ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/കൊറോണ ഒരു പാഠപുസ്തകം

കൊറോണ ഒരു പാഠപുസ്തകം

കൊറോണ അഥവാ "കോവിഡ്- 19." ഈ വൈറസ് വ്യാപനം ഒരു പഠനവിഷയമാണോ? നാം ചിന്തിക്കേണ്ട വിഷയമാണ്. ഇത് പ്രകൃതി കരുതി വെച്ച പ്രതികാരം! മനുഷ്യൻ മതിമറന്ന് പ്രകൃതിയെ ചൂഷണ പൊരുളാക്കിയതിന് പ്രകൃതിയുടെ പ്രതികാരം. ലോക രാഷ്ട്രങ്ങൾ പോലും പകച്ച് നിന്ന മഹാവിപത്ത്, ബന്ധങ്ങൾ പോലും ബന്ധനങ്ങളാവുന്ന; മനുഷ്യർ പരസ്പരം കാണാൻ കൊതിക്കുന്ന കുറേ ദിവസങ്ങൾ അങ്ങിനെ പ്രകൃതി അതിന്റെ മധുര പ്രതികാരം നടപ്പിലാക്കി കൊണ്ടേ ഇരിക്കുന്നു. പലപല പാഠങ്ങൾ പഠിച്ചിട്ടും അതിൽ നിന്നൊന്നും പഠിക്കാത്ത മനുഷ്യവർഗ്ഗം. ഞാനുൾപ്പെടുന്ന ഈ സമൂഹത്തിന്റെ ഈ നിസ്സംഗ മനോഭാവമാണ് എന്നെ അതിശയപ്പെടുത്തുന്നത്. സഹജീവികളോട് കരുണ കാണിക്കാതെ തന്റെ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന നമ്മെയാണ് സാമൂഹിക ജീവിയെന്ന് വിളിക്കുന്നത്. നമ്മെ ഏറെ ചിന്തിപ്പിക്കുന്ന കുറേ കാര്യങ്ങൾ ഈ വൈറസ് നമ്മെ പഠിപ്പിച്ചു; ഒന്ന്, ദിവസങ്ങളോളം പുറത്തിറങ്ങാതെ വീട്ടിൽ അടച്ചിരിക്കുക എന്നത് ഒരിക്കലും പ്രായോഗികമാവില്ല എന്ന മാനുഷിക ചിന്തയെ പ്രായോഗികമാക്കാൻ പഠിപ്പിച്ചു. രണ്ട്, ആഡംഭരങ്ങൾ ഒഴിവാക്കി കല്യാണങ്ങൾ പോലുള്ള ചടങ്ങുകൾ നടത്തുവാൻ നമ്മെ നിർബന്ധിതരാക്കി. മൂന്ന്, മതപരമായ ആചാരാനുഷ്ഠാനങ്ങൾ ലളിതമായി നടത്തുവാൻ കഴിയുമെന്ന് ഓർമ്മിപ്പിച്ചു. നാല്, പഴമകൾ വെറും പാഴ് മൊഴികൾ മാത്രമല്ല അത് തനതായസംസ്കാരത്തേക്കാളുപരി ഒരു തരത്തിലുള്ള ആരോഗ്യപരിപാലനമാണെന്ന് കാണിച്ചു തന്നു. ഇങ്ങനെ ഒട്ടേറെ പഠിപ്പിക്കലുകൾ കാലം സമ്മാനിച്ചിട്ടും നാം ഒന്നും തന്നെ പഠിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഒരു സാംക്രമിക വിപത്തിന് ലോക രാഷ്ട്രങ്ങളെയെല്ലാം അതിന്റെ പൈശാചിക വക്രദൃഷ്ടിയുടെ ചുഴിയിൽ ചുഴറ്റി എറിയുവാൻ സാധിച്ചു. ഏതൊരു പ്രതിസന്ധിയേയും മറികടക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് കാലമെത്ര മാറിയാലും നമ്മുടെ മനസ്സിലെവിടെയോ അവശേഷിക്കുന്ന മനുഷത്വം നഷ്ട്ടപ്പെടാത്തതു കൊണ്ട് മാത്രമാണ്. തങ്ങളുടെ ജീവൻ പോലും നഷ്ടപ്പെടുമെന്ന പൂർണ്ണ ബോധ്യമുണ്ടായിട്ടും, തങ്ങളുടെ സേവനത്തിൽ ഒരു തരിമ്പുപോലും വിട്ടുവീഴ്ച്ച ചെയ്യാത്ത ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ തുടങ്ങിയ സന്നദ്ധ സേവകർ; നാം നാടിനും നാട്ടുകാർക്കും ഉപകാരപ്പെടില്ലെന്ന് മുദ്രകുത്തിയ ഒരു പറ്റം ചെറുപ്പക്കാർ; വിശക്കുന്നവയറിനെ കാണാതെ പായുന്ന ഈ മാനവലോകത്തിൽ വിശപ്പിന്റെ വിലയറിഞ്ഞ് സഹായിക്കുന്ന മറ്റൊരു കൂട്ടർ; "ഭയമല്ല വേണ്ടത്: ജാഗ്രതമതി"എന്ന് വ്യക്തത നൽകുന്ന ഭരണവർഗ്ഗം ഇങ്ങനെയുള്ള ഒരു പറ്റം ആളുകൾ ഒരു വശത്ത്; അതേ സമയം എന്തിനും പുറം തിരിഞ്ഞു നിൽക്കുന്ന പരിഷ്കൃതരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അപരിഷ്കൃതവർഗ്ഗം മറുവശത്ത്. എന്തൊക്കെ പറഞ്ഞാലും പാഠങ്ങൾ പഠിക്കുന്ന സമയത്ത് മാത്രം ഓർക്കുകയും, അത് കഴിഞ്ഞ ഉടൻ തന്നെ അതിനെ മറക്കുകയും ചെയ്യുന്ന ശൈലിയാണ് നമ്മുടേത്. എന്നാൽ ഈ ഒരു പാഠഭാഗമെങ്കിലും അങ്ങനെ ആ വരുതേയെന്ന് നമുക്ക് പ്രത്യാശിക്കാം..............!

അബിയ എം സാമുവൽ
10 ഡി ബി സി ജി എച്ച് എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം