പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
കഴിഞ്ഞ രണ്ടാഴ്‌ച്ചക്കാലത്തെ ആശുപത്രിവാസത്തിനു ശേഷം ഞാനിന്ന് വീട്ടിലേക്ക് മടങ്ങുകയാണ്. രണ്ടാഴ്‌ച്ചക്കാലത്തെ എന്റെ ആശുപത്രിദിനങ്ങളിൽ കുറേ പേരെ പരിചയപ്പെട്ടെങ്കിലും എല്ലാവരെയും എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല.അവരെല്ലാവരും എന്നെ സംബോധന ചെയ്യാൻ വെള്ള പർദ്ദ പോലെയുള്ള വസ്‌ത്രം ധരിച്ചാണ് എത്തിയിരുന്നത്. കൂടെ മുഖകവചവും , എല്ലാം കണ്ടാൽ ബഹിരാകാശ യാത്രികനെപ്പോലെ തോന്നിക്കുന്ന വസ്‌ത്രം. ഞാൻ ബഹിരാകാശത്ത് എത്തിയതു പോലെ. രാവിലത്തെ ചായക്കു ശേഷം ഞാനെന്റെ ഡോക്‌ടർമാരോട് എന്റെ നന്ദിയും കടപ്പാടും അറിയിച്ചു. അപ്പോളാണ് ഞാനവരുടെ യഥാർത്ഥ മുഖം കാണുന്നതു തന്നെ. പന്ത്രണ്ടു മണിക്കാണ് ഡിസ്ച്ചാർജ്ജ്. അതു വരെ ഞാൻ അവിടത്തെ ടി.വി യിൽ വാർത്ത കണ്ടു കൊണ്ടിരുന്നു. എല്ലാത്തിലും ഒരേ വാർത്ത. എനിക്ക് മടുപ്പ് തോന്നി. കൂടെ ദുഖവും. അതിൽ എന്റെ രോഗം ഭേദമായതിനെക്കുറിച്ചുള്ള വാർത്ത കണ്ടപ്പോൾ ഞാൻ അഭിമാനിയായി. അതെ ഞാൻ അതിജീവിച്ചിരിക്കുന്നു.നമ്മൾ അതിജീവിക്കും. ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും മറ്റു ജീവനക്കാരും എന്നെ കാണാൻ വേണ്ടി എന്റെ മുറിയിലേക്ക് വന്നു കൊണ്ടിരുന്നു.എന്റെ സുഖം ആരാഞ്ഞു. എന്റെ പനിയും ചുമയും മാറിയിരുന്നു. എന്നാലും ചില അസ്വസ്ഥത ഉണ്ടായിരുന്നു. അതെന്റെ മാനസിക അസ്വസ്ഥതയാകുമെന്ന് ഞാൻ അനുമാനിച്ചു. പന്ത്രണ്ടു മണിയാകാൻ പത്ത് മിനിറ്റ്. ഞാൻ ഇപ്പോളും എന്റെ മുറിയിലെ കിടക്കയിലാണ്. എന്നെ ഇപ്പോൾ ഡിസ്ചാർജ് ചെയ്യാൻ വിളിക്കുമെന്ന് കരുതി ഞാൻ അവിടെ കിടന്നു. പുറത്തേക്കുള്ള ജനാലയിലൂടെ ഞാൻ നോക്കി. പുറത്ത് പത്രക്കാരും ആംബുലൻസ് ഡ്രൈവർമാരും എന്നെ കാത്തിരിക്കുന്നു. എല്ലാവരും അകലം പാലിച്ചിരുന്നു. ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. പുറത്ത് അന്തരീക്ഷം ശാന്തമായിരിക്കുന്നു. നഗരമദ്ധ്യേയുള്ള ആശുപത്രിയിൽ വാഹനങ്ങളുടെ ഒച്ചപ്പാടുകൾ മാഞ്ഞിരിക്കുന്നു. ഞാൻ അവിടേക്ക് വന്നപ്പോൾ ശബ്‌ദം ഭയാനകമായിരുന്നു. പുറത്തെ ഫാക്‌ടറികളിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ഞാനെന്റെ തലയ്‌ക്ക് മുകളിൽ കത്തി ജ്വലിക്കുന്ന സൂര്യനെയും ഫാക്‌ടറിക്കടുത്ത് ഉയർന്നു നിന്നിരുന്ന മരങ്ങളെയും നോക്കിയിരുന്നു. അവയെല്ലാം ശാന്തമായി ചിരിക്കുന്നതായി തോന്നി. അതെ കരഞ്ഞു കൊണ്ടിരുന്ന പ്രകൃതിയും ചിരിക്കാൻ തുടങ്ങിയിരിക്കുന്നു. എനിക്കതിൽ സന്തോഷവും അത്‌ഭുതവും തോന്നി. മനുഷ്യൻ വിചാരിച്ചാൽ പ്രകൃതിയെ മാറ്റുവാൻ കഴിയുമെന്നെനിക്ക് മനസ്സിലായി. പന്ത്രണ്ടുമണി. നഴ്‌സ് എന്നോട് പോകാനുള്ള സമയമായി എന്നു പറഞ്ഞു. ഞാൻ മെല്ലെ എന്റെ മാസ്‌ക് ഒന്നുകൂടി ശരിയാക്കി നഴ്‌സിനെ പിന്തുടർന്നു. ഒ.പി ഭാഗത്തുള്ള ഡോക്‌ടർമാരോടും നഴ്‌സുമാരോടും യാത്ര പറഞ്ഞു. അപ്പോൾ ഞാൻ കരയുന്നുണ്ടായിരുന്നു. നടുക്കടലിൽ മുങ്ങിയിരുന്ന എന്നെ തീരത്തേക്കടുപ്പിച്ച മാലാഖമാരായിരുന്നു അവർ. എന്റെ കയ്യിൽ നഴ്‌സ് സാനറ്റൈസർ ഒഴിച്ചു തന്നു. അതിന് കരുതലിന്റെ ഗന്ധമുണ്ടെന്ന് ഞാൻ മനസിലാക്കി.ഞാൻ കൈ കഴുകി . പത്രക്കാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ കൈ വീശി ഞാൻ ആംബുലൻസിലേക്ക് നടന്നു.ആംബുലൻസിൽ ഞാൻ വീട്ടിലേക്ക് മടങ്ങുമ്പോൾ ഞാൻ എന്തൊക്കെയോ ആലോചിച്ചു. എല്ലാവരോടും എനിക്ക് സ്‌നേഹവും ബഹുമാനവും തോന്നി. വീട്ടിൽ ഉള്ളവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് എനിക്ക് മനസിലായി. പത്രക്കാരുടെ മുമ്പിൽ ഞാൻ രോഗത്തെ അതിജീവിച്ചവനാണെങ്കിലും നാട്ടുകാരുടെ മുമ്പിൽ ഞാൻ രോഗി തന്നെയായിരുന്നുവെന്ന് ഞാൻ വഴിയെ മനസിലാക്കി. എല്ലാവരും എന്നിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ അവരെ കൂട്ടാക്കിയില്ല. നാടും വീടും ആകെ മാറിയിരിക്കുന്നു. എല്ലായിടത്തും ആളുകൾക്ക് കൈ കഴുകുന്നതിനുള്ള സംവിധാനങ്ങൾ. എല്ലാവരും മുഖത്ത് മാസ‌്‌ക് ധരിച്ചിരിക്കുന്നു. എല്ലാവരും നല്ല ശുദ്ധി ഉറപ്പ് വരുത്തിയാണ് ജീവിക്കുന്നത്. എന്നാലും അതിലുമുണ്ട് ചില കള്ളക്കളികൾ എന്നെനിക്ക് കാണുവാൻ കഴിഞ്ഞു. മനപൂർവവും അല്ലാത്തതുമായ നിയമലംഘനങ്ങളും സാഹസികതകളും. ആംബുലൻസ് ഡ്രൈവർ എന്നെ വീട്ടിലെത്തിച്ച് തിരിച്ച് പോയി. ശാന്തമായ വീട് എന്നെ കരുതലിന്റെയും സ്‌നേഹത്തിന്റെയും സാനറ്റൈസർ കൊണ്ട് സ്വീകരിച്ചു. ഞാനെന്റെ വീട്ടിലേക്ക് വീണ്ടും വലതുകാൽ വെച്ച് തന്നെ കയറി. എന്റെ ചാരുകസേരയിൽ ചാരിയിരുന്നു ചിന്തയിലാണ്ടു.എന്നെപ്പോലെയുള്ള രോഗികൾക്കും രോഗമുക്തിക്കായി ഞാൻ പ്രാർതഥിച്ചു. ആംബുലൻസിന്റെ സൈറൺമുഴക്കം പതിയെ നിശബ്‌ദമായി. വീടിനു മുന്നിലെ "കറുത്ത പായ" അഴിച്ച് വെച്ച് ഞാൻ അടുപ്പത്ത് വെള്ളം വെച്ചു. തിളച്ച ചായയുടെ ചൂടാറുന്നതും കാത്ത് ഞാനെന്റെ ചാരുകസേരയിൽ ചെന്നിരുന്നു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |