മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/നിസ്സംഗത
നിസ്സംഗത
അപ്രതീക്ഷിതമായ വാർത്തയായിരുന്നു അത്. ഇന്ന് തന്നെ എല്ലാവരും വീട്ടിൽ പോകണം എന്ന് ക്ലാസ്സ് അദ്ധ്യാപകൻ വന്ന് പറഞ്ഞപ്പോൾ എല്ലാവരും ആർത്തുല്ലസിക്കുകയായിരുന്നു.എന്നാൽ ജനാലക്കരികിൽ അവസാനത്തെ ബെഞ്ചിൽ ചുമരിനോട് തല ചായ്ച്ച് ഞാൻ ഇരിപ്പുറപ്പിച്ചു.കണ്ണുകൾ നിറയുന്നത് മറ്റു കുട്ടുകാരെയോ ക്ലാസ്സ് അധ്യാപകനേയോ കാണിച്ചില്ല. എല്ലാവരും ആവേശത്തോടെ പുസ്തകക്കെട്ടുകൾ അടുക്കിവെയ്ക്കുമ്പോൾ വെറുതേ പുറത്തേക്ക് ഒന്നു നോക്കി. സൂര്യൻ ഭൂമിയുടെ അടുത്തെത്തി എന്നു തോന്നുമാറ് ചൂട് പുറത്ത് തളം കെട്ടി നിൽക്കുന്നു .ആ പൊരിവെയിലിൽ കോറിയിൽ ജോലി ചെയ്യുന്ന അമ്മയുടെ മുഖം തെളിഞ്ഞു വന്നു. കൂട്ടത്തിൽ വീട്ടിൽ വാവിട്ടു കരയുന്ന അനിയത്തിക്കുട്ടിയേയും, അനിയൻമാരേയും ഓർക്കാതിരുന്നില്ല. എന്തൊക്കെയോ പലരും പറയുന്നു. കൊറോണ എന്ന മഹാമാരി കാരണമത്രേ സ്കൂൾ അടയ്ക്കുന്നത് .ക്ലാസ്സ് മുറി നിശബ്ദമായി .എല്ലാവരും ലെഗേജുമായി നടന്നകന്നു. ഞാൻ സ്ക്കൂൾ ഗേറ്റിനടുത്തെത്തി. മനസ്സിൽ നിസ്സംഗത തളം കെട്ടി നിൽക്കുന്നു. ഇനി ഒരു തിരിച്ചു വരവ് ആലോചിച്ചപ്പോൾ കണ്ണുകൾ വീണ്ടും നിറയാതിരുന്നില്ല. തിരിച്ചു വന്നാലോ രണ്ടോ, മൂന്നോ ദിവസം അത്ര തന്നെ ...... ചിന്തകർക്കിടയിൽ ആളുകളെ കുത്തിനിറച്ച ലൈൻ ബസ് വന്നു. ക്ലീനർ പിറു പിറുക്കുന്നത് ഞാൻ ഗൗനിച്ചില്ല. അധികം താമസിയാതെ വീട്ടിലെത്തി. അനിയത്തി ക്കുട്ടിയും, അനിയൻമാരും ഓടി വന്ന് കെട്ടിപ്പിടിച്ചു. കയ്യിലുണ്ടായിരുന്ന നാരങ്ങാ മിഠായി അവർക്ക് സമ്മാനിച്ചു. ആർത്തിയോടെ അവർ അത് തിന്നുന്നത് കണ്ടപ്പോൾ എന്റെ എല്ലാ സങ്കടങ്ങളും മറച്ചു വക്കാൻ ഞാൻ പാടുപെട്ടു. അമ്മയും, അച്ഛനും ജോലി കഴിഞ്ഞ് എത്തിയിട്ടില്ല. അടുക്കളയിലേക്ക് നടന്നകന്നു. ഓരോ പാത്രങ്ങളും തുറന്നപ്പോൾ പ്രതീക്ഷകളൊന്നും തന്നെ ഇല്ലായിരുന്നു. സമയം സന്ധ്യയോടടുത്തു. കുളി കഴിഞ്ഞു വന്ന് വിളക്കു വെച്ചപ്പോൾ അമ്മ ജോലി കഴിഞ്ഞു വന്നു. വെയിൽ കൊണ്ട് വിളറിയ ആ മുഖത്ത് പ്രതീക്ഷയുടെ നാമ്പുകൾ പൊട്ടി വിടരുന്നത് അനിയത്തിക്കും ,അനിയൻമാർക്കും ആശ്വാസമേകി .അമ്മ എന്നെ അടുത്ത് വിളിച്ചു.പറഞ്ഞു "സ്ക്കൂളും പൂട്ടീലെ ... നാളെ മുതൽ എന്താ ചെയ്യാ വീട്ടിൽ നിന്നും പുറത്തു പോകാൻ പാടില്ലാത്രെ" അമ്മ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയിട്ടു തന്നെ ഞാൻ അകത്തേക്ക് നടന്നു .മുറിയിൽ നേരിയ വെളിച്ചമുണ്ടെങ്കിലും അത് കൂരിരുട്ടായി തോന്നി.ആ കൂരിരുട്ടിലും പിച്ചവെക്കുന്ന അനിയൻമാരേയും അനിയത്തിക്കുട്ടിയേയും എനിക്ക് കാണാമായിരുന്നു.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |