കൊറോണ വൈറസ് കാരണം സ്കൂൾ പൂട്ടിയ കാലം. വീട്ടിലിരിക്കുന്ന കുട്ടികൾക്ക് ഫോണിലൂടെ പഠന പ്രവർത്തനങ്ങളും കരകൗശല പ്രവർത്തികളും എല്ലാം ടീച്ചർ അയച്ചു കൊടുക്കാറുണ്ട്. എല്ലാ കുട്ടികളും അതെല്ലാം ചെയ്യാറുമുണ്ട്. എന്നാൽ ക്ലാസിൽ എന്നും ഒന്നാം സ്ഥാനക്കാരിയായ മീനാക്ഷി, ഇതൊന്നും ചെയ്യുന്നില്ലെന്ന് ടീച്ചർ ശ്രദ്ധിച്ചു.അങ്ങനെ ഒരു ദിവസം ടീച്ചർ മീനാക്ഷിക്ക് എന്തു പറ്റി എന്നറിയാൻ അവളുടെ വീട്ടിലേക്കു പോയി. അവിടെ കണ്ട കാഴ്ച മീനാക്ഷി വീട്ടുജോലികൾ ചെയ്തു കൊണ്ടിരിക്കുന്നതാണ്. ടീച്ചറെ കണ്ടപ്പോൾ അവൾക്ക് അത്ഭുതവും സന്തോഷവും നാണവും വന്നു. ടീച്ചർ മീനാക്ഷിയോട് ചോദിച്ചു, മീനാക്ഷീ അമ്മ എവിടെ? അമ്മ അകത്തുണ്ട് എന്നു പറഞ്ഞ് അവൾ ടീച്ചറെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി. അപ്പോൾ അവിടെ അമ്മ കാലൊടിഞ്ഞ് കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ പറ്റാതെ കിടക്കുകയാണ്. അവർ ഒരു നേഴ്സ് ആണ്. ജോലി സ്ഥലത്തു വച്ച് വീണ് അവരുടെ കാലൊടിഞ്ഞതാണ്.വീട്ടുജോലികൾ ചെയ്യാനും ഭക്ഷണം ഉണ്ടാക്കാനുമൊന്നും കഴിയാത്ത അവസ്ഥയാണ്. ഇപ്പോൾ അതെല്ലാം ചെയ്യുന്നത് മീനാക്ഷിയാണ്. അവൾ അതെല്ലാം പഠിച്ചിരിക്കുന്നു. ടീച്ചർ അവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. മീനാക്ഷിയുടെ അച്ഛൻ ഗൾഫിൽ ആണ്. ഗൾഫുകാരുടെ വീട്ടിൽ ഒരു കഷ്ടപാടും ഉണ്ടാകില്ലെന്നു കരുതി ആരും അവരെ സഹായിക്കുന്നില്ല. അമ്മ നേഴ്സ് ആയതു കൊണ്ട് അസുഖം പകർന്നാലൊ എന്നു പേടിച്ച് ആരും അവരുടെ വീട്ടിലേക്ക് വരാറും ഇല്ല. ടീച്ചർക്ക് വിഷമം തോന്നി.അവർ മീനാക്ഷിയെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു. വീട്ടുജോലികൾ കഴിഞ്ഞ് ബാക്കി സമയം മീനാക്ഷി പഠിക്കാറുണ്ടെന്ന് കേട്ടപ്പോൾ ടീച്ചർക്ക് സന്തോഷമായി. ടീച്ചർ പറഞ്ഞു, നിങ്ങൾ വിഷമിക്കേണ്ട.ഈ നാടു മുഴുവൻ നമ്മുടെ കൂടെ ഉണ്ട്. അതു കേട്ടപ്പോൾ മീനാക്ഷിക്കും അവളുടെ അമ്മക്കും സമാധാനമായി.അവർക്ക് സഹായത്തിനുള്ളത് എല്ലാം ചെയ്ത് ടീച്ചർ തിരിച്ചുപോയി.
കുറച്ചു ദിവസം കഴിഞ്ഞ് സ്കുൾ തുറന്നു.ആദ്യത്തെ ദിവസം തന്നെ അസംബ്ലി ഉണ്ടായിരുന്നു. ടീച്ചർ മീനാക്ഷിയെ സ്റ്റേജിലേക്ക് വിളിച്ചു. അവളെ കുറിച്ച് ടീച്ചർ മൈക്കിലൂടെ പറഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു.പിന്നെ അദ്ധ്യാ പകരം കുട്ടികളും അവൾക്ക് പുസ്തകങ്ങളും പേനയും സ്കൂൾ ബാഗും എല്ലാം സമ്മാനമായി കൊടുത്തു. എല്ലാവരോടും നന്ദി പറഞ്ഞ് മീനാക്ഷി മടങ്ങി.