ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

   

             സെനാനാമിഷൻ വനിതാമിഷനറിമാരെ ഇന്ത്യയിലേക്കയച്ചു. തിരുവിതാംകൂറിൽ ആദ്യത്തെ സെനാന മിഷനറിയായി എത്തിയത് മിസ്. അഗസ്റ്റാ ബ്ലാൻഡ് ഫോർഡ് എന്ന വനിതാരത്നം ആയിരുന്നു. 1862 ഡിസംബറിൽ എത്തിയ അവർ കോട്ടയത്താണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. 1864 ൽ മിസ്. ബ്ലാൻഡ് ഫോർ ഡിനെ തിരുവനന്തപുരത്തിനു മാറ്റുകയും തുടർന്ന് സംഘടനയുടെ പ്രവർത്തനം തിരുവനന്തപുരം കേന്ദ്രീകരിച്ചാവുകയും ചെയ്തു. അങ്ങനെ അന്ത:പുരബാലികമാർക്ക് അധ്യയനം നൽകി ഒരു വലിയ ഉദ്യമത്തിന് തിരി കൊളുത്തി. മിഷനറിമാർ തുടങ്ങി വച്ച പാരമ്പര്യം ഇന്നും കാത്തു സൂക്ഷിക്കുന്നു. അന്നത്തെ മഹാരാജാവ് ശ്രീ രാമവർമ്മ തിരുമനസ്സിൻ്റെയും ദിവാൻ സർ റ്റി. മാധവറാവുവിൻ്റെയും അനുഗ്രഹാശിസ്സുകളോടെ ഇപ്പോൾ സ്കൂളിരിക്കുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു വലിയ പഴയ കൊട്ടാരത്തിൽ 1864 നവംബർ മൂന്നാം തീയതി സ്കൂൾ സമാരംഭിക്കപ്പെട്ടു.

            സ്കൂൾ ആരംഭിച്ചപ്പോഴുണ്ടായിരുന്ന പഴയ കെട്ടിടം 1913 ജൂൺ മാസത്തിലെ പേമാരിയിൽ തകർന്നു വീണു. തുടർന്ന് പുതിയ മന്ദിരം പണികഴിപ്പിച്ചത് മിസ്. കോക്സിൻ്റെ കാലത്തായിരുന്നു. ശ്രീ മൂലം തിരുനാൾ മഹാരാജാവിൻ്റെയും അന്നത്തെ ദിവാൻജിയുടെയും സഹായത്താൽ വളരെ വേഗം പൂർത്തിയാക്കി. 1914 ആഗസ്റ്റ് മാസത്തിൽ അന്നത്തെ മദ്രാസ് ഗവർണരായിരുന്ന പെൻ്റ്ലൻറ് പ്രഭ്വി അതിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.

          ദിവാൻ സർ. റ്റി. മാധവറാവുവിൻ്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും രണ്ട് നായർ ബാലികമാരുമായി ആരംഭിച്ച സ്കൂൾ ആദ്യകാലത്ത് വടക്കേ കൊട്ടാരം പള്ളിക്കൂടം എന്ന പേരിലും പിന്നീട് സെനാന മിഷൻ സ്കൂൾ എന്നും അറിയപ്പെട്ടു. ഈ സ്കൂളിൻ്റെ അവസാനത്തെ വിദേശ മാനേജർ Miss. Dawes തൻ്റെ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ സ്കൂളിൻ്റെ പേരു മാറ്റുന്നതിനായി ഗവൺമെൻ്റിൻ്റെ അനുവാദം വാങ്ങുകയും അങ്ങനെ ഫോർട്ട് ഗേൾസ് മിഷൻ സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.

                പെൺകുട്ടികൾക്കു വേണ്ടിയുള്ള മിഡിൽ സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഉണ്ടായിരുന്നു. 1951 ൽ പ്രൈമറി വിഭാഗം ഗവൺമെൻ്റാഭിമുഖ്യത്തിൽ  സ്വന്തം കെട്ടിടത്തിലേക്കു മാറിയതോടെ ഒരു ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. അവസാനത്തെ മിഷനറിയായിരുന്ന Miss. Dawes തന്നെ ഹൈസ്കൂളിലെ ആദ്യ ഹെഡ്മിസ്ട്രസ് ആയിക്കൂടി നിയമിതയായി.

            യാഥാസ്ഥിതികരായ ബ്രാഹ്മണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും തങ്ങളുടെ പെൺകുട്ടികളെ വടക്കേ കൊട്ടാരം സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നതിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്കൂളിൻ്റെ വളർച്ചയ്ക്ക് കാരണമായി. 1864 നവംബർ മൂന്നാം തീയതി നാലു വിദ്യാർഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളർച്ചയുടെ 157 വർഷങ്ങൾ പിന്നിട്ട് ഇന്ന്   795   കുട്ടികളും  26 അധ്യാപകരും  4  അനധ്യാപകരും ഉള്ള മികച്ച വിദ്യാലയമായി നിലകൊള്ളുന്നു.