കുരവയൊഴിഞ്ഞ വയനാടൻ ഗ്രാമങ്ങൾ ( നിശാന്ത് മോഹൻ )

പച്ച വിരിപ്പിട്ട നെൽപ്പാടങ്ങൾ, അവയ്ക്കു കാവലെന്നവണ്ണം തലയുയർത്തിപ്പിടിച്ച് കവുങ്ങുകളുടെ നിര. അതിനുമപ്പുറം കരിമ്പച്ച പുതച്ച കാപ്പിത്തോട്ടങ്ങളുമായി മലങ്കോട്ടകൾ.... ഇടയ്ക്ക്, അങ്ങിങ്ങായി മൺ വീടുകളും. അര നൂറ്റാണ്ടു മുമ്പത്തെ വയനാട് ഏറെക്കുറെ ഇങ്ങനെയായിരുന്നു.

വയനാട്ടിലെ ഒട്ടുമിക്ക നെൽപ്പാടങ്ങളും കുരവകൾ ആയിരുന്നു. നാട്ടിലെ (അങ്ങനെയാണല്ലോ ചുരത്തിനുതാഴെയുള്ള സമസ്ത കേരള ഭൂമിയെയും വയനാട്ടുകാർ വിശേഷിപ്പിക്കുന്നത് ) ചവിട്ടിയാൽ പുതഞ്ഞു പോകുന്ന വയലുകളാണ്‌ വയനാട്ടിൽ 'കുരവ'എന്നറിയപ്പെടുന്നത്.പുതയുക എന്നാൽ സാധാരണ മറ്റിടങ്ങളിലേതുപോലെ കണങ്കാൽ വരെയല്ല; അതങ്ങനെ താണു താണ്... ഭൂമിയോളം താഴും, ചിലപ്പോൾ അതിനുമപ്പുറവും. കഴുത്തറ്റം താഴ്ന്ന കുരവക്കണ്ടങ്ങൾ അസംഖ്യം ഉണ്ട് വയനാട്ടിൽ.ഉണ്ടായിരുന്നു എന്ന് പറയുന്നതാവും ശരി.. കന്നുകാലികളും മറ്റും കുരവയിൽ താണുപോയ സംഭവങ്ങൾ നിരവധിയുണ്ട് വയനാട്ടുകാരുടെ മനസ്സിൽ. കുരവയിൽ താഴ്ന്നു കൊണ്ടിരുന്ന പശുവിനെ രക്ഷിക്കാൻ അതിൻ്റെ കാലുകൾക്കിടയിലൂടെ നെടുകേ പലക കയറ്റിവച്ച കഥ പുറക്കാടിക്കാരൻ വേണുപറഞ്ഞത് ഓർമവരുന്നു.കുരവക്കണ്ടങ്ങൾക്ക് ആത്തിക്കണ്ടമെന്നും പാഠഭേദം ഉണ്ട്.. ഒരുപക്ഷേ, ആഴ്ത്തിക്കണ്ടത്തിന് രൂപഭേദം വന്നതാവാം. അമ്പലപ്പറമ്പിലും പള്ളിമുറ്റത്തുമൊക്കെ സാധാരണ ഉണ്ടാകാറുള്ള കശപിശകൾ മൂക്കുമ്പോൾ 'എടാ നിന്നെ കുരവേൽതാഴ്ത്തി ക്കളയും ' എന്നു പലരും ഭീഷണിമുഴക്കി യിട്ടുള്ള കാര്യം ഒരു യാത്രയ്ക്കിടെ പറഞ്ഞത് തുടുമ്മേൽ സജി. പറഞ്ഞും പറയാതെയും കുരവയിൽ അനേകം പേർ താഴ്ന്നിട്ടുണ്ടാവാം, താഴ്ത്തപ്പെട്ടിട്ടുമുണ്ടാവാം. വാമനൻ മാവേലിയെ ചവിട്ടി ത്താഴ്ത്തിയത് കുരവക്കണ്ടത്തിൽ ആയിരിക്കുമോ?ചവിട്ടിയാൽ മണ്ണിലേക്കാണ്ടുപോകുന്ന ഇടം ഭൂമിമലയാളത്തിൽ വേറെ ഇല്ലാത്ത സ്ഥിതിക്ക് ന്യായമായും സംശയിക്കാം.സീതാദേവി ഭൂമിയിലേക്ക് അന്തർധാനം ചെയ്തതും കുരവക്കണ്ണിലൂടെ നോക്കിക്കണ്ടാലോ... സീതാക്ഷേത്രം വയനാട്ടിൽ ഉണ്ടെന്ന് ഓർമ്മവേണം.

കുരവകൾക്ക് കണ്ണുണ്ടത്രേ!

കുരവക്കണ്ടങ്ങൾക്ക്നടുവിൽ നിന്നും ശക്തമായ ഉറവ ഉയിർകൊള്ളുന്ന ഇടങ്ങളാണവ. കണ്ണുനീര് പോലുള്ള ആ നീരുറവയിൽ നിന്നും വെളുത്ത നേർത്ത കളിമൺതരികളും ഉയർന്നുവരും. പശിമയുള്ള ഈ മണ്ണ് മൺപാത്ര നിർമാണത്തിന് ഉപയോഗിച്ചു വരുന്നു. കുന്നിൻചെരിവിലെ ഒരു പ്രധാന ശുദ്ധജല സ്രോതസ്സാണ് കുരവകൾ. വിളഞ്ഞ പന മുറിച്ച്, അതിനുള്ളിലെ മൃദു ഭാഗങ്ങൾ എല്ലാം കൊത്തിക്കളഞ്ഞ്, കുഴൽ പോലുള്ള കാതൽ കുരവക്കണ്ണിലേക്ക് അടിച്ചു താഴ്ത്തിക്കഴിയുന്നതോടെ നാട്ടുകാർക്ക് കുടിവെള്ളമായി.. എത്ര കടുത്ത വേനലിലും വറ്റാത്ത ഇത്തരം കുഞ്ഞൻ കിണറുകളാണ് 'കേണികൾ ' എന്നറിയപ്പെടുന്നത് കപ്പിയില്ല,കയറില്ല, മോട്ടോറും വേണ്ട. നൂറ്റാണ്ടുകൾ പഴക്കമുള്ള കേണികൾ പലതും ഇപ്പോഴും വയനാട്ടിലുണ്ട്.താനേചുരന്ന്ഒഴുകുന്ന ഭൂമിയുടെ ഈ മാറിടങ്ങൾ കേരളത്തിൽ വയനാടിൻ്റെ ഒരു തനത് സവിശേഷതയാണ് എന്നു പറയാം. 'കേണിച്ചിറ ' എന്നൊരു സ്ഥലം തന്നെയുണ്ട് വയനാട്ടിൽ.മീനങ്ങാടിക്കും നടവയലിനും ഇടയിലാണത്. കേണിക്കു പിന്നിലെ ശാസ്ത്രം കേണികൾ ഭൂമിശാസ്ത്രത്തിൽ അറിയപ്പെടുന്നത് ആർട്ടീഷ്യൻ കിണറുകൾ എന്നാണ് (Artesian well). ഫ്രാൻസിലെ ആർ ട്ടോയ്സ് എന്ന സ്ഥലത്തുള്ള കേണിയിലൂടെയാണ് പുറംലോകം ആദ്യമായി ഇത്തരം കുരവകളെക്കുറിച്ച് അറിയുന്നത്.ഭൂമിക്കടിയിൽ ഒരു നിശ്ചിത ആഴം കഴിഞ്ഞാൽ പിന്നെ ജലസമൃദ്ധമായ മേഖലയാണ്. ഇതാണ് ജലപീഠം.(Water table). നേർത്ത ഉത്തല ആകൃതിയിലാണ് അതിൻ്റെ കിടപ്പ്. ചിത്രം ശ്രദ്ധിക്കൂ.കുന്നുകളും താഴ് വരകളും നിറഞ്ഞതാണല്ലോ വയനാടൻ ഭൂപ്രകൃതി. വിശാലമായ താഴ് വരകൾ ഒക്കെയും വയലുകളാണ്. സ്വാഭാവികമായും വശങ്ങളിലെ കുന്നുകളിലെ ജലപീഠത്തിൻ്റെ തുടർച്ച വയലുകളിൽ എത്തുമ്പോഴേക്കും ഉപരിതലത്തിൽ തൊടും, ചിലപ്പോൾ പുറത്തേക്ക് തല നീട്ടും. അതോടെ ഇടതടവില്ലാത്ത നീരൊഴുക്കിനു തുടക്കമായി, കുരവക്കണ്ണായി. താഴെ നൽകിയിട്ടുള്ള ചിത്രം നിരീക്ഷിക്കൂ. വരളുന്ന കുരവകൾ മറ്റു ജില്ലകളെ അപേക്ഷിച്ച് വേഗം കുറവാണെങ്കിലും വയനാട്ടിലും വയലുകൾക്ക് മെല്ലെ രൂപാന്തരം സംഭവിക്കുകയാണ്.ഒട്ടേറെ പ്രദേശങ്ങളിൽ കർഷകർ വാഴ കൃഷിയിലേക്ക് തിരിഞ്ഞു കഴിഞ്ഞു.നെല്ല് ആയാലും വാഴ ആയാലും കൃഷി തന്നെയല്ലേ എന്ന് മറുചോദ്യം ചോദിക്കാവുന്നതാണ്. ഉത്തരം ലളിതം.ഒരു വാഴയിലയിൽ എത്ര നെല്ലോല നിരത്താം എന്ന് ആലോചിച്ചാൽ മതി. അതായത്, സസ്യസ്വേദന നിരക്ക് നെൽകൃഷിയിലേതിനേക്കാൾ പതിന്മടങ്ങാണ് വാഴയായാൽ. ആകാശം കുഴലു കുത്തി മണ്ണിൽ നിന്നും വലിച്ചു കുടിക്കുന്നതുപോലെ വെള്ളം വയലുകളിൽ നിന്നും വലിഞ്ഞുയർന്നു പോകും.

കുന്നുകൾ ഇടിച്ചു നിരത്തിയതോടെ വെള്ളം വാർന്നു പോവുകയാണ്, വയനാടൻ ഓർമ്മകളോടൊപ്പം. നെഞ്ചൊപ്പം താഴുന്ന കുരവക്കണ്ടത്തിൽ താഴ്ന്നു പോകാതിരിക്കാൻ നെടുകെ കീറിയ കവുങ്ങിൻ തടിയിൽ പലകയിട്ട്, അതിന്മേൽ നിന്ന് ഞാറുനട്ടിരുന്ന കാലം പോയ് മറഞ്ഞിട്ട് അധികമായില്ലെന്നാണ് മീനങ്ങാടിക്കാരൻ സദുവിനെ നിരീക്ഷണം.തൊണ്ണൂറുകൾ മുതൽക്കാണത്രേ നെൽകൃഷിയുടെയും കുരവകളുടെയും നാശം രൂക്ഷമായത്. ജലസമൃദ്ധിയുടെ വയനാടൻ പെരുമ അസ്തമിക്കുകയാണോ?

"https://schoolwiki.in/index.php?title=നിശാന്ത്_മോഹനൻ&oldid=1685784" എന്ന താളിൽനിന്ന് ശേഖരിച്ചത്