പരിസ്ഥിതി ക്ലബ്

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളാണ് നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ 'പരിസ്ഥിതി ക്ലബ്ബ്' നടപ്പിലാക്കി വരുന്നത്.

  • ജൂൺ 5 പരിസ്ഥിതി ദിനത്തിൽ, വിദ്യാലയ പരിസരങ്ങളിലും മറ്റു വെളിമ്പ്രദേശങ്ങളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നു.
  • 'വീട്ടുമുറ്റത്തൊരു തണൽ' പദ്ധതിയിലുൾപ്പെടുത്തി, ഫലവൃക്ഷ തൈകൾ (നമ്മുടെ പരിസ്ഥിതിക്കിണങ്ങുന്ന പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ) നട്ടു പിടിപ്പിക്കുന്നു.
  • സ്‍മൃതിവനം പദ്ധതിയിലുൾപ്പെടുത്തി പരമ്പരാഗത വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു.
  • വയനാട് ചുരം സംരക്ഷണ സമിതിയുടെയും, വനം വകുപ്പിന്റെയും കീഴിൽ നടക്കുന്ന 'മഴ നടത്തം' പരിപാടിയിൽ എല്ലാ വർഷവും വിദ്യാർഥികളെ പങ്കെടുപ്പിക്കാറുണ്ട്. ഇത് വിദ്യാർത്ഥികളിൽ, പരിസ്ഥിതി ബോധം വളർത്തുന്നതിനും പരിസ്ഥിതിയെ തൊട്ടറിയുന്നതിനും സഹായകമാകുന്നു.

ചെങ്ങോട്മല സംരക്ഷണം:

കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചെങ്ങോട് മല ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. കരിങ്കൽ ഖനനത്തിന് അനുമതി നേടി ഈ പ്രദേശത്ത് എത്തിയ വൻകിട ക്വാറി കമ്പനിക്ക് ലഭിച്ച ലൈസൻസ് റദ്ദാക്കിക്കാനും, ഖനന ഭീഷണി അവസാനിപ്പിക്കാനും നാട്ടുകാരുടെ ചെറുത്ത് നില്പ് മൂലം സാധിച്ചു. ചെങ്ങോട് മല സമരത്തിന്റെ തുടക്കം മുതൽ വിജയം വരെ നൊച്ചാട് സ്‍കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ഉണ്ടായിരുന്നു. കിഡ്സൺ കോർണറിൽ ചെങ്ങോട് മല സംരക്ഷണ സദസ്സ്, കലക്ടറേറ്റ് പടിക്കൽ ധർണ്ണ, ഉപവാസം, വീടുകളിൽ മെഴുകുതിരി തെളിയിക്കൽ, ഒപ്പുശേഖരണം, കൂട്ട ഇമെയിൽ അയക്കൽ തുടങ്ങിയ പരിപാടികൾ  ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജനകീയ സമിതിക്കൊപ്പം ചേർന്ന് ചെങ്ങോട് മല സംരക്ഷണ വലയം തീർത്തു.

ദേശീയ ഹരിതസേന എൻ.ജി.സി.:

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും, കേരള ശാസ്‍ത്ര സാങ്കേതിക പരിസ്ഥിതി കൺസിലിന്റെയും ആഭിമുഖ്യത്തിൽ സ്‍കൂളുകളിൽ പ്രവർത്തിക്കുന്ന ദേശീയ ഹരിതസേനയുടെ ഒരു യൂനിറ്റ് സകൂളിൽ സജീവമായി പ്രവർത്തിക്കുന്നു. 2020-21 ലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരം സ്‍കൂളിന് ലഭിച്ചു. ജില്ലാ കലക്ടർ ചെയർമാനായ കമ്മറ്റിയാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ദേശീയാടിസ്ഥാനത്തിൽ  ന്യൂഡൽഹിയിൽ വെച്ചു നടന്ന 'GLOBE' പരിശീലനത്തിലെ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരിൽ ഒരാൾ നൊച്ചാട് സ്‍കൂളിലെ എൻ.ജി.സി. കോഡിനേറ്റർ ആയിരുന്നു.

കുട്ടികൾക്ക് ദേശീയ പരിസ്ഥിതി ഉച്ചകോടി:

കോവിഡ് കാലഘട്ടത്തിൽ സീഡ് ക്ലബ്ബുകളുടെയും പരിസ്ഥിതി സംഘടനയായ സാഹിതി ഇൻറർനാഷണലിന്റെയും ആഭിമുഖ്യത്തിൽ ഓൺലൈനിലൂടെ കുട്ടികളുടെ ദേശീയ പരിസ്ഥിതി ഉച്ചകോടി സംഘടിപ്പിച്ചു. പരിസ്ഥിതി വിഷയത്തിൽ കുട്ടികൾക്ക് പറയാനുള്ളത് കേൾക്കുക എന്നതായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം.