പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ കുഞ്ഞുവായിലെ വലിയ കാര്യങ്ങൾ
കുഞ്ഞുവായിലെ വലിയ കാര്യങ്ങൾ
"ശോഭേ...നീ ആ കവർ എടുക്ക്" "ഞാൻ ജോഗിങ്ങിന് പോകുമ്പോൾ അത് എവിടെയെങ്കിലും ചാടാം" രാവിലെ നടക്കാൻ പോകുമ്പോൾ രമേശൻ സ്ഥിരമായി ഭാര്യയോട് പറയുന്ന വാചകമാണിത്.സാധാരണ രമേശൻ ഒറ്റയ്ക്കാണ് പോവാറ് ഇന്ന് കൂടെ അമ്മുവും പോയി. "അച്ഛാ അച്ഛനെന്തിനാ എന്നും നടക്കാൻ പോകുന്നേ?" നമ്മൾ കുറേ നടക്കുമ്പോൾ നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ എന്ന അഴുക്കെല്ലാം വിയർപ്പിലൂടെ പോകും." "അപ്പൊ അച്ഛൻ ശരീരം വൃത്തിയാക്കാനാണോ നടക്കാൻ പോകുന്നത്?" "ആ അങ്ങനെയും പറയാം. നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ വ്യായാമം പ്രധാനമാണ്. നടക്കുന്നതും ഒരു വ്യായാമമാണ്. " "ഓ... അപ്പൊ അച്ഛനെന്തിനാ ഈ അഴുക്കൊക്കെ ഇട്ട കവർ എടുത്തത്." അമ്മുവിന്റെ സംശയങ്ങൾ മാറുന്നില്ല. "പോകുന്ന വഴിയിൽ ചാടാൻ " "അതെന്തിനാ ?" "ഇത് നമ്മുടെ വീട്ടിൽ വച്ചാൽ വീടു മുഴുവൻ അഴുക്ക് ആവില്ലേ" " അച്ഛനിത് വഴിയിൽ കളയുമ്പോൾ റോഡു മുഴുവൻ അഴുക്ക് ആവില്ലേ?" "നമ്മുടെ വീട് വൃത്തിയാകാൻ വേണ്ടിയല്ലേ ഞാനിത് ചെയ്യുന്നത് " രമേശൻ തന്നെ ന്യായീകരിക്കാൻ തുടങ്ങി. "നമ്മുടെ വീട് വൃത്തിയാകുമ്പോൾ വൃത്തികേടാകുന്നത് നമ്മുടെ പരിസരമല്ലേ അച്ഛാ. നാളെയും അച്ഛന് ഇതുവഴി അല്ലേ വരേണ്ടത്. അപ്പോൾ ഇവിടെ ഈ മാലിന്യങ്ങളൊന്നും കാണാത്തത് എന്തുകൊണ്ടാ? മറ്റുള്ളവര് കഷ്ടപ്പെട്ട് വൃത്തിയാക്കുന്നത് കൊണ്ട്. എത്ര നിസ്സാരമായിട്ടാണ് അച്ഛനെപ്പോലുള്ളവര് ഇതിവിടെ ഇടുന്നത്. പക്ഷെ എത്ര ബുദ്ധിമുട്ടിയായിരിക്കും ഇത് മറ്റുള്ളവര് വൃത്തിയാക്കുന്നത്.ഈ മാലിന്യങ്ങൾ കാരണം എന്തൊക്കെ അസുഖങ്ങൾ വരാം" മോള് പറയുന്നത് ശരിയാണ്. പക്ഷെ.... " "അച്ഛാ മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുന്നത് പരിസ്ഥിതി സംരക്ഷിക്കുന്നതു പോലെയാണ്. മാലിന്യങ്ങൾ നശിക്കുന്നത് നമ്മൾ ശുചിത്വം പാലിക്കുമ്പോഴാണ് .ഇത് രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും.എത്ര വലിയ രോഗവും ശുചിത്വത്തിനു മുന്നിൽ മുട്ടുമടക്കും. നാം വൃത്തിയാകുമ്പോൾ നമ്മുടെ പരിസരവും സമൂഹവും വൃത്തിയാക്കാൻ ശ്രമിക്കണ്ടേ അച്ഛാ " അമ്മുവിന്റെ കുഞ്ഞുവായിൽ നിന്നും വന്ന വലിയ കാര്യങ്ങൾ രമേശിന്റെ നല്ല പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |