സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബ്രിട്ടീഷ് ഭരണകാലത്ത് കോടതി അഥവാ കച്ചേരി സ്ഥിതിചെയ്തിരുന്ന സ്ഥലം ആയതുകൊണ്ടാണ് ഈ പ്രദേശം കച്ചേരിക്കുന്ന് എന്ന പേരുവന്നത് .സ്കൂളിനടുത്ത് സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിൽ അടുത്തകാലം വരെയും കോടതിയുടെയും ജയിലിന്റെയും ഭാഗങ്ങൾ ഉണ്ടായിരുന്നു .പ്രസിദ്ധമായ കൽപ്പറ്റ ചന്ത നടന്നിരുന്ന സ്ഥലവും ചന്തക്കുന്നും വിദ്യാലയത്തിന് അടുത്താണ് .കർണാടകയിൽ നിന്നും കോഴിക്കോട് നിന്നും സാധനങ്ങൾ ചന്തയിൽ എത്തിച്ചിരുന്നു. വയനാടിൻറെ വിവിധഭാഗങ്ങളിൽ നിന്ന് നടന്നും കാളവണ്ടിയിലും ആളുകൾ സാധനങ്ങൾ വാങ്ങാൻ വന്നിരുന്നു .പഴശ്ശി ഭരണകാലം മുതൽ കൽപ്പറ്റ ഗ്രാമ തറവാട്ടുകാരാണ് ചന്ത നടത്തിയിരുന്നത് .പിന്നീടത് പഞ്ചായത്ത് വകയായി ഇപ്പോൾ ചന്ത സ്ഥലപ്പേരിൽ മാത്രം.

തുടക്കകാലത്ത് വിദ്യ തേടിയെത്തുന്നവർ നന്നേ വിരളമായിരുന്നു. ചേർന്നരിവരിൽ തന്നെ പലരും ആദ്യദിവസങ്ങളിൽ പഠനം മതിയാക്കി പോയിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 100 വർഷം മുമ്പുള്ള സാമൂഹ്യജീവിതത്തിൽ പരിഛേദനം എന്നോണം കുട്ടികളെ ജാതി അടിസ്ഥാനത്തിൽ ആൺ-പെൺ തിരിച് അടയാളപ്പെടുത്തിയ രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് .

വിവിധ കാലങ്ങളിലായി ബോർഡ് ബോയ്സ് സ്കൂൾ, ബോർഡ് ഗേൾസ് സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .മലബാർ ഡിസ്ട്രിക്ട് ബോർഡ് ആവിർഭാവത്തോടെ സ്കൂളിൻറെ നിയന്ത്രണം ബോർഡിൻറെ കീഴിലായി .കേരളപിറവിക്ക്‌ ശേഷം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൽപ്പറ്റ ജി.എൽ.പി സ്കൂൾ ആയതിനു ശേഷവും പഴയ ബോർഡ് സ്കൂൾ എന്ന നാമധേയം പഴമക്കാരുടെ നാക്കിൽ തുമ്പിൽ നിന്നും പുതുതലമുറയിലേക്കും പകർന്നു പോന്നു .

കൽപ്പറ്റ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ വിദ്യ തേടിയെത്തിയിരുന്നു. 1970-കളിൽ സ്ഥലപരിമിതി വിദ്യാലയം വീർപ്പുമുട്ടി യപ്പോൾ പുൽപ്പാറ പ്രദേശ് കൾക്കായി അവിടെ ബ്രാഞ്ച് സ്കൂളും പ്രവർത്തിച്ചിരുന്നു.പരിമിതമായ സ്ഥലത്തും തണൽമരങ്ങളും ഫലവൃക്ഷങ്ങളും ഉണ്ടായിരുന്നെന്ന് പൂർവവിദ്യാർത്ഥികൾ ഓർത്തു പറയുന്നു.

ചരിത്രത്തിൻറെ ഏടുകളിൽ എന്നും മായാതെ കിടക്കുന്ന ഒരു കണക്കു പുസ്തകം ഉണ്ട് .പല്ലുതേപ്പും കുളിയും ഇല്ലാതെ വിദ്യാലയത്തിൽ എത്തുന്നവരുടെ പ്രാകൃത അവസ്ഥ എണ്ണയും സോപ്പും വഴി ചെലവ് കണക്ക് പുസ്തകം തുറന്നുകാണിക്കുന്നു.ഇന്ന്പാഠപുസ്തകങ്ങളും,പഠനോപകരണങ്ങളും നൽകുന്ന ഗൗരവത്തോടെയാണ് അന്ന് എണ്ണയുംസോപ്പുംനൽകിയിരുന്നത്.

കൽപ്പറ്റയിലും ചുറ്റുവട്ടത്തും കൂടുതൽ വിദ്യാലയങ്ങൾ സ്ഥാപിതമായതും നൂറ്റാണ്ടിലെ പഴമയിൽ നിറംമങ്ങി പോയതും വിദ്യാലയമുത്തശ്ശിക്ക് വിനയായി.68 കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമായി ബോർഡ് സ്കൂൾ മാറിയപ്പോൾ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നു പതറിയെങ്കിലും,ആദ്യ വിദ്യാലയത്തെ അന്ധതയിലേക്ക് തള്ളിവിടാൻ ദേശസ്നേഹികൾ തയ്യാറായില്ല ആകർഷകമായ നൂതന പദ്ധതികളിലൂടെ വിദ്യാലയത്തെ പുനരുജ്ജീവിപ്പിച്ചു.സ്കൂൾ ലീഡർ കെ.എസ്.രാമദാസ് രാഷ്ട്രപതി ഡോക്ടർ: എ.പി.ജെ അബ്ദുൽ കലാമിന് എഴുതിയ സങ്കടഹർജി പുതുജീവനേകി.

കൽപ്പറ്റ നഗരസഭ, എസ്.എസ്.എ എന്നിവയുടെ പിന്തുണയോടെ വിദ്യാലയം ആകർഷകമാക്കി. പ്രീപ്രൈമറി ആരംഭിച്ച ആദ്യ സർക്കാർ വിദ്യാലയമായി ഇത് മാറി .കഞ്ഞിയും പയറും എന്നതിൽ നിന്ന് ഉച്ചഭക്ഷണം എന്ന വിവിധ സമൃദ്ധമായ സദ്യവട്ടങ്ങളിലേക്ക് മാറി.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു രക്ഷിതാക്കൾ അമിത താൽപര്യം കാണിച്ച ആ കാലഘട്ടത്തിൽ രണ്ടായിരത്തി ഒന്നിൽ ഒന്നാം ക്ലാസ് മുതൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം ആരംഭിച്ചു.

ഇതോടൊപ്പം വിദ്യാലയത്തിലെ തണുത്ത പ്രവർത്തനങ്ങളായ നാട്ടറിവ് തേടി നടന്നു നടന്ന് ഗൃഹശ്രീ, സീബ്രാലൈൻ കാൽനടയാത്ര പഠനം, ലിറ്റിൽ വേൾഡ് .com ,സ്നേഹക്കൂട്ടായ്മ ,2016 ൽ തുടങ്ങിയ സ്കൂളിൻറെ വാട്സപ്പ് ഗ്രൂപ്പ് ആയ "തേൻതുള്ളി" തുടങ്ങിയവയൊക്കെ വിദ്യാലയത്തെ മികവിന് പാതയിൽ മുന്നേറാൻ സഹായിച്ചു. ഈ കോവിഡ് കാലത്തിന്റെ തുടക്കത്തിൽ 2020മാർച്ച് പതിനൊന്നാം തീയതി മുതൽ തന്നെ തേൻതുള്ളിലൂടെ ഓൺലൈൻ പഠനം ആരംഭിച്ചത്‌ ഏറെ ശ്രദ്ധേയമായി.

എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി മുന്നേറുമ്പോഴും കേവലം 25 സെൻറ് സ്ഥലത്ത് വീർപ്പുമുട്ടി കഴിയുന്ന അവസ്ഥ മാറി ഹയർസെക്കൻഡറി തലം വരെയുള്ള ഒരു വിദ്യാലയ അന്തരീക്ഷം സ്വപ്നം കാണുകയാണ് കൽപ്പറ്റ യുടെ സ്വന്തം ബോർഡ് സ്കൂൾ.