ഐതിഹ്യപെരുമകളുടെ നാടാണ് പാക്കം പ്രദേശം.സീതാലവകുശക്ഷേത്രവും അതിനോടനുബന്ധിച്ച നിരവധി ഐതിഹ്യങ്ങളും ഗോത്രജനതയും വാമൊഴിക്കഥകളായി ചൊല്ലിപഠിച്ചിരിക്കുന്നു.ആശ്രമക്കൊല്ലിക്കടുത്തു വാത്മീകിമഹർഷിയുടെ ആശ്രമം ഉണ്ടായിരുന്നതായും ലവകുശന്മാർ പക്കത്തു താമസിച്ചിരുന്നതായുമെല്ലാം കഥകൾ പറയാറുണ്ട്.

    കുറുവാദ്വീപിലെയും പരിസരത്തെ വനപ്രദേശങ്ങളിലെയും അപൂർവമായ ഔഷധസസ്യങ്ങളെക്കുറിച്ചു ഗോത്രവൈദ്യന്മാർക്കു നല്ല അറിവുണ്ടായിരുന്നു.ഇന്നും പല അസുഖങ്ങൾക്കും ഇവിടെയുള്ള ഗോത്രവൈദ്യന്മാരുടെ അടുത്ത് വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിത്സക്കായി എത്താറുണ്ട്.എന്നാൽ ഓരോ തലമുറകഴിയും തോറും പച്ചമരുന്നുകൾ കുറിച്ചുള്ള ഈ അറിവുകൾ കുറഞ്ഞുവരുന്നു.സ്കൂളിന്റെ ജൈവോദ്യാനത്തിൽ ഈ പറയുന്ന ധാരാളം ഔഷധസസ്യങ്ങൾ നട്ടു പരിപാലിച്ചുപോരുന്നു.

  കുറുവാദ്വീപിന്റെ നടുവിലെ രണ്ടു ചെറുതടാകങ്ങളിലെ വെള്ളത്തിന് ഔഷധഗുണമുള്ളതായി വിശ്വസിക്കുന്നു.ദ്വീപിലെ അപൂർവങ്ങളായ പച്ചമരുന്നുകളുടെ ഇലകൾ തണ്ടും ജീർണിച്ചൊഴുകിയെത്തി ആ ജലാശയത്തെ പ്രകൃതിയുടെ ഔഷധകുളമാക്കിയതായിരിക്കാം.

  വനത്തിനുള്ളിലെ ചിലമരങ്ങൾ ജലസമൃദ്ധങ്ങളാണ്.അതിന്റെ തോൽ  പൊട്ടിച്ചു മുളങ്കുഴൽ വെച്ചാൽ ദാഹം തീർക്കാനുള്ള ജലം ലഭിക്കും.പണ്ടത്തെ വഴിയാത്രക്കാർക്കും കാലിമേയ്ക്കുന്നവർക്കുമെല്ലാം പ്രകൃതിയുടെ വരദാനം....ദാഹജലം

  വനത്തിലെ വള്ളിസസ്യങ്ങളിലൊന്നായ "ഞതമ്പു" ഉപയോഗിച്ചാണ് വില്ലിന്റെ ഞാണ്  കെട്ടിയിരുന്നത്.അതുപോലെ വീട് നിർമ്മിക്കാൻ ..കഴുക്കോലുകൾ കെട്ടാനും "മെടലകൾ"{ചുവരുകൾ} കൂട്ടികെട്ടാനും ഞതമ്പുവള്ളികൾ ഉപയോഗിച്ചിരുന്നു.മുള ചെറുചെറുങ്ങനെ കൊത്തിയുണ്ടാക്കുന്ന "തൈതലുകൾ" പുരയുടെ മനോഹരങ്ങളായ സീലിംഗുകളായിരുന്നു.വനത്തിലെ ചുരക്കയും മുളകുംഭങ്ങളും അന്നത്തെ ആഹാരസംഭരണികളും ചെറുവിത്തുസംഭരണികളുമായിരുന്നു.മുളകുംഭത്തിൽ പാൽ കറന്നു വരുന്നത്  അടുത്തകാലം വരെ കാണാനാകുമായിരുന്നു.

   വനത്തിലെ സോപ്പ് കായ്കൾ,ഇഞ്ചചതച്ചത് എല്ലാം അന്നത്തെ നീരാട്ടിനെ പ്രൗഢമാക്കിയിരുന്നു.കാട്ടുമാങ്ങ ഉണക്കിയുണ്ടാക്കിയ മാങ്ങാപുളിയും കൊടംപുളിയുമെല്ലാം അന്നത്തെ ആഹാരത്തിനു രുചികൂട്ടിയിരുന്നു.  കാട്ടുനായ്ക്ക വിഭാഗങ്ങൾ ശേഖരിച്ചുവരുന്ന കാട്ടുതേൻ ഔഷധഗുണങ്ങളിൽ രാജാവ് തന്നെയായിരുന്നു.വൻതേൻ ചെറുതേൻ പുറ്റുതേൻ അങ്ങനെ പലതരം.അതിന്റെ മെഴുക് മറ്റുപല കാര്യങ്ങൾക്കും ഉപയോഗിച്ചിരുന്നു.വനത്തിലെ മരങ്ങളിൽ നിന്നും കിട്ടുന്ന "പശ"അവർ ശേഖരിച്ചിരുന്നു.പക്ഷികളെ പിടിക്കാനും പാത്രങ്ങളുടെ ദ്വാരം അടക്കാനുമെല്ലാം അതുപയോഗിച്ചിരുന്നു.അതിലെ ചില പശകൂട്ടുകൾ ഇന്നത്തെ ഫെവിക്കോളിനെക്കാളും ക്വിക്ഫിക്സിനെക്കാളും ഉറപ്പേറിയതായിരുന്നു.

  നറുനീണ്ടിയും{നന്നാറി}ചിലമരങ്ങളുടെ തോലിൽ കാണുന്ന ആൽഗകളും  ഉത്തമദാഹശമനികളായും ഞെരിഞ്ഞിൽ പോലുള്ളവ ഔഷധപാനീയങ്ങളായും ഉപയോഗിച്ച് പോന്നിരുന്നു.

  കാൽസ്യത്തിന്റെ കലവറയായ മുളങ്കൂമ്പ് മുളയരി പോലുള്ള വനവിഭവങ്ങൾ ഉപയോഗിച്ചുള്ള രുചികരമായ ആഹാരവിഭവങ്ങൾ എല്ലാം ഇന്നും ഇവിടുത്തുകാർ ഉപയോഗിച്ചുപോരുന്നു.

  നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് മുളങ്കൂമ്പ് തോരനും അച്ചാറും കറികളുമായി  ഉച്ചഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്.

വനവും വനവിഭവങ്ങളുമായി പ്രകൃതിയോടിണങ്ങി ജീവിച്ച ഒരു ജനതയ്ക്കു തലമുറകളോട് ഇനിയും ഒത്തിരിയേറെ പറയാനുണ്ട്.നിത്യഹരിത വനസസ്യങ്ങൾ അപൂർവമായി കാണപ്പെടുന്ന കേരളത്തിലെ അവശേഷിക്കുന്ന തുരുത്താണ് കുറുവ.പുഴയോരത്തെ കൂറ്റൻ വെള്ളപൈൻമരങ്ങളും അപൂർവങ്ങളായ ഓർക്കിഡുകളും മലമുഴക്കിവേഴാമ്പലുൾപ്പടെയുള്ള പക്ഷികളുടെ സങ്കേതവുമായി നിലകൊള്ളുന്ന കുറുവയ്ക്കുമുണ്ട് പറയാനേറെ.