ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ കോവിഡ്-19

ലോകത്തെ വിഴുങ്ങിയ കോവിഡ്-19

2018 ൽ ആണ് നാം ഒരു ദുരന്തം ഒരുമിച്ച് അഭിമുഖീകരിച്ചത്. നാം ഒത്തൊരുമയോടെ പ്രളയം എന്ന മഹാമാരിയിൽ നിന്നും കരകയറി. എന്നാൽ ഈ വർഷം 2020 ൽ നാം നേരിടുന്ന അടുത്ത ദുരന്തമാണ് കോവിഡ് 19. നാം ഒറ്റക്കെട്ടോടെ, ഒരേ മനസ്സോടെ കേന്ദ്രസർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയാണെങ്കിൽ നമുക്ക് ഈ മഹാമാരിയിൽ നിന്ന് രക്ഷനേടാം. നാം ഓരോരുത്തർക്കു വേണ്ടിയും ഗവൺമെന്റും സർക്കാർ ഉദ്യോഗസ്ഥരും എന്തെല്ലാം സംരക്ഷണവും സഹായവുമാണ് നൽകുന്നത്. ഈ സഹായങ്ങൾ നൽകുന്നതിന് നല്ലൊരു അഭിനന്ദനം സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നൽകേണ്ടതുണ്ട്. ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുകയാണെങ്കിൽ ഈ രോഗത്തിൽ നിന്ന് രക്ഷനേടാം. നാം ഓരോരുത്തരും മാസ്ക് ധരിക്കണം. ഏത് ജോലിയിൽ ഏർപ്പെട്ടുകഴിഞ്ഞാലും കൈ കഴുകേണ്ടത് അനിവാര്യമാണ്. കോവിഡ് 19 എന്ന രോഗത്തിനെ ഒരുമിച്ച് തടയാം. എല്ലാവരം കൈ കഴുകണം എന്ന് പറയുന്നത് കൊറോണ വൈറസിൽനിന്നുള്ള പ്രതിരോധത്തിനു വേണ്ടിയാണ്. ഗവൺമെന്റ് പ്രഖ്യാപിച്ച ലോക്ക്ഡൌൺ നാം ഓരോരുത്തരും അനുസരിക്കേണ്ടതാണ്. നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യത്തിനും നന്മയ്ക്കും വേണ്ടിയാണ് പറയുന്നത്. മറ്റുള്ള രാജ്യങ്ങളേക്കാൾ കൂടുതൽ സുരക്ഷാസംവിധാനങ്ങളാണ് നമ്മുടെ രാജ്യം നമുക്ക് നൽകുന്നത്. അതിന്റെ മര്യാദ നാം കാണിക്കേണ്ടതുണ്ട്. ടിവി ഓണാക്കിയാൽ നാം കാണുന്നത് പ്രായമായവരും ചെറുപ്പക്കാരും ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളും നവജാതശിശുക്കളും വരെ രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വാർത്തയാണ്. ജനങ്ങൾ ഇല്ലെങ്കിൽ ഗവൺമെന്റ് രൂപപ്പെടുന്നില്ല. ജനങ്ങൾക്ക് ആവശ്യം പൊതുസഹകരണവും പൊതുതാൽപ്പര്യവുമാണ്. നാം പ്രളയം നേരിട്ടതുപോലെ ഒരേ മനസ്സോടെ കോവിഡ് 19 എന്ന മഹാമാരിയെ എതിർക്കാം. പ്രകാശപൂരിതമാക്കി ലോകത്തെ പഴയപടിയായി മാറ്റിയെടുക്കാം. ഒരു പുതിയ തലമുറയെ വാർത്തെടുക്കാം.ഏവരും കൈകോർത്ത് ഈ മഹാമാരിയെ എതിർക്കാം. രോഗവ്യാപനം തടയുന്നതിന് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വീടും പരിസരവും വൃത്തിയാക്കണം. വ്യക്തിശുചിത്വം പാലിക്കണം. നാം പ്രകൃതിയോട് കാണിക്കുന്ന അതിക്രൂരതയുടെയെല്ലാം ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രകൃതിയെ നാം സംരക്ഷിക്കണം. മരങ്ങൾ വെട്ടി നശിപ്പിക്കരുത്, പുഴയിൽനിന്ന് മണൽ വാരരുത്, കുന്നുകൾ, വയലുകൾ എന്നിവ നികത്തരുത്. മൃഗങ്ങൾ, പക്ഷികൾ എന്നിവയെ നശിപ്പിക്കരുത്. ഇവയുടെയെല്ലാം നാശം ഭാവിതലമുറയുടെ തകർച്ചയ്ക്ക് കാരണമാകും. ഇന്നത്തെ തലമുറയ്ക്ക് പ്രകൃതി എന്താണെന്ന് പോലും അറിയുകയില്ല. ഇന്നത്തെ കുട്ടികൾക്ക് ഒന്ന് മഴ നനഞ്ഞാൽപോലും പനിയാണ്. അവർക്ക് ഒന്നിനെയും നേരിടാനുള്ള പ്രതിരോധശേഷിയില്ല. മണ്ണ് എന്താണെന്നും എന്തിനുപയോഗിക്കുന്നു എന്നുപോലും ഇന്നത്തെ തലമുറ അറിയാതെപോകുന്നു. അവർ മാതൃഭാഷ വരെ മറന്നുപോകുന്നു; പിന്നെയല്ലേ മണ്ണും പ്രകൃതിയും സസ്യജീവജാലങ്ങളും. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ ആരോഗ്യവും പ്രതിരോധവും മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്താണല്ലോ ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും. അനാരോഗ്യകരമായ ജീവിതശൈലികളും, പിരിമുറുക്കവും, പരിസര ശുചിത്വമില്ലായ്മയും, തെറ്റായ ആരോഗ്യരീതികളും എല്ലാമുള്ള ഇന്നത്തെ സാഹചര്യത്തിൽ ജനജീവിതം വളരെയധികം വെല്ലുവിളികൾ നേരിടുകയാണ്. ഇവിടെ നമ്മൾ എത്ര നിസ്സാരമായാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. ശരീരാരോഗ്യം, മാലിന്യനിർമാർജനം, ജലസംരക്ഷണം, ഭക്ഷണശീലങ്ങൾ, പരിസരശുചിത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാതിരിക്കുകയും യഥാർത്ഥ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുകയും ചെയ്യുന്ന പ്രവണതയാണിന്ന് കണ്ടുവരുന്നത്. ഇന്ന് പരിസര മലിനീകരണംമൂലം വായു, ജലം, മണ്ണ് എന്നിവ നശിക്കുകയും മാനവരാശിയ്ക്കു മുഴുവൻ ദുരിതങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. മലയാളികൾ സാധാരണ പുറമേ ശുചിത്വം ഉള്ളവരാണെന്ന് തോന്നുമെങ്കിലും, അവർ ആ ശുചിത്വം എല്ലാകാര്യങ്ങളിലും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതായി വരും. ഹരിതകേരളത്തെ മലിന കേരളമാക്കുന്ന നമ്മെ ബോധവത്കരിക്കുവാൻ സർക്കാർ പല നടപടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കുവാൻ നിയമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും നമ്മുടെ മനോഭാവത്തിന് ഒരു മാറ്റവുമുണ്ടായിട്ടില്ല. ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരു വിപത്താണ് കൊറോണ വൈറസ്. നമ്മുടെ അശ്രദ്ധമൂലം അല്ലെങ്കിൽ നമ്മുടെ ശുചിത്വക്കുറവുമൂലമാണ് ഈ വൈറസ് നമുക്കുള്ളിലെത്തുന്നത്. ഈ ലോകത്തെ മുഴുവൻ പതിയെ പതിയെ വിഴുങ്ങി ക്കൊണ്ടിരിക്കുകയാണ് ഈ വൈറസ്. ലോകം മുഴുവനും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ വൈറസുമൂലം ലക്ഷക്കണക്കിനാളുകളുടെ ജീവനാണ് നഷ്ടമായത്. ലോകത്തെ ജനങ്ങളുടെയാകെ ജീവിതക്രമം തന്നെ മാറിമറിഞ്ഞു. പണ്ടൊക്കെ അലസമായി ജീവിക്കുകയും ശുചിത്വമില്ലാതെ പെരുമാറുകയും ചെയ്ത മനുഷ്യർ ഇന്ന് ആരോഗ്യവകുപ്പിന്റെയും വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ മാനിച്ച് കൈയ്യും ശരീരഭാഗങ്ങളും എന്നും വൃത്തിയായി കഴുകുകയും ആൽക്കഹോൾ കണ്ടന്റ് കൂടിയ സാനിറ്റൈസർ ഉപയോഗിക്കുകയും തന്മൂലം പടർന്നുപിടിക്കുന്ന രോഗാണുക്കളെ ഒരു പരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. എല്ലാവർക്കും സർക്കാരിന്റെ തീരുമാനങ്ങൾ അനുസരിച്ച് പ്രവർത്തിക്കാനും, ജീവിതരീതികൾ മെച്ചപ്പെടുത്തി ശുചിത്വബോധം കൈവരിക്കാനും, അതിലൂടെ പ്രതിരോധശേഷിയുള്ള ഒരു പുതുതലമുറയെ വളർത്തിയെടുക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

അഭിനവ് വി എസ്
9 സി ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം