നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/ഓർമകളുടെ പടവുകൾ
ഓർമകളുടെ പടവുകൾ
മുത്തശ്ശിയുടെ വാത്സല്യം നിറഞ്ഞ സംസാരംകേട്ട് അമ്മുക്കുട്ടി കണ്ണ് തുറന്നു. ജനാലകൾക്ക് ഇടയിലൂടെ ഉദിച്ചു നിൽക്കുന്ന സൂര്യനെ അവൾ നോക്കി നിന്നു. ഉറക്കം പിടിച്ചു നിൽക്കുന്ന അവളുടെ കണ്ണുകളിലേക്ക് സൂര്യപ്രകാശം എൽക്കുന്നു. ആ ഭംഗിയിൽ നിൽക്കുമ്പോൾ പെട്ടെന്നൊരു വിളി. "അമ്മുക്കുട്ടി..... " മുത്തശ്ശി അടുക്കളയിൽ നിന്നും അവളെ വിളിക്കുകയാണ്. വിളി കേട്ടതും അവൾ ചാടി എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി. മാവിന്റെ ഇലയും ഉമിക്കരിയും ആയി മുത്തശ്ശി അവളുടെ അടുത്തേക്ക് വന്നു. പല്ലു തേച്ച പ്രഭാത കർമങ്ങൾ ചെയ്ത് ഊണു മേശയിൽ ഇരിക്കുന്ന അമ്മുക്കുട്ടിയുടെ മുന്നിലേക്ക് ചൂട് ദോശയും ചമ്മന്തിയും. അവൾ അത് ആസ്വദിച്ചു കഴിക്കുകയാണ്. വേനൽ കാലം ആയതിനാൽ കളികളും തമാശകളും ആയി കഴിയുന്ന അമ്മുക്കുട്ടിക്ക് ഈ കൊല്ലം പ്രത്യേക സന്തോഷം ആണ്. വർഷങ്ങൾ ആയി വിദേശത്തു ജോലി ചെയുന്ന തന്റെ മാതാപിതാക്കൾ തന്നെ കൊണ്ടുപോകാൻ വരികയാണ്. അവരുടെ വരവിനായി അമ്മുക്കുട്ടി കാത്തിരിക്കുകയാണ്. അങ്ങനെ ആ ദിനം വന്നെത്തി. വേനൽ കാലം മുഴുവൻ ഇരട്ടി സന്തോഷവുമായി അമ്മുക്കുട്ടി ആഘോഷിച്ചു. ഒടുവിൽ വേനൽ കാലത്തിന്റെ അവസാന നാളുകൾ വന്നെത്തി. താനും മാതാപിതാക്കാടെ കൂടെ വിദേശത്തേക്ക് പോകണം എന്ന തിരിച്ചറിവ് അമ്മുക്കുട്ടിയെ വേദനിപ്പിച്ചു. തന്റെ പ്രിയപ്പെട്ട മുത്തശ്ശിയെയും ഈ ഗ്രാമത്തെയും പിരിയാൻ അനുവദിക്കുന്നില്ല. ഒടുവിൽ നീണ്ട വേനൽ കാലം അവസാനിച്ചു. ബാഗുകൾ പാക്ക് ചെയ്തു. പുതിയ വസ്ത്രങ്ങൾ അണിഞ്ഞു അമ്മുക്കുട്ടി ഒരുങ്ങി നിൽക്കുകയാണ്. മുറ്റത്ത് കാറിന്റെ ശബ്ദം. അമ്മുക്കുട്ടി ഓടി കാറിന്റെ അടുത്ത് എത്തി. ഒടുവിൽ അമ്മയും അച്ഛനും കാറിലേക്ക് യാത്ര പറഞ്ഞു കയറി. മുത്തശ്ശിയുടെ കൈ വിരലിൽ പിടിച്ചു കരഞ്ഞു കൊണ്ട് അമ്മുക്കുട്ടിയും കാറിൽനിന്നും വിമാനതാവളത്തിലേക്കും അവിടെ നിന്ന് ഏഴു കടലിന്നപ്പുറത്തുള്ള സ്വപ്നനാട്ടിലേക്ക്. അവുടെ എത്തി സാഹചര്യങ്ങളുമായി പൊരുത്തപെടാൻ അമ്മുവിന് പ്രയാസം ആയി. എന്നിരുന്നാലും അവൾ വളർച്ചയിൽ അത് പരിചിതം ആക്കി. പക്ഷെ ഉറങ്ങാൻ കിടക്കുമ്പോൾ അവളുടെ കണ്ണുകളിലേക്ക് നിറഞ്ഞു വരുന്ന ഓർമ്മകൾ തന്റെ ഗ്രാമ ജീവിതവും ബാല്യവും ആണ്. തറവാടും, മുത്തശ്ശിയും, പുഴയും, വയലും, ക്ഷേത്രവും, തന്റെ സ്കൂളും, മുറ്റത്തെ വലിയ പടർപ്പുള്ള മാവും, മാധുര്യമുള്ള മാമ്പഴവും, മുത്തശ്ശിയുടെ വാത്സല്യംനിറഞ്ഞ ചോറുരുളകളും , കഥകളും, അങ്ങനെ ഗ്രാമീണ സൗന്ദര്യവും, പരിശുദ്ധിയും, നൈർമല്യവും അവളുടെ മനസ്സിനെ തൊട്ട് ഉണർത്തി. അങ്ങനെ വർഷങ്ങൾ കടന്നു പോയി. ജീവിതത്തിന്റെ ലക്ഷ്യബോധത്തിലൂടെ സഞ്ചരിച്ചു അമ്മുക്കുട്ടി തിരക്കേേറിയ ഒരു ജീവിതത്തിന്റെ ഉടമയായി. അടുത്ത വേനൽ അവധിക്കാലത്ത് അവൾ തറവാട്ടിലേക്ക് പോയി. ബാല്യകാല ഓർമകളുടെ കൂടാരവുമായി തന്റെ ഗ്രാമത്തിലേക്ക് അമ്മുക്കുട്ടി പോവുകയാണ്. അവിടെ എത്തിയപ്പോൾ കാലത്തിന്റെ വളർച്ചയിൽ അവളുടെ ഗ്രാമവും രൂപകല്പനക്ക് ഇടയായി. വയലുകളില്ല, പുഴകളുടെ സൗന്ദര്യം കുറഞ്ഞു, കുന്നുകളും മലകളും കാണാനില്ല, റോഡുകൾ വികസിതമായി, തറവാടിന്റെ മനോഹാരിത നഷ്ടംആയി. പക്ഷെ മുറ്റത്തു നിന്ന ആ വലിയ മാവ് അതുപോലെ അവിടെ നിൽക്കുന്നു. മുത്തശ്ശി മരിക്കുന്നതിനു മുൻപ് ആവിശ്യപെട്ട ഒരേഒരു ആഗ്രഹം അതായിരുന്നു. മുത്തശ്ശിയുടെ വാത്സല്യത്തിന്റെ മാധുര്യം അമ്മുക്കുട്ടി യെ തെന്നി തലോടി. ആ ഓർമകളിൽ ലയിച്ചു ആ മതിൽ പടവുകളിൽ അവൾ ഇരുന്നു. കഴിഞ്ഞു പോയ ഒരു നീണ്ട കാലത്തിന്റെ ഓർമപെടുത്തലുകളും ആയി മാമ്പുക്കൾ പൊഴിഞ്ഞുവീഴുന്നു. കാലങ്ങൾ എത്ര കടന്നാലും, വികസിതമായാലും ഇന്നും പഴയ കാലത്തിന്റെ ഓർമകളുമായി ചിലത്, ചിലർ നിലനിൽക്കുന്നു. അമ്മുക്കുട്ടിയുടെ മനസ്സും ആ ഓർമകളിലേക്കും ആഴ്ന്ന് ഇറങ്ങുകയാണ്. ബാല്യകാലത്തിലേക്ക് അവൾ തിരിച്ചു പോവുകയാണ്. ആ ഓർമകൾക്ക് കൂട്ടായി മാമ്പുക്കൾ അവളെ നോക്കി പുഞ്ചിരികുന്നതായി അവൾക്ക് തോന്നി..... ഓർമകളുടെ നിറഞ്ഞപുസ്തകവുമായി തറവാടിന്റെ പടികൾ അവൾ കയറി......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |