പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഇന്നകലെ നാളെയരികിൽ

ഇന്നകലെ നാളെയരികിൽ


ഇന്ന് നമ്മുടെ ലോകം കൊവിഡ് 19(കൊറോണ) എന്ന വൈറസ് രോഗത്തിന് അകപ്പെട്ടിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് ചൈനയിലാണ് ഈ വൈറസ് ആദ്യമായി കണ്ടു തുടങ്ങിയത്. ഈ വൈറസ് ഒരു പകർച്ചവ്യാധി ആയതിനാൽ ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ ലോകം മുഴുവൻ വ്യാപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതാദ്യമായാണ് ലോകം മുഴുവൻ ഇങ്ങനെ ഒരു പ്രതിസന്ധിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. 2018-ൽ ഉണ്ടായ നിപ്പാ വൈറസ് അത്ര അപകടകാരി ആയിരുന്നില്ല. എന്നാൽ അതുപോലെയല്ല കോവിഡ്-19. ഇതിന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടുമില്ല. പനി, ചുമ, തുമ്മൽ, ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. കൊവിഡ്-19 ബാധിച്ചവരിൽ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമാകാൻ പതിനാല് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണ്ടെത്തൽ. യാതൊരു ലക്ഷണങ്ങൾ കൂടാതെയും രോഗം സ്ഥിരീകരിക്കുന്നുമുണ്ട്. ഇറ്റലി, അമേരിക്ക, സ്പെയിൻ തുടങ്ങിയ വികസിത രാജ്യങ്ങളിൽ മരണസംഖ്യ ക്രമാതീതമായി വർദ്ധിച്ചുവരുന്നു. ലോകത്തിൽ മരണസംഖ്യ ഒരു ലക്ഷം കവിഞ്ഞു. രോഗം സ്ഥിരീകരിച്ചവർക്ക് ശരിയായ ചികിത്സ നൽകാൻ കഴിയാതെ ലോകരാഷ്ട്രങ്ങൾ പകച്ചുനിൽക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ നാമെല്ലാവരും ഒന്നിച്ച് കൈകോർക്കണം. ഓരോ വ്യക്തിയും ശ്രമിച്ചാൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷനേടാൻ സാധിക്കുകയുള്ളൂ. അതിന് ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. പരിസരശുചിത്വവും വ്യക്തിശുചിത്വവും ഉണ്ടാകണം. 15 മിനിറ്റിൽ ഒരിക്കൽ സോപ്പോ ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. സാമൂഹിക അകലം പാലിക്കുക. 'വീട്ടിലിരിക്കൂ.... സുരക്ഷിതരാവൂ....' ഇതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം. നമുക്ക് ഒന്നുചേർന്ന് ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കാം. രോഗം വന്നതിനുശേഷം ചികിത്സ തേടുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കാം. ഓരോ വ്യക്തിയും ശ്രമിച്ചാൽ മാത്രമേ കൊവിഡ്-19 എന്ന രോഗത്തെ തടയാൻ സാധിക്കുകയുള്ളൂ. രോഗം പടർത്തുന്നവരാകാതെ ഈ രോഗത്തെ പ്രതിരോധിക്കുന്ന വരായി നമുക്ക് മാറാം. "എനിക്ക് രോഗം വന്നാലും കുഴപ്പമില്ല, പക്ഷേ എന്നിൽ നിന്നും മറ്റൊരാളിലേക്ക് വ്യാപരിക്കരുത്, മാത്രമല്ല ഞാൻ കാരണം ആരുടേയും ജീവൻ നഷ്ടപ്പെടരുത്," എന്ന ചിന്താഗതി നാം ഓരോരുത്തരിലും ഉണ്ടാകണം. മുന്നേറാം നമുക്കൊന്നായ്.....

ശരന്യാ ജോൺ
5 ഡി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം