ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/അന്നത്തെ രാത്രി

അന്നത്തെ രാത്രി

ഭയത്തിന്റെ ചൂടേറ്റ് കത്തിജ്വലിക്കുന്ന ആ കണ്ണുനീർ തുള്ളികൾ എന്റെ കൈകളിൽ പതിച്ചപ്പോൾ ഏതോ ഒരു ലോകത്തിൽ നിന്നും ഞാൻ കണ്ണു തുറന്നു. നിശൂനതയേകും ആ ഇരുട്ടിൽ ഞാൻ അമ്മയുടെ അടുത്തേക്ക് കൂടുതൽ ചേർന്നിരുന്നു പുറത്ത് അപ്പോഴും മഴ തിമിർക്കുകയായിരുന്നു. വെള്ളം ഒന്നാമത്തെ നിലയിൽ നിറഞ്ഞിരുന്നു. പരിഭ്രാന്തയായ അമ്മ അപ്പോഴും അച്ഛനെ വിളിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പൂർണ്ണ ഗർഭിണിയായ അമ്മയുടെ കണ്ണുകളിൽ കത്തുന്ന തീ ജ്യാലങ്ങൾ പടരുന്നതായി എനിക്ക് അനുഭവപ്പെട്ടു.അന്മയുടെ വയറോടു ചേർന്ന് കിടന്ന് ഞാൻ വരണ്ട ശബ്ദത്തോടെ മന്ത്രിച്ചു. അമ്മേ! എനിക്ക് കുഞ്ഞുവാവയെ കാണാൻ കഴിയുമോ ? നിസ്സഹായയായ ആ അമ്മയുടെ ഹസ്തങ്ങൾ എന്നെ ചേർത്ത് പിടിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല ചില ഭയങ്ങൾ എന്നെ പിടികൂടിയിരുന്നു എങ്കിലും അമ്മയെ ഭയപ്പെടുത്തണ്ട എന്ന് കരുതി ഞാൻ എല്ലാം ഉള്ളിലൊതുക്കി. അമ്മയുടെ ചൂടേറ്റ് ഞാൻ വീണ്ടും ഉറങ്ങി മയക്കത്തിൽ ആരോഞങ്ങളെ സഹായിക്കാൻ വരുന്നതായി ഞാൻ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു പുറത്ത് എവിടെയോ ഒരു ശബ്ദം ഉയർന്നു ആരെങ്കിലും ഉണ്ടോ..... ഞാൻ ജനാല അഴികൾക്കിടയിലൂടെ സഹായിക്കണേ എന്ന് ആർത്ത് വിളിച്ചു. മഴ അപ്പോഴും ഒരു ദയയും ഇല്ലാതെ പെയ്യുകയായിരുന്നു. ആ മഴ എന്റെ രോഷമായ ശബ്ദത്തെ തടഞ്ഞു നിർത്തി ആ വഞ്ചി മുന്നോട്ട് നീങ്ങി രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലാതെ നിസ്സഹായകനായി ഞാൻ ആ കമ്പികളിൽ ചാരിയിരുന്നു. പെട്ടെന്ന് ഇരുട്ടിൽ അമ്മയുടെ കരച്ചിൽ കേട്ടു ഞാൻ ആ അന്ധകാരത്തിൽ തപ്പി തടഞ്ഞ് അമ്മയുടെ അരികിൽ എത്തി അമ്മ വളരെ ക്ഷീണിതയായിരുന്നു . ആ ശരീരം വളരെ വിയർത്തു കുളിക്കുന്നു ആ ശബ്ദം താഴ്ന്ന് പോകുന്നതു പോലെ; അമ്മ അപ്പോഴും അടഞ്ഞ ശബ്ദത്തിൽ "വെളളം വെളളം.... എന്ന് പറഞ്ഞു കരയുന്നുണ്ടായിരുന്നു താഴത്തെ നില പൂർണമായും നിറഞ്ഞിരുന്നു ചെളിതളം കെട്ടിയ ആ വെള്ളം ആർത്തിയോടെ മുകളിലേക്കു കയറി വരുന്നു. ഞാൻ ജനാലകൾക്കരികിലേക്ക് എത്തി അഴികൾക്കിടകളിലൂടെ കൈ നീട്ടി മഴവെള്ളം പകർന്നെടുത്തു തിരിച്ച് ഇരുട്ടിൽ തപ്പി തടഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഇടകളുള്ള വിരലുകൾക്കിടയിലൂടെ പകുതിയോളം ഒലിച്ചുപോയിരുന്നു .മിച്ചമുള്ള ആ മഴ വെള്ളം ദാഹിച്ചു വരണ്ട അമ്മയുടെ വായിലേക്കു പകർന്നു കൊടുത്തു. ഒന്നും ചെയ്യാൻ കഴിയാതെ ഞാൻ അമ്മയെ നോക്കി നിന്നു പെട്ടെന്ന് പുറതെവിടെയോ ഒരു പ്രകാശം. ജനാല വഴി നോക്കിയപ്പോൾ , അതൊരു വഞ്ചിയായിരുന്നു .... സഹായിക്കണേ!! ഞാൻ ആർത്തുവിളിച്ചു .... ആ രാത്രി ഞാൻ വിളിച്ച ദൈവങ്ങൾ തന്ന ഭാഗ്യമാകാം എന്റെ വിളി അന്നവർ കേട്ടു ... ആ പ്രകാശം അടുത്തടുത്തേക്ക് വന്നു . ആ വെളിച്ചത്തിൽ ഞാൻ ഒരു മുഖം കണ്ടു അത് ഞങ്ങളുടെ വീട്ടിൽ മീൻ കൊണ്ടു വന്നിരുന്ന മാമ്മനായിരുന്നു. ഒരു വട്ടം പോലും ഞാൻ സംസാരിച്ചിട്ടില്ലാത്ത ആ മാമ്മ നോട് എന്റെ ദയനീയ അവസ്ഥകൾ പറഞ്ഞു കരഞ്ഞു .ആ അപരിചിതമായ ഹസ്തങ്ങൾ എനിക്ക് ആശ്രയമേകി. ആ മാമ്മനും കൂട്ടരും കൂടി അമ്മയെ താങ്ങി വഞ്ചിയിൽ കിടത്തി .ആ മാമ്മന്റെ തോളിൽ കയറി ഞാനും രക്ഷപ്പെട്ടു .ആ കൈകൾ അപ്പോഴും എന്നെ ചേർത്തു പിടിച്ചു . മീനിന്റെ ഗന്ധം നിറഞ്ഞ ആ ശരീരത്തോട് ഞാൻ ചേർന്നിരുന്നു വെള്ളകെട്ടു പകുതിയോളം നീങ്ങിയപ്പോൾ അമ്മ വേദന കൊണ്ടു പിടഞ്ഞു പ്രസവവേദനയാൽ ,ആ നനഞ്ഞ വഞ്ചിയിൽ കിടന്നു പിടയുന്ന അമ്മയെ നിസഹായനായി ഞാൻ നോക്കിനിന്നു പക്ഷേ അധികം താമസിക്കാതെ ഞങ്ങൾ കരക്കടുത്തു .ഞങ്ങൾക്കു രക്ഷ നൽകുവാൻ അവിടെ രക്ഷാജാലകം ഒരുങ്ങി നിന്നു . അവർ അമ്മയെ ആശുപത്രിയിൽ എത്തിച്ചു. അന്ന് ആ രാത്രി അപരിചിതനായ ആ മാമ്മന്റെ കൂടെ ഓപ്പറേഷൻ റ്റീയറ്ററുടെ മുമ്പിൽ ഇരുന്നു . നിശബ്ദമായ ആ സ്ഥലത്ത് വെള്ള വസ്ത്രങ്ങൾ അണിഞ്ഞ മാലാഖമാർ പാറി നടക്കുന്നുണ്ടായിരുന്നു പെട്ടെന്ന് ആ വാതിൽ തുറന്ന് ഒരു മാലാഖ കുഞ്ഞുവാവയുമായി എത്തി. ആ വാവയെ ആ മാമ്മന്റെ കൈകളിൽ നൽകി പ്രസവ ചൂട് വിട്ടുമാറാത്ത ആ കുഞ്ഞ് ആ മത്സ്യതൊഴിലാളിയുടെ നെഞ്ചിലേക്കു ചേർന്നു കിടന്നു .ആ മാമ്മൻ എന്റെ നേരെ വന്ന് ആ കുഞ്ഞുവാവയെ കാണിച്ചിട്ട് മന്ത്രിച്ചു നോക്ക് മോനെ നിന്റെ അനുജത്തിയെ ..ഞാൻ അവളെ അത്ഭുതപൂർവം നോക്കി ആ രാജകുമാരിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു "കഥ കൊള്ളാമോ വാവേ " എന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങുന്ന അനുജത്തിയോട് ചോദിച്ചു ഒന്നും മിണ്ടാതെ അവൾ പുഞ്ചിരിച്ചു അങ്ങനെയായിരുന്നു മോളെ നിന്റെ ജനനം ....നിനക്കു വേണ്ടിയായിരുന്നു അന്ന് ആ മഴ ശമിച്ചിരുന്നത് നിനക്കു വേണ്ടിയായിരുന്നു ആ വെള്ളകെട്ടുകൾ ഒഴിഞ്ഞു മാറിയത് നിനക്കു വേണ്ടിയായിരുന്നു അന്നാ രാത്രിയിലെ വെള്ളപ്പാച്ചിലിനിടയിൽ എന്റെ കൈകളിലേക്കു പൊഴിഞ്ഞു വീണ മുത്താണു നീ... അവളുടെ ജനനം തന്നെ കഥയായി കേട്ട് അന്നത്തെ രാത്രി അവൾ എന്റെ നെഞ്ചിൽ കിടന്നു മയങ്ങി....

മീനാക്ഷി മോഹൻ.ബി
10 ബി ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ