സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇരിങ്ങണ്ണൂരിലെ പൗര പ്രമുഖൻ ആയിരുന്ന ശ്രീ ടി കുഞ്ഞി ചാത്തു കുറുപ്പ് അവിടെ വീണ്ടും ഒരു വിദ്യാലയം ആരംഭിച്ചു. നങ്ങീലി കണ്ടി കുഞ്ഞാലി അദ്ദേഹത്തിന്റെ സഹോദരി കുഞ്ഞിക്കതിയ തുടങ്ങിയവരുടെ സഹായസഹകരണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. തുടക്കത്തിൽ ഇതൊരു പെൺപള്ളിക്കൂടം ആയിരുന്നെങ്കിലും പിന്നീട് മിക്സഡ് സ്കൂൾ ആയി. ശ്രീ കുഞ്ഞി ചാത്തു കുറുപ്പ് തന്നെയായിരുന്നു മാനേജറും പ്രധാന അദ്ധ്യാപകനും. ആരംഭത്തിൽ ഒന്നും രണ്ടും ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്.പിന്നീട് അഞ്ചാം തരം വരെ ഉയർത്തിയെങ്കിലും 1962-ലെ പരിഷ്കാരത്തെ തുടർന്ന് അഞ്ചാംതരം നീക്കംചെയ്തു. 8- 3- 1948 നാണ് വിദ്യാലയം ഉദ്ഘാടനം ചെയ്തത്. 11- 9 -1948 ന് നോർത്ത് മലബാർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അംഗീകാരം ലഭിച്ചു. നാവ് താഴെക്കു നി അബ്ദുല്ലയുടെ മകൾ കുഞ്ഞിപ്പാത്തുവിനാണ് ആദ്യത്തെ പ്രവേശനത്തിന് ഭാഗ്യം ലഭിച്ചത്. ഈ സ്ത്രീ വിദ്യാലയത്തിന് അടുത്ത് തൊട്ടടുത്ത വീട്ടിൽ താമസക്കാരിയാണ് ഇന്ന്. അക്കാലത്ത് നാദാപുരം നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചിരുന്നതായി കേൾക്കുന്നു. വിദ്യാലയത്തിൽ ധാരാളം കുട്ടികൾ പ്രവേശനം നേടിയിരുന്നെങ്കിലും ഹാജർനില പരിമിതമായിരുന്നു എന്ന് ഇടയ്ക്കിടെ വിദ്യാലയം സന്ദർശിച്ച അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ കാണുന്നു. രൈരു നായർ ( പുറമേരി) നാരായണൻ നായർ (മണിയൂർ ) പി ഗോപാലൻ അടിയോടി ( ചാലപ്പുറം) ശ്രീ മണ്ണന്തല നീലകണ്ഠൻ മൂസദ് ( ഇരിങ്ങണ്ണൂർ) എന്നിവരായിരുന്നു മറ്റ് അധ്യാപകർ. 1959 ൽ കുന്നത്ത് അമ്മത് മുൻഷി അറബിക് അദ്ധ്യാപകനായി ചേർന്നു. ഹാജർനില വർദ്ധിപ്പിക്കുന്നതിൽ അദ്ദേഹം നല്ല പങ്കുവഹിച്ചു. 1961 ൽ വിദ്യാലയ മാനേജ്മെന്റ് നാദാപുരത്തെ പ്രമുഖ വ്യാപാരിയും പ്ലാന്ററും ആയിരുന്ന പി കെ പോക്കർ ഹാജിക്ക് കൈമാറി. പോക്കർ ഹാജി പിന്നീട് നാദാപുരം പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്നിട്ടുണ്ട്. 1964 ശ്രീ കുഞ്ഞി ചാത്തു കുറുപ്പ് വിരമിച്ചു . 1964ൽ കെ കെ കുഞ്ഞബ്ദുല്ല മാസ്റ്റർ പ്രധാന അദ്ധ്യാപകനായി. 1967 ൽ സ്കൂൾകെട്ടിടം തകർന്നതിനെ തുടർന്ന് കുറച്ചുകാലം വിദ്യാലയം നാദാപുരം അങ്ങാടിയിലെ ഒരു കെട്ടിടത്തിലേക്ക് മാറ്റി. സ്കൂൾ കെട്ടിടം കെഇആർ അനുസരിച്ച് പണിഞ്ഞു എങ്കിലും ഓടുമേഞ്ഞു കൊണ്ടിരിക്കെ വീണ്ടും നിലംപതിച്ചു. വീണ്ടും പണിത വിദ്യാലയത്തിൽ 1969 ൽ ക്ലാസ്സുകൾ ആരംഭിച്ചു. കെഇആർ അനുസരിച്ച് 8 ക്ലാസ് മുറികളും ഓഫീസ് റൂമും ഉള്ള വിദ്യാലയത്തിൽ 1972 കാലത്ത് മുന്നൂറോളം വിദ്യാർഥികളും 10 അധ്യാപകരും ഉണ്ടായിരുന്നു. എന്നാൽ 1976 ആവുമ്പോഴേക്കും കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. 4 അധ്യാപകർ പ്രൊട്ടക്ഷൻ ലഭിച്ച പുറത്തുപോയി. 1981ൽ സ്കൂൾ മാനേജ്മെന്റ് സ്ഥലം മദ്രസ കമ്മിറ്റിക്ക് കൈമാറി. കെവി കുഞ്ഞബ്ദുല്ല ഹാജി മാനേജറായി. വിദ്യാലയം മദ്രസ കമ്മിറ്റി ഏറ്റെടുത്ത ശേഷം സ്കൂൾ കെട്ടിടം മുഴുവൻ ആയി ഓടുമേയുകയും പ്ലാസ്റ്ററിംഗ് നടത്തുകയും ചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും വെവ്വേറെ ടോയ്ലറ്റുകളും പണിതു. അടുത്ത വീട്ടിലെ കിണറിനോടനുബന്ധിച്ച് പമ്പ് സെറ്റും ടാങ്കും സ്ഥാപിച്ച് വെള്ളം പൈപ്പ് വഴി സ്കൂളിലേക്ക് എത്തിക്കുന്നുണ്ട്. 1985 ൽ കെ കെ കുഞ്ഞബ്ദുല്ല മാസ്റ്റർ വിരമിക്കുകയും ശ്രീ എം കെ ഖാദർ കുട്ടി പ്രധാന അധ്യാപകൻ ആവുകയും ചെയ്തു.
1991 ൽ ശ്രീ ഖാദർ കുട്ടി വിരമിച്ചു. ശ്രീ എ അഹമ്മദ് പ്രധാനാധ്യാപകനായി ചാർജെടുത്തു. 1998 അഹമ്മദ് മാസ്റ്റർ വിരമിച്ചശേഷം ശ്രീ ടി പി അബ്ദുല്ല മാസ്റ്റർ പ്രധാനാധ്യാപകനായി. 18"×20" വലുപ്പത്തിലുള്ള 8 ക്ലാസ് മുറി 10"×20" വലുപ്പത്തിലുള്ള ഓഫീസ് മുറി ആധുനികരീതിയിൽ പണിത നാല് മുറികളുള്ള ടോയ്ലറ്റ് പുകയില്ലാത്ത അടുപ്പ് സഹിതമുള്ള കഞ്ഞി ഷെഡ് പൈപ്പ് വഴി ആവശ്യത്തിനുള്ള വെള്ളം ഇത്രയൊക്കെ ഭൗതികസൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള ആഭിമുഖ്യം ജനങ്ങളിൽ വർദ്ധിച്ചുവരികയാണ്.കഴിഞ്ഞ 10വർഷമായി വിദ്യാലയത്തിലെ കുട്ടികളുടെ അംഗ സംഖ്യ 120 ൽ താഴെയാണ്. പി. ടി. എ യും മദർ പി. ടി. എ. യും നല്ല നിലയിൽ പ്രവർത്തിക്കുന്നു.ടി. ഹൈദ്രോസ് കോയ തങ്ങളാണ് പി. ടി. എ പ്രസിഡന്റ്. സറീന വി ആണ് എം പി. ടി. എ ചേർപേഴ്സൺ.
ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും മുൻ ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായിരുന്ന നന്തോത്ത് കുഞ്ഞാലിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ.ഈ വിദ്യാലയത്തിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയും സ്പെഷ്യൽ ഗ്രേഡ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി വിരമിച്ച ശ്രീ. പോക്കർ കണ്ടാരയാണ് മാനേജിങ് കമ്മിറ്റി സെക്രട്ടറി. മുൻ മാനേജിങ് കമ്മിറ്റി സെക്രട്ടറിയും നാദാപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ കെ. ജി. അസീസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. സ്വന്തമായി കളിസ്ഥലം ഇല്ലാത്തതും സ്കൂൾകെട്ടിടം വൈദ്യുതീകരിക്കാത്തതും പോരായ്മ തന്നെ. ഈ വർഷത്തെ എസ്. എസ്. എ സ്കൂൾ ഗ്രാന്റ് ഉപയോഗിച്ച് മാനേജിങ് കമ്മിറ്റി സഹായത്തോടെ വിദ്യാലയം വൈദ്യുതി കരിക്കാൻ സാധിച്ചിട്ടുണ്ട്. ശാസ്ത്ര- ഗണിതശാസ്ത്ര- കലാകായിക മേളകളിലും എൽ.എസ്സ്. എസ്സ് പരീക്ഷയ്ക്കും എല്ലാവർഷവും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.