ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/രോഗനാശിനി... ജീവദായനി
രോഗനാശിനി... ജീവദായനി
ഒരു കാലത്ത് യുദ്ധം, പ്രകൃതിദുരന്തങ്ങൾ എന്നിവ പോലെ തന്നെ മനുഷ്യ ജീവൻ വലിയ തോതിൽ അപഹരിച്ചിരുന്ന ദുരന്തങ്ങൾ തന്നെയായിരുന്നു രോഗങ്ങൾ. വസൂരി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ മൂലം മരണമടഞ്ഞവർ നിരവധിയാണ്.പോളിയോ പോലെ സ്വതന്ത്ര ചലനത്തിന് വിഘാതം സൃഷ്ടിച്ചരോഗങ്ങളും ധാരാളം. ഇവയൊക്കെ ചരിത്രതാളുകളിലേക്ക് മായുമ്പോൾ കൊറോണയെന്ന മഹാമാരി ഒരു നവ വൈറസായി ഇന്നിന്റെ ലോകത്ത്, ഈ കെട്ട കാലത്ത് ലോകമെമ്പാടും സംഹാര താണ്ഡവമാടുകയാണ്. ഇത്തരം മാരക രോഗങ്ങൾക്കെതിരെ പടപൊരുതാൻ ശ്രമിച്ച മനുഷ്യന് ശാസ്ത്രം നൽകിയ വരദാനമാണ് കുത്തിവെപ്പുകൾ. കുത്തിവെപ്പുകൾ മൂലം മനുഷ്യരാശി നിർമ്മാർജ്ജനം ചെയ്ത രോഗങ്ങൾ നിരവധിയാണ്. വസൂരി ഒരു ഉദാഹരണം മാത്രം. ഒരു ക്ഷേമരാഷ്ട്രത്തിലെ പുതു തലമുറയായ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് യഥാസമയത്തെ കുത്തിവെപ്പുകൾക്കുള്ള സ്ഥാനം വലുതാണ്. കേരളം ഇക്കാര്യത്തിൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണ്. ലോകരാജ്യങ്ങളുടെ നിലവാരത്തിനുമപ്പുറമാണ്. ലോക ശരാശരിക്കും മുകളിൽ വികസിത രാഷ്ട്രങ്ങൾക്കും പോലും വിസ്മയമായി കേരളം കോവിഡ് പോരാട്ടത്തിൽ തലയുയർത്തി നിൽക്കുകയാണ്. ഒരിക്കൽ നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതിയിരുന്ന ഡിഫ്ത്തീരിയ പോലെയുള്ള രോഗങ്ങൾ തിരിച്ചു വരുന്നതിന്റെ ലക്ഷണം കാണിച്ചപ്പോഴേ നമ്മുടെ ആരോഗ്യ സംവിധാനം ഉണർന്നു പ്രവർത്തിച്ചു. മാരകമായേക്കാവുന്നതും അടുത്ത തലമുറയെ പോലും ബാധിക്കുന്നതുമായ റുബെല്ല, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾക്കെതിരെയും ജാഗ്രതയോടെയാണ് കേരളത്തിലെ ആരോഗ്യ സംവിധാനം നിലകൊള്ളുന്നത്. പേപ്പട്ടി കടിച്ചാൽ യാതൊരെതിർപ്പും കൂടാതെ എല്ലാവരും കുത്തിവെപ്പെടുക്കുന്നു. രോഗപ്രതിരോധ കുത്തിവെപ്പുകളുടെ കാര്യത്തിലും ഇതേ ജാഗ്രത തന്നെയാണ് പൊതുസമൂഹം കാണിക്കേണ്ടത്. കാരണം കാറ്റിനും ജലത്തിനും മണ്ണിനുമൊന്നും നമുക്ക് മതിലു കെട്ടാൻ കഴിയില്ലല്ലോ.? ഏതെങ്കിലുമൊരു ഗ്രാമത്തിൽ ഉണ്ടാവുന്ന രോഗം പല വിധത്തിൽ പടർന്ന് ലോക രാജ്യങ്ങൾക്കിടയിൽ വ്യാപിക്കാൻ ഇടയുണ്ട്.ഇതിനായി ക്യാമ്പെയിനായിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളോട് നാം സഹകരിക്കണം. പല തരത്തിലുള്ള അന്ധവിശ്വാസങ്ങൾ, ജാതീയത, അറിവില്ലായ്മ,അശാസ്ത്രീയത, പലതരത്തിലുള്ള തെറ്റിദ്ധാരണകൾ എന്നിവയെല്ലാം കാരണം ജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്കും കുത്തിവെപ്പുകൾക്കും എതിരെ വിമുഖത കാണിക്കാറുണ്ട്. എന്നാൽ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ ഇടപെടലുകൾ കാരണം ഈ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളീയ ജനത സജീവമായി ഇടപെടുന്നുവെന്നത് നമുക്കെന്നും അഭിമാനകരമാണ്.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |