ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/അക്ഷരവൃക്ഷം/ഒരു സ്വപ്നം

ഒരു സ്വപ്നം

കാടായ കാടെല്ലാം വിടപറഞ്ഞു .തെളിനീരേന്തിയ തണ്ണീർത്തടങ്ങളും മാഞ്ഞു. കുളിരു തന്ന നീർച്ചാലുകളും, കാഴ്ചയ്ക്ക് ശാന്തത പകർന്നു നൽകിയ ചോലകളും എന്നന്നേക്കുമായി ഭൂമിയിൽ നിന്നു മണ്മറഞ്ഞുകൊണ്ടിരിക്കുന്നു. മഴ തോർന്നാലും പെയ്തുകൊണ്ടിരുന്ന മരങ്ങളൊക്കെയും വേരോടെ പിഴുതെറിയപ്പെട്ടു. കുന്നുകളില്ല. പുല്മേടുകളില്ല. പൊടിപിടിച്ച അന്തരീക്ഷത്തിൽ ഗർജനങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു. മറ്റാരോ പറഞ്ഞപോലെ വലിയ ശരീരവും ചെറിയ ഹൃദയവുമുള്ള ജീവികളുടെ ആക്രമണത്തിൽ മുറിവേറ്റ ധരണിയുടെ പകയും പ്രതികാരവും ആ മുഴങ്ങുന്ന ശബ്ദത്തിലടങ്ങിയിട്ടുണ്ടാവണം. മൂന്ന് ദിവസമായി ഒരു നേർത്ത തുള്ളികൊണ്ട് പോലും നാവിനെ ഈർപ്പപ്പെടുത്താൻ സാധിക്കാത്തത് ശരീരത്തെ മാത്രമല്ല മനസിനെയും ബാധിച്ചിരിക്കുന്നു. ജലാന്വേഷണം എന്ന ലക്ഷ്യവുമായി വീട്ടുപടി കടന്നു മുറ്റത്തേക്കിറങ്ങി. കണ്ട കാഴ്ച ആകെയൊന്നു മരവിപ്പിച്ചു. അച്ഛൻ അമ്മ... എല്ലാവരും...എല്ലാവരും ഉറക്കത്തിലാണ്. ഒരിക്കലും തിരികെയില്ലാത്ത അനന്തതയുടെ നിദ്രയിൽ കിളികളും പൂച്ചക്കുഞ്ഞുങ്ങളുമെല്ലാം പിടഞ്ഞുവീഴുന്നു. ഒരു നിമിഷത്തേക്ക് ശാന്തമായ ദാഹം അയവിറക്കാൻ തുടങ്ങിയിരിക്കുന്നു.

ഇല്ല .....ഒരു തുള്ളിപോയിട്ട് എങ്ങും ഈർപ്പമയം പോലുമില്ല. മനസെന്നോട് ഭീതിയോടെ മന്ത്രിച്ചു, ഇതാ നീയും അവസാനിക്കാൻ പോകുന്നു. തീർക്കണം അവസാന തുള്ളിക്ക് വേണ്ടി ഇരക്കുന്ന ഈ ദാഹം തീർക്കണം .പക്ഷെ എങ്ങനെ? വിളറിയ കണ്ണുകൾ കത്തിയെ പരതി. ഇടറുന്ന കാലുകൾ അതിനടുത്തെത്തിച്ചു. അന്ത്യമടുത്തിരുക്കുന്നവനു എന്തിനു ഭയം? വിറയ്ക്കുന്ന കയ്യിൽ കത്തിയുമേന്തി രണ്ടും കല്പിച്ച് മറുകൈ മുറിച്ചു. ചോര പുറത്തേക്കെത്തിനോക്കി. പിന്നെ പൊടിഞ്ഞു നീർച്ചാലായി ഒഴുകി. ആ കൈ നാവിനടുത്തേക്ക് നീങ്ങി. കൈവെള്ളയിലൂടെ ഒഴുകി വന്ന രക്തത്തെ നാവ് ആർത്തിയോടെ സ്വീകരിച്ചു.

കിണറ്റിന്നരികെ നിൽക്കെ ഇന്നലെ കണ്ട സ്വപ്നം കിരണിന്റെ മനസ്സിൽ തികട്ടി വന്നു. ദാഹം തീർക്കാൻ ചോര കുടിക്കുന്ന ആ രംഗത്തെപ്പറ്റി ചിന്തിക്കുക അവന് ഏറെ പ്രയാസകരമായിരുന്നു. ഒരു നിശ്വാസത്തിന്‌ ശേഷം കിണറ്റിലേക്ക് അവൻ ഒന്ന് എത്തിനോക്കി. പ്രഭാതസൂര്യന്റെ പ്രതിബിംബം അതിൽ തെളിഞ്ഞുകാണാം. ചെറു മീനുകളെയും കാണാം. കഴിഞ്ഞ മഴക്കാലത്തു വീടിനു മുന്നിലെ കൈത്തോട്ടിൽ നിന്ന് കൂട്ടുകാരോടൊത് പിടിച്ചതാണ്. മഴക്കാലത്തു മാത്രമേ അതിൽ വെള്ളം ഉണ്ടാവൂ. അല്ലാത്തപ്പോ അതൊരു ചെറിയ വഴിയായേ തോന്നൂ. കിണറ്റിൽ അവർ ഉല്ലസിക്കുകയാണ്. എന്നോട് അവർക്ക് കാര്യമായ പരിഭവമൊന്നും ഇല്ലായിരിക്കാം .

അങ്ങനെ ചിന്തിച്ചു നിൽക്കെ അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം, "ചായ വേണെങ്കിൽ പല്ലുതേച്ചിട്ട് വേഗം വരാൻ നോക്ക് ." അമ്മയുടെ ദേഷ്യത്തിനും ശരിയുണ്ട്. ഇന്ന് എഴുന്നേറ്റത് തന്നെ അല്പം വൈകിയാണ് .പോരാതെ, കുറച്ച സമയം ഇങ്ങനെയും പോയി. പല്ലു തേക്കുവാനുള്ള തയ്യാറെടുപ്പുമായി പൈപ്പിൻച്ചോട്ടിലെത്തി. പൈപ്പ് തുറക്കാനായി കൈ തുനിഞ്ഞു. പിറകോട്ട് വലിഞ്ഞു... ഇപ്പുറം തെങ്ങിൽ നിന്നും കാക്ക കരയുന്നു. ഒന്നോ രണ്ടോ പ്രാവശ്യം കരഞ്ഞപ്പോൾ ഇപ്പൊ നിർത്തും എന്ന് കരുതി. പക്ഷെ അത് ആവർത്തിക്കാൻ തുടങ്ങി. മുത്തശ്ശി ഉണ്ടെങ്കിൽ കാക്കയ്ക് തൃപ്തികരമാംവിധം മറുപടിക്ക് നേരമായി. ആഹ് ...ചിലപ്പോ മുത്തശ്ശിയാകാം.ആയിരിക്കുമോ.... ഈ കൊടും വേനലിൽ ഇതിനും ദാഹവും വിശപ്പും ഉണ്ടാവില്ലേ. ഉണ്ടാകും. അതുംഒരു ജീവനല്ലേ .

പൈപ്പിൻ ചോട്ടിൽ ഉണ്ടായിരുന്ന ഉപയോഗശൂന്യമായ ആ പാത്രം കിരൺ കയ്യിലെടുത്തു. ഒരു പരിശോധന നടത്തി. കാര്യമായ കേടുപാടുകളൊന്നും തന്നെയില്ല. പൈപ്പ് തുറന്ന് വെള്ളം നിറച്ചു. തണലുള്ളിടത്ത് കൊണ്ടുവെച്ചു. വെയിലേറ്റ് ചൂടുപിടിച്ച വെള്ളം കുടിച്ചാൽ പൊള്ളും. ആ ഒരു മുൻകരുതലോട്കൂടി അവൻ ആ പാത്രം ഉത്തമമായിടത്തു വെച്ചു.

ഉറക്കമെത്താത്ത രാത്രിയിൽ ഇരുമിഴിയും തുറന്ന് ഇരുട്ടിനോടെന്തോ കുശലം പറയവേ വെള്ളം നിറച്ച പാത്രം കിരണിന്റെ ഓർമയിലെത്തി. വാവിട്ടുകരഞ്ഞ കാക്കയും മറ്റു കിളികളും അതിൽ നിന്ന് വെള്ളം കുടിച്ചിട്ടുണ്ടാകുമോ ...അങ്ങനെയെങ്കിൽ അവർ മനസുകൊണ്ട് എന്നോട് നന്ദി പറഞ്ഞിട്ടുണ്ടാകും.

കിതച്ചെത്തുന്ന സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചം കാവൽ നില്കുന്നതുകൊണ്ടാവണം ഇരുട്ടിന്റെ തീക്ഷ്ണഗന്ധമുണ്ടാകേണ്ട ഈ രാത്രിയിൽ മരങ്ങൾക്ക് കൂട്ടായി അവരുടെ നിഴലുകൾ ഉണ്ട് .നിഴലുകൾ എന്നതിലുപരി മണ്ണിനെ ചുംബിച്ചു നിന്ന അവ കാലാന്തരേണ ചായം മങ്ങിയ ഏതോ ശിലായുഗത്തിലെ ചിത്രപ്പണികളാണെന്നേ തോന്നൂ. ജനലഴികൾക്കിടയിലൂടെയുള്ള ഈ കാഴ്ച അങ്ങേയറ്റം ആസ്വാദ്യകരം എന്നത് നിസ്സംശയം. ഇടയ്ക്കെപ്പോഴോ എത്തിനോക്കിയ ഇളം കാറ്റ് തണുപ്പിനെ അവന്റെ മുഖത്തേക്കൊന്ന്‌ നീട്ടിത്തുപ്പി . വൈകാതെ സ്റ്റേഷൻ കിട്ടാതെ നടന്ന ഉറക്കവും അവനെ തേടിയെത്തി. ഇന്നലെ കണ്ട സ്വപ്നം അവൻ ഓർത്തു. മനസിനോടെന്തോ മന്ത്രിച്ചു. പിന്നെ മറന്നു കളഞ്ഞു ......

അരുണിമ വി
9 A ജി എച്ച് എസ് എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ