വിജനമാം വീഥികൾ നിദ്രയിൽ നീളുന്നു
കാരാഗ്രഹം പോലെ നീങ്ങുന്നു
കാലങ്ങൾ കാതങ്ങൾ
താണ്ടാതെ കാതോർത്തിരിക്കാതെ
നീ നൂറ്റ നൂലിൽ കുരുങ്ങിയിട്ടുറ്റുറ്റു-
വീഴുന്ന ദളങ്ങളോ നാം അതോ
കലുഷമാം കർമത്തിൻ ഫലമായി-
ലഭിച്ചൊരു ദണ്ഡമോ
വിതച്ചു നീ വിനാശം തീജ്വാല കത്തുമ്പോൽ
വെന്തുരുകുന്നു അഗ്നിയിൽ
ചാരമായ് പൊഴിയുന്നു വ്രണിതമാം ജീവിതം
ജ്വലിക്കട്ടെയെന്നൊരാ പ്രത്യാശ മേഞ്ഞുകൊണ്ടുറങ്ങട്ടെ ഞാനിനി.........