ജി യു പി എസ് കളർകോട്/അക്ഷരവൃക്ഷം/എനിക്കുമുണ്ടൊരു കൊറോണക്കാലം
എനിക്കുമുണ്ടൊരു കൊറോണക്കാലം
ഇന്ത്യയിൽ ഈ രോഗം ആദ്യമായി കണ്ടുപിടിച്ചത് നമ്മുടെ കൊച്ചു കേരളത്തിലാണെന്നു എത്ര പേർക്കറിയാം.ഈ ഭീകരാവസ്ഥയിലും നമ്മുടെ കേരളം ഈ രോഗത്തെ നേരിടുന്നത് ഞാൻ അതിശയത്തോടുകൂടിയാണ് നോക്കി കാണുന്നത്.കഴിഞ്ഞ പ്രളയകാലത്തേ അനുഭവങ്ങൾ ഈ പ്രതിസന്ധിയും നമ്മൾ നേരിടും എന്ന പ്രതീക്ഷ നൽകി. പ്രതീക്ഷയല്ല ആത്മവിശ്വാസം. എന്തു കാര്യവും ഗൂഗിൾ ചെയ്തു നോക്കുന്ന ഏതൊരു മലയാളിയെപോലെ ഞാനും കൊറോണയെ ഗൂഗിൾ ചെയ്തു. അതിന്റെ ഉത്ഭവത്തെ പറ്റിയും വ്യാപനത്തെ പറ്റിയും ഞാൻ മനസ്സിലാക്കിയെങ്കിലും സ്കൂളിലെ പരീക്ഷയെപ്പറ്റിയായിരുന്നു എന്റെ ശ്രദ്ധ.പെട്ടെന്നൊരു ദിവസം പരീക്ഷകളൊന്നുമില്ലയെന്നു 'അമ്മ TV നോക്കി പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ തുള്ളിച്ചാടുകയായിരുന്നു. തൊട്ടടുത്ത ദിവസം കേരളം ലോക്ക് ഡൗൺ ചെയ്യുകയാണെന്ന് ടീവിയിൽ പറഞ്ഞു.എല്ലാവരും വീട്ടിനുള്ളിൽൽ സുരക്ഷിതമായി ഇരിക്കണമെന്നും പുറത്തിറങ്ങരുതെന്നുമാണ് ലോക്ക് ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അച്ഛൻ പറഞ്ഞു. പണ്ട് 1977ൽ വസൂരി എന്ന രോഗം പടർന്നുപിടിച്ചപ്പോൾ സമാനമായ അനുഭവം ഉണ്ടായതെന്ന് അപ്പൂപ്പനും പറഞ്ഞു. പെട്ടെന്നൊരു ദിവസം കൂടെ ക്രിക്കറ്റ് കളിക്കാൻ വന്നിരുന്ന കൂട്ടുകാരെയും കാണാതെയായി. പരീക്ഷ മാറ്റിയ സന്തോഷം അതോടെ തീർന്നു. എന്നെയും അനിയത്തിയേയും പുറത്തിറങ്ങുന്നതിൽ നിന്നും 'അമ്മ വിലക്കി. അങ്ങനെ കൊറോണ എന്റെ ജീവിതത്തിലും വില്ലനായി. വീട്ടിലെ ഷെൽഫുചൂണ്ടി അതിലെ പുസ്തകങ്ങളാണ് ഇനി നിന്റെ കൂട്ടുകാർ എന്നും 'അമ്മ പറഞ്ഞു. കൊറോണയെ വഴക്കുപറഞ്ഞുകൊണ്ടു എന്റെ സ്വതസിദ്ധമായ മടിയെ തരണം ചെയ്തുകൊണ്ട് കുറേ പുസ്തകങ്ങൾ ഞാൻ വായിച്ചു തീർത്തു. വൈകുന്നേരങ്ങൾ YOU TUBE സിനിമകൾ ഉഷാറാക്കി. 6 മണിക്ക് മുഖ്യ മന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞതിനുശേഷമേ റിമോട്ട് എന്റെ കയ്യിൽകിട്ടുകയുള്ളു. നമ്മുടെ നാടിനു വേണ്ടി നമുക്ക് ഒറ്റക്കെട്ടായി കോറോണയെ പിടിച്ചുകെട്ടണമെന്നു മുഖ്യമന്ത്രി പറയുന്നത് ഞാൻ കേട്ടു. ഭയം അല്ല ജാഗ്രതയാണ് വേണ്ടതെന്ന് നിർദേശവും കരുതൽ എന്ന വാക്കും എനിക്ക് സുപരിചിതമായി. കേരളത്തിലെ ടീച്ചറമ്മയോടും മാലാഖമാരോടും ഒത്തിരി സ്നേഹവും ബഹുമാനവും തോന്നി ആരോഗ്യ പ്രവർത്തകർ എന്ന വാക്ക് എനിക്ക് പുതുമയുള്ളതായിരുന്നു. LOCK DOWN നിയമങ്ങൾ മറികടന്ന് കറങ്ങാനിറങ്ങിയ ചേട്ടന്മാർക്കു പോലീസ് മാമന്മാർ നൽകിയ "എട്ടിൻറെ പണി"ടീവിയിൽ കണ്ടപ്പോൾ ചിരിച്ചു പോയി.ചുട്ടു പൊള്ളുന്ന വെയിലത്ത് നമ്മളെ സംരക്ഷിക്കാൻ കാവൽ നിന്ന നമ്മുടെ പോലീസ് മാമന്മാരെ ഓർത്തു അഭിമാനം തോന്നുന്നു. ഇവരുടെയെല്ലാവരുടെയും ഒത്തൊരുമ കണ്ടപ്പോൾ പ്രളയത്തെയും നിപ്പയെയുംഒക്കെ തോൽപിച്ച പോലെ കോവിഡിനെയും നാടുകടത്തുമെന്നുറപ്പായി. പടക്കങ്ങളൂം കമ്പിത്തിരികളും ഇല്ലാതെ വിഷുവും പ്രത്യേകിച്ചു ഒരു ആഘോഷവും ഇല്ലാതെ ഈസ്റ്റ്റും ഇതിനിടയിൽ കടന്നുപോയി. ഇത്തവണ എനിക്കും അനുജത്തിക്കും കിട്ടിയ വിഷുകൈനീട്ടം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞു. ആഘോഷങ്ങൾ ഇനിയും ഉണ്ടാവും നമ്മുടെ നാട് വീണ്ടും പൂർവസ്ഥിതിയിലേക്കാവട്ടെ സാമൂഹിക അകലം അഥവാ Social Distancing, Sanitizer ,മാസ്‌ക് എന്നിവരാണ് ഈ കോവിഡ് കാലത്തെ ഹീറോസ്. കൈ കഴുകി മാസ്കിട്ടു നമുക്ക് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ മുന്നേറാം. LET US BREAK THE CHAIN
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |