ജി യു പി എസ് കോട്ടനാട്/അക്ഷരവൃക്ഷം/പുലരിയുംകാത്ത്

അമ്മത്താറാവിന്റെ അടുത്തേക്കുള്ള യാത്രയിലാണ് ഞാൻ...ഞാ.ൻ എവിടെ പോയതാണെന്ന് നിങ്ങൾക്ക് അറിയണ്ടേ.. ഞാൻ എന്റെ നാടിന്റെ കഥ നിങ്ങളോട് പറയാം.ഞങ്ങൾ താമസിക്കുന്നത് ഒരു നാട്ടിൻ പുറത്താണ്. ഞാൻ ചെറിയ കുഞ്ഞായിരിക്കുമ്പോൾ അമ്മയോടൊപ്പം പറമ്പിലെ കുളത്തിൽ നീന്താൻ പോകാറുണ്ടായിരുന്നു. അതെനിക്ക് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. പോകുന്ന വഴിയിൽ എനിക്ക് ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. കോഴിയമ്മയും കുഞ്ഞുങ്ങളും ഞങ്ങളുടെ കൂടെ കുളത്തിനടുത്തേക്ക് വരും. കുളത്തിനു ചുറ്റും അതിനോട് ചേർന്നുമുള്ള പറമ്പിലുമൊക്കെ ധാരാളം ചെടികളും പൂക്കളും ഉണ്ടായിരുന്നു. പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ എത്തുന്ന പൂമ്പാറ്റകളും തുമ്പികളും വണ്ടത്താന്മാരും ആഹ്ലാദത്തോടെ പാറിപ്പറക്കുന്നത് കാണാം. ഞാനും അവരോടൊപ്പം കളിക്കാൻ കൂടും. കുളത്തിലാണെങ്കിലോ നിറയെ മീനുകൾ. അവ എന്റെ കൂടെ തുള്ളിക്കളിക്കുകയും മത്സരിച്ചു നീന്തുകയും ചെയ്യും. താവളക്കുട്ടൻ പേക്രോം പേക്രോം എന്ന് ഉറക്കെ ശബ്ദമുണ്ടാക്കി ഞങ്ങളോടൊപ്പം ചേരും. പുൽച്ചാടികളും കിളികളുമൊക്കെയായി എന്ത് രസമായിരുന്നു. അമ്മത്താറാവ് എത്ര വിളിച്ചാലും ഞാൻ കുളത്തിൽ നിന്ന് കയറി വരില്ലായിരുന്നു. അതൊക്കെ സുന്ദരമായ ഒരു കാലം. ഇന്ന് അമ്മ എന്നെ അങ്ങോട്ട് വിടാറില്ല.. കുളത്തിലൊന്നും വെള്ളമില്ലത്രേ. ഒക്കെ വറ്റി വരണ്ടു. എന്റെ കൂട്ടുകാരെ ഒന്നും കാണാനില്ല. പതിയെ പതിയെ എല്ലാം ഇല്ലാതായി.. പൂക്കളും മരങ്ങളും ഒന്നുമില്ല. എല്ലാം മനുഷ്യൻ നശിപ്പിച്ചതാണെന്നു അമ്മ പറഞ്ഞു. എനിക്ക് കരച്ചിൽ വന്നു. അമ്മയുടെ കണ്ണ് വെട്ടിച്ചു ഞാൻ ഒരു ദിവസം കുളത്തിനടുത്തേക്ക് പോയി. അവിടെ എന്റെ കൂട്ടുകാരെയൊന്നും കാണാനില്ല. ഞാൻ അവരെ എല്ലായിടത്തും തിരഞ്ഞു. പുല്ലൊക്കെ കരിഞ്ഞു കിടക്കുന്നു. കുളക്കരയിലുള്ള മൂവാണ്ടൻ മാവും മുറിച്ചു കളഞ്ഞിരിക്കുന്നു. എനിക്ക് സങ്കടം വന്നു. എന്റെ കരച്ചിൽ കേട്ടാവണം അടുത്ത വീട്ടിലെ പാണ്ടൻ നായ അതുവഴി വന്നു. അവന്റെ കണ്ണിൽ പെട്ടാൽ തീർന്നത് തന്നെ. ഞാൻ പേടിച്ചു ഉണങ്ങിയ പുല്ലുകൾക്കിടയിൽ ഒളിച്ചു നിന്നു. ഭാഗ്യം നായയുടെ കണ്ണിൽ പെട്ടില്ല. ഒരുകണക്കിന് രക്ഷപ്പെട്ട് ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. ഇനിയും എത്രകാലം ഇങ്ങനെ എന്നറിയില്ല.. ആ പഴയ കാലം തിരിച്ചു വരുമെന്ന പ്രത്യാശയിൽ ഞാൻ നടന്നു..

{{BoxBottom1

പേര്= അൻസിയ ഫാത്തിമ ക്ലാസ്സ്= 3 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ യു പി സ്കൂൾ കോട്ടനാട് സ്കൂൾ കോഡ്= 15248 ഉപജില്ല= വൈത്തിരി ജില്ല= വയനാട് തരം= കഥ color= 4

 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ