ബി.ഇ.എം.എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/നൊമ്പരക്കാഴ്ച

നൊമ്പരക്കാഴ്ച

"ഒഹ്‌ ഒഹ്‌ ഒഹ്‌ ഒഹ്‌ ഒഹ്‌ ഒഹ്‌...........” "ഇങ്ങള്‌ എന്ത്ന്നാന്ന്‌ ഇങ്ങനെ ചൊമക്ക്‌ന്നത്‌, പടച്ചോനെ ഇത്‌ അത്‌ വല്ലതുമാണോ? കാത്തോളണേ”. താജിക്കിസ്ഥാനിൽ നിന്ന്‌ ഒരു മാസത്തെ ലീവിന്‌ വന്ന എന്റെ ഉപ്പാന്റെ അവസ്ഥ കണ്ട്‌ ഉമ്മ ഇങ്ങനെ പറഞ്ഞു, കൊറോണക്കാലായോണ്ടായിരിക്കും. കൊറോണയായോണ്ട്‌ എനക്കെല്ലാം നേർത്തെ ഉസ്തൂൾ അടച്ചീനി . ഞാൻ അഞ്ചീന്ന്‌ ആറിലേക്ക്‌ പരീക്ഷ എഴുതാണ്ട്‌ പാസായി. ഉഷാറായിക്ക്‌. ഹസീദ്‌ ന്ന എന്റെ ഉപ്പാന്റെ പേര്‌. ആയിഷാ ന്ന്‌ ഉമ്മാന്റെയും. മലപ്പുറം ജില്ലയിലെ പാമ്പാടിയിലാണ്‌ ഞാള ബീട്‌. കാൽപന്തുകളീടെ നാടാണ്‌ ഞാള നാട്‌. പക്ഷെ കൊറോണയായോണ്ട്‌ ആരോടും പുറത്തിറങ്ങറീന്ന്‌ പറഞ്ഞീന്‌. പുറത്തിറങ്ങിയാ പോലീസ്‌ അപ്പം പിടിക്കും. അള്ളോ എനക്ക്‌ ബേജാറാണേ. അതോണ്ട്‌ ഞാൻ ഇപ്പം എന്റെ ഷിഹാനേന്റെ കൂടെ കളിക്കലാ. ഷിഹാന പെങ്ങളാണ്‌. ഓളൊപ്പം കളിച്ചിരുന്നാ സമയം പോണതറിയില്ല. ഞാളെ പെരേല്‌ എന്റെ ഉമ്മാമ കദീജയുമുണ്ട്‌. ഉമ്മാമക്ക്‌ ഒരു ചെറിയ കാര്യം കിട്ടിയാമയ്‌ . അത്‌ എല്ലാറോടും പിറുപിറുത്തോണ്ടേയിരിക്കും. അങ്ങനെ ഞാള കൊറോണക്കാലം മുമ്പോട്ട്‌ പോയി.

ഉപ്പ നാട്ടിലെത്തിയ രണ്ടാം ദിവസം തൊട്ടേ ഉപ്പാക്ക്‌ നിർത്താതെ ചുൂമയുണ്ടായിരുന്നു. ഇങ്ങനത്തെ രീതിയിലുള്ള ചുമയോ തലവേദനയോ ഇണ്ടേ തൊട്ടടുള്ള ആരോഗ്യ കേന്ദ്രത്തില്‌ അറിയിക്കണമെന്ന്‌ ന്യൂസ്‌ വച്ചപ്പോ കാണീച്ചീന്‌. ഉപ്പാന്റെ അസുഖം കണ്ടപ്പോ ഞാനിത്‌ ഉമ്മച്ചീനോട്‌ പറഞ്ഞ്‌. പക്ഷെ ഉമ്മ പറഞ്ഞതിങ്ങനെ , "ഹാ... ജോറായി. എനി ചുറ്റുവട്ടത്തുള്ളോർക്കെല്ലാം അതുമതി. ഉപ്പാക്ക്‌ കൊറോണയാണെന്ന്‌ അവരങ്ങ്‌ പറഞ്ഞു പരത്തും. അത്‌ സ്ഥിരീകരിക്കുകയൊന്നും വേണ്ട.” എന്നെല്ലാം പറഞ്ഞ്‌ ഉമ്മ ഞാൻ പറഞ്ഞത്‌ തട്ടിക്കളഞ്ഞു. എന്തു വോ ആവട്ടെ!

ദിവസങ്ങൾ കടന്നു പോയി. ഉപ്പാന്റെ ചുമ കൂടിയതല്ലാതെ ഒരു പരിഹാരവും ഉണ്ടായില്ല. ഉപ്പാന്റെ ലക്ഷണങ്ങളെല്ലാം കണ്ട്‌ ഉപ്പാക്ക്‌ കൊറോണയാണെന്ന്‌ സ്വയം സ്ഥിരീകരിച്ച ഉമ്മച്ചി പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ ഉപ്പാനെ ചികിത്സിക്കാതെ ഒരടച്ചിട്ട മുറിയിലേക്ക്‌ തള്ളി നീക്കി. പാവം ഉപ്പ, ഞങ്ങളോടൊന്ന്‌ സംസാരിക്കാൻ കൂടി കഴിഞ്ഞില്ല. ഈ സമയത്തെല്ലാം ഞങ്ങൾ അവധിക്കാലം ആഘോഷിക്കേണ്ടതായിരുന്നു. വാട്സപ്പിൽ ഏതോ ഒരു മെസേജ്‌ കണ്ട്‌ ഉമ്മ ഉപ്പാക്ക്‌ ചോറിന്‌ പകരം ദിവസവും ഒരു വലിയ പാത്രത്തില്‌ വഴുതിനിങ്ങ കൊടുക്കുന്നുണ്ടായിരുന്നു. ഞാൻ ചോദിച്ചപ്പം പറഞ്ഞത്‌ അത്‌ കൊറോണ മാറ൦ണ്ടീറ്റാണെന്നാണ്‌. ഇതൊക്കെ ചെലപ്പം വ്യാജ വാർത്തയായിരിക്കാം. വഴുതിനിങ്ങ തിന്നാൽ കൊറോണ മാറാനാ? ഉത്തരം കിട്ടാത്ത രാത്രികൾ വീണ്ടും കടന്നു പോയിക്കൊണ്ടേയിരുന്നു. ഉപ്പാന്റെ അസുഖം ബീണ്ടും കൂടി. അവസാനം ഒരു നിവർത്തിയും ഇല്ലാണ്ട്‌ ഉപ്പാനെ ആസ്പത്രയിൽ കൊണ്ടോവാൻ ഉമ്മ സമ്മേച്ച്‌. ഉപ്പാന്റെ റൂമ്‌ തുറന്നപ്പോ എനിക്കാടന്ന്‌ പത്തിൽ കൂടുതൽ സിഗരറ്റ്‌ കുറ്റികൾ കിട്ടി. ഉപ്പാന്റെ കുളുമുറീന്നാണെ ഒടുക്കത്തെ സിഗരറ്റ്‌ വാസനയും. ആസ്പത്രിയിലെത്തി. ടോട്ടറ്‌ പറഞ്ഞതെല്ലാം ഞാൻ കേട്ടു. കൊറോണ എന്ന മഹാമാരിയെക്കാൾ മാരകമായ ക്യാൻസർ എന്ന മഹാരോഗം ഉപ്പയെ പിടികൂടിയിരിക്കുന്നു. സിഗരറ്റ്‌ വലിച്ച്‌ വലിച്ച്‌ ഉപ്പയുടെ തൊണ്ടക്ക്‌ ക്യാൻസർ വന്നു. ഇത്രയും നേരം വെളിച്ചമായിരുന്ന ഞാള കുടുംബത്തിലേക്ക്‌ ഇരുട്ട്‌ പതിയെ പതിയെ സ്ഥാനമുറപ്പിച്ച. എന്റെ ഷിഹാന, ഉമ്മ, ഉമ്മാമ എല്ലാവരും കണ്ണീർ കൊണ്ട്‌ സങ്കടക്കടൽ സൃഷ്ടിച്ചു. ഇനി ഉപ്പാക്ക്‌ ജീവിതത്തിലേക്ക്‌ തിരിച്ചു വരാൻ പറ്റുല എന്ന്‌ ടോട്ടർ പറയുന്നത്‌ കേട്ട്‌ കണ്ണീർ പൊഴിക്കുന്ന ഉമ്മച്ചീടെ മുഖം എന്റെ മനസ്സിൽ ആഴത്തിൽ തറച്ചു. "എന്തിനാ ഉമ്മാ ഇങ്ങനെ കരയുന്നേ? ഞാനന്നേ പറഞ്ഞതല്ലേ എന്റെ ഉപ്പാനെ ആസ്പത്രില്‌ കൊണ്ടോവാന്ന്‌. ഇങ്ങള്‌ സമ്മേച്ചോ? ആ വഴുതിനിങ്ങ കഴിച്ചാ കൊറോണ മാറുമെന്നുള്ളത്‌ ശുദ്ധ വ്യാജവാർത്തയാണുമ്മ . ഇങ്ങളതും വിശ്വസിച്ച്‌ എന്റെ ഉപ്പാക്ക്‌ .....” പിറ്റേന്നു തന്നെ എന്റെ ഉപ്പാന്റെ മയ്യത്തടക്കം പള്ളിപ്പറമ്പിൽ നടന്നു. ഏകാന്തതയുടെ തീരങ്ങളിലേക്ക്‌ നടന്നു നീങ്ങിയ എന്നെ നോക്കി ഉമ്മ വിളിച്ചു "മോനേ ഉബൈദേ .....”

വിനയ്‌ നമിത്ത്‌
IX D ബി.ഇ.എം.എച്ച്.എസ്സ്. വടകര
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ