ജനിച്ചതെന്നു നീ? അറിയില്ലയെങ്കിലും
ജനുവരിയിലെന്നു പറയുന്നു ചിലർ
ഡിസംബറിൻ കുളിർ മഞ്ഞിൻ പുതപ്പിലോ?
കുരുന്നു കുഞ്ഞായ് കൊറോണ പിറന്നത്?
ജനിച്ചതെങ്ങു നീ? അറിയില്ല എങ്കിലും...
ചീന നാട്ടിലെ വൻമതിൽ കെട്ടിലോ?
ചാവടുത്തൊരു വവ്വാലിനുള്ളിലോ?
ഉലകം മുടിക്കുവാൻ, നീ ഉയിർ കൊണ്ടത്
ഹരിത കമ്പളം ചാർത്തി നിൽക്കുന്നൊരീ
ഹൃദയഹാരിയാം സ്നേഹാർദ്ര ഭൂമിയിൽ
മരണനൃത്തം ചവിട്ടി നീ എന്തിനോ
കാതങ്ങളനവധി താണ്ടി നീ ഇങ്ങെത്തി?
മർത്ത്യ ജാലത്തെ കണ്ണീരിലാഴ്ത്തുവാൻ
സ്വസ്ഥ ജന്മങ്ങൾ ശിഥിലമാക്കീടുവാൻ
പക്ഷേ: കോവിഡ്, നീ ഒന്നറിഞ്ഞീടുക........
ഇറ്റലിയല്ലിത് യു.എസുമല്ലിത്
നിൻ ജന്മദേശം വുഹാനു മല്ലിത്
ഇന്നോളം നീ പാർത്തമാളോരു മല്ലിത്
കരളുറപ്പിന്റെ കഥകൾ പലവുരു
പ്രളയകാലത്ത് പാടിപ്പതിഞ്ഞ വർ
നിനക്കു മുന്നെ നിൻ ചേച്ചിയാം നിപ്പ യെ
ഉരുക്കു മുഷ്ടിയാൽ പൊരുതി ജയിച്ചവർ
ഐകമത്യം മഹാബലമെന്നൊരു
നല്ല മുത്തശ്ശി ച്ചൊല്ലിൽ വളർന്നവർ
ഒറ്റക്കെട്ടായി നിന്നെ തകർക്കുവാൻ
ഒറ്റയ്ക്കൊറ്റയ്ക്ക് വീട്ടിലിരിപ്പവർ
അതിജീവനത്തിന്റെ മന്ത്രാക്ഷരമായ്
മാലാഖമാർ സാന്ത്വനമേകവേ
നില തെറ്റി, അടി പറ്റി നീ പിടയുന്നതും
വേരറ്റ് തിരി കെട്ട് നീ അണയുന്നതും
കണ്ട് ....
ഒരു ഫിനിക്സ് പക്ഷിയായ് ഒരു നവജ്യോ തിയായ്
ഉയർന്നു പൊങ്ങുവാൻ എൻ പ്രിയകേരളം
നൻമ തൻ നാളം കെടാതെ തെളിക്കുവാൻ
കരളുറപ്പോടെ എൻ പ്രിയകേരളം.....
കരളുറപ്പോടെ എൻ പ്രിയ കേരളം