ബി സി ജി എച്ച് എസ് കുന്നംകുളം/അക്ഷരവൃക്ഷം/ഒരു തേനീച്ചയുടെ കഥ

ഒരു തേനീച്ചയുടെ കഥ

കാട്ടിനുള്ളിലെ പാറക്കെട്ടിനുള്ളിലാണ് ആ തേനീച്ചക്കോളനി സ്ഥിതി ചെയ്തിരുന്നത് . വേനൽകാലമായത്തോടു കൂടി തേനീച്ച കോളനിയിലെ ഭക്ഷ്യ ശേഖരത്തിൽ കുറവു വന്നതായി റാണി തേനീച്ച മനസ്സിലാക്കി. എല്ലാ വേലക്കാരി തേനീച്ചകളേയുo അടിയന്തരമായി റാണി അന്തപുരത്തിലേക്ക് വിളിപ്പിച്ചു. " പ്രിയപ്പെട്ട പ്രജകളെ നിങ്ങൾ ശേഖരിച്ചു കൊണ്ടുവരുന്ന തേനിൽ വളരെയധികം കുറവു വന്നിട്ടുണ്ടല്ലോ. എന്താണ് ഇതിനു കാരണം? " റാണി തിരക്കി. " റാണീ, മരങ്ങളിലും ചെടികളിലും പൂക്കൾ നന്നേ കുറവാണ്. ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങൾ പരിശ്രമിക്കുന്നുണ്ട് " അവർ പറഞ്ഞു . "നിങ്ങൾ ഈ ചുറ്റുവട്ടത്തു നിന്നു മാത്രം തേൻ ശേഖരിക്കാതെ അകലെയുള്ള പ്രദേശങ്ങളിലേക്കും പോയി തേൻ ശേഖരിക്കുക. ഇന്നു നിങ്ങൾ കുറച്ചു തേൻ മാത്രമേ കൊണ്ടു വന്നൂ എന്നുണ്ടെങ്കിൽ നിങ്ങൾക്കെതിരെ ഞാൻ കർശന നടപടി എടുക്കുന്നതായിരിക്കും " റാണി ദേഷ്യപ്പെട്ടു." റാണിയുടെ ആജ്ഞ പോലെ " അവർ തേൻ ശേഖരിക്കാൻ പുറപ്പെട്ടു." ഇന്നു നമ്മൾക്ക് കാടിന്റെ കുറുകെയുള്ള പുഴയുടെ അപ്പുറത്തെ ചെമ്പകകാട്ടിലേക്ക് പോകാം. അവിടെ കുറെ കാട്ടുചെമ്പകങ്ങളും കാട്ടുഞാവലുകളും ഉള്ളതായി ഞാൻ കേട്ടിട്ടുണ്ട്. ഇന്നു നമ്മൾക്ക് അവിടെ പോയി തേൻ ശേഖരിക്കാം" കൂട്ടത്തിലെ മുതിർന്ന തേനീച്ച മറ്റുള്ളവരോടായി പറഞ്ഞു.

അവർ പുതിയ പ്രതീക്ഷകളുമായി ചെമ്പക കാട്ടിലേക്ക് പറന്നുയർന്നു. അവർ ഉത്സാഹത്തോടു കൂടി പുഴ കടന്ന് ചെമ്പക കാടിന്റെ മുകളിലെത്തി . അവിടെ കണ്ട കാഴ്ച അക്ഷരാത്ഥത്തിൽ അവരെ ഞെട്ടിച്ചു കളഞ്ഞു. ചെമ്പക കാട്ടിലെ കാട്ടുചെമ്പകങ്ങളും കാട്ടുഞാവലുകളും അപ്രത്യക്ഷമായിരിക്കുന്നു . അവിടെയെല്ലാം നിരനിരയായി അക്വേഷ്യ തൈകൾ നട്ടുപിടിപ്പിച്ചിരിക്കുന്നു . ആ കാഴ്ച കണ്ട് അവർ അമ്പരന്നു . " കുട്ടുകാരേ, ഇനി നമ്മുക്ക് ഈ അരുവിയിലെ വെള്ളം കുടിച്ച് അല്പനേരം വിശ്രമിക്കാം" മുതിർന്ന തേനീച്ച അവർക്ക് നിർദ്ദേശം നൽകി . ആദ്യം വെള്ളം കുടിക്കാൻ പോയ തേനീച്ചകൾ ഓരോരുത്തരായി കുഴഞ്ഞു വീഴാൻ തുടങ്ങി. മുതിർന്ന തേനീച്ച ചുറ്റും ഭയത്തോടു കൂടി കണ്ണോടിച്ചു. അപ്പോഴാണ് അവർ ആ കാഴ്ച കണ്ടത് . കുറച്ചു ദൂരെ മാറി വലിയ പുക കുഴലോടുകൂടിയ ഒരു ഫാക്ടറി അവർ കണ്ടു. അവിടെ നിന്നും പുറന്തള്ളുന്ന മാലിന്യം നദിയിൽ തള്ളുന്നതുകൊണ്ടാണ് തേനീച്ചകൾ ബോധംകെട്ടു വീണതെന്ന് മുതിർന്ന തേനീച്ചകൾക്കു മനസ്സിലായി. " ഇനി നമ്മൾ തേനുമായി വന്നിലെങ്കിൽ റാണി നമ്മെ ശിക്ഷിക്കും" തേനീച്ചകൾ മുതിർന്ന തേനീച്ചയോടു പറഞ്ഞു. "കുറച്ചു മാറി അവിടെ ഒരു കശുമാവിൻ തോട്ടമുണ്ടെന്ന് കേട്ടിട്ടുണ്ട്. നമ്മുക്ക് അവിടെ കൂടി പോയി ഒന്നു നോക്കാം " മുതിർന്ന തേനീച്ച പറഞ്ഞു. അവർ കശുമാവിൻ തോട്ടം ലക്ഷ്യമാക്കി പറന്നകന്നു.

കുറേ ദൂരം പറന്നപ്പോൾ ദൂരെയായി കശുമാവിൻ തോട്ടം പൂത്തുനിൽക്കുന്നത് അവരുടെ ദൃഷ്ടിയിൽ പെട്ടു. അവർ ഉത്സാഹത്തോടു കൂടി കശുമാവിൻ പൂക്കളിലേക്ക് തേൻ ശേഖരിക്കുന്നതിനായി പറന്നിറങ്ങി. മുതിർന്ന തേനീച്ച തേൻ ശേഖരിക്കാൻ ആരംഭിച്ചു. ഇടയ്ക്ക് അവൾക്കൊരു തളർച്ച തോന്നി. അവൾ ചുറ്റും കണ്ണോടിച്ചു. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. തന്റെ കൂടെ വന്ന മറ്റു തേനീച്ചകൾ ചിറകിട്ടടിച്ച് കുഴഞ്ഞു വീണു മരിക്കുന്ന കാഴ്ച അവളെ ഭയചകിതയാക്കി. അവൾ വേച്ചു വേച്ചു പറന്നുയർന്നു . ദിശ നഷ്ട്ടപ്പെട്ട അവർ അടുത്തപട്ടണത്തിലെത്തി. അവിടെ കണ്ട വലിയ ബോർഡിൽ എഴുതിയിരിക്കുന്ന വാക്കുകെ അവൾ കണ്ടു " തേൻ ഫാക്ടറി ". അവൾ ഫാക്ടറിയുടെ മുകളിൽ പറന്നു ചെന്ന് അടുത്തുള്ള വെന്റിലേറ്ററിലൂടെ നോക്കി. കൃത്രിമമായി തേൻ ഉൽപാദിപ്പിക്കുന്നതും കുപ്പിയിലാക്കി പുറത്ത് വിതരണം ചെയ്യാൻ കൊണ്ടു പോകുന്നതും അവൾ കണ്ടു. തേൻ ഉൽപാദിപ്പിക്കാൻ ഇനി തങ്ങളുട ആവശ്യം ഇല്ല എന്ന നഗ്നസത്യം അവൾ കശുമാവിൻ തോട്ടത്തിൽ നിന്നും ഒരു മാരക വിഷം അവളുടെ ദേഹത്തു ഗുരുതരമായി ബാധിച്ചിരുന്നു. മെല്ലെ മെല്ലെ പറന്നുയരാൻ നോക്കവേ അവളുടെ ചിറകുകൾക്ക് ബലക്ഷയം സംഭവിച്ച് അവൾ ആ ഫാക്ടറിയുടെ മുറ്റത്തു വച്ചിട്ടുള്ള പ്ലാസ്റ്റിക് പൂക്കളിലേക്ക് തളർന്നുവീണു.

അലീന എൽസ എം.ആർ
8 എ ബി സി ജി എച്ച് എസ് കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ