ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/അക്ഷരവൃക്ഷം/യാത്രകൾ തുടരുന്നു

യാത്രകൾ തുടരുന്നു

യാത്രകൾ തുടരുന്നു....
ഓരോ യാത്രയും ഓരോ അനുഭവങ്ങളും ഒത്തിരി അറിവുകളും നമുക്ക് നൽകുന്നു. ചെറിയ യാത്രകൾ തന്നെ നമ്മെ ഒരുപാട് സന്തോഷിപ്പിക്കാറുണ്ട്. അപ്പോൾ അത്യാവശ്യം ഒരു വലിയ യാത്രയാണെങ്കിലോ.... ?
എന്റെ യാത്ര ഉത്തരേന്ത്യയിലേക്കായിരുന്നു. നമുക്ക് പോകാം.....ഒറ്റയ്ക്കായിരുന്നില്ല, കുടുംബത്തോട് കൂടിയായിരുന്നു എന്റെ യാത്ര. ആദ്യം പോയത് നേരെ പഞ്ചാബിലെ ബിയാസിലേക്കായിരുന്നു. കൊങ്കൺ വഴി ആയതുകൊണ്ട് ബിയാസിലെത്താൻ രണ്ടു ദിവസമേ വേണ്ടി വന്നുള്ളൂ.. അഞ്ചു നദികളുടെ നാടായ പഞ്ചാബിലെ നദികളിലൊന്നാണ് ബിയാസ് എന്ന് അന്നാണ് ഞാനറിഞ്ഞത്. അവിടേക്ക് എത്താനുള്ള രണ്ടു ദിവസത്തെ തീവണ്ടി യാത്രയിൽ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടു വന്ന ഭക്ഷണങ്ങൾ പങ്കിട്ടു കഴിച്ചപ്പോൾ അനുഭവിച്ച ആ രുചി വേറിട്ടൊരു അനുഭവമായിരുന്നു. പാട്ടും മേളവും കടം കഥകളുമായി തീവണ്ടി യാത്ര ഉല്ലാസഭരിതമാക്കി. കേരളത്തിൽ നിന്നും പുറമേ എത്തിയപ്പോൾ തന്നെ രുചികൾ മാറിത്തുടങ്ങിയിരുന്നു. കേരളത്തിന്റെ കുത്തരിച്ചോറിന്റെ മണം കാറ്റിൽ പറന്നകന്നു.. ഒരുപാട് സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യേണ്ടിയിരുന്നത് കൊണ്ട് പല രുചികൾ നാവിലൂടെ കയറിയിറങ്ങിപ്പോയി..സൂര്യകിരണങ്ങൾ തട്ടി തിളങ്ങി നിൽക്കുന്ന യൂപി യിലെ ഗോതമ്പു പാടങ്ങൾ പോലെത്തന്നെ നല്ലതായിരുന്നു ഉത്തരേന്ത്യൻ വിഭവമായ വടാപാവ്... കേരളത്തിന്റെ രുചി വല്ലാതെ മിസ് ചെയ്തുവെങ്കിലും വിവിധ നാടുകളും കാഴ്ചകളും കാണുമ്പോഴുണ്ടാകുന്ന സന്തോഷം പോലെ വിവിധ രുചികൾ ആസ്വദിക്കാൻ എന്റെ നാവും തയ്യാറായി.ബിയാസിൽ നിന്നും കാറുകളിലാണ് പഞ്ചാബിലേക്ക് പോയത്. അവിടെ നേരത്തെ ബുക്ക്‌ ചെയ്ത റൂമുകളിൽ പോയി കുളിച്ചു ഭക്ഷണം കഴിച്ച് വിശ്രമിച്ചു.. ഇത്ര ദൂരം യാത്ര ചെയ്ത് എത്തിയതിനാൽ പരമാവധി ആസ്വദിക്കാതെ മടങ്ങുന്നതിൽ അർത്ഥമില്ല.. പ്രാചീന കാലഘട്ടത്തിൽ ഇന്ത്യയിലെ പല സംസ്കാരങ്ങളും ഉരുത്തിരിഞ്ഞ സ്ഥലമാണ് ഉത്തരേന്ത്യ.... ! അതു കൊണ്ടുതന്നെ അവിടെ നിന്നും ഒപ്പിയെടുക്കാൻ ഒരുപാട് കാഴ്ചകളും അനുഭവങ്ങളും ഉണ്ട് എന്നതിൽ സംശയമില്ല ; പഞ്ചാബിലെ ഏതാനും ദിവസത്തെ താമസവും ബന്ധു വീട് സന്ദർശനവും അജണ്ടയിലുണ്.
പഞ്ചാബി... ആ വാക്ക് കേൾക്കുമ്പോൾ തലയിൽ കെട്ടും കുർത്തയുമൊക്കെയായി നൃത്തം ചെയ്യുന്ന സിനിമയിൽ കണ്ട ഒരു രൂപമാണ് എന്റെ മനസിലേക്ക് ഓടി വരുന്നത്.. അവരെയാണ് ഞാൻ നേരിൽ കാണുന്നത്... എങ്ങും സിഖ് മയം. കാണുമ്പോൾ ഘടാഘടിയന്മാരാണെങ്കിലും ഇടപഴകാൻ മോശക്കാരല്ലാത്തവർ. അവിടുത്തെ തെരുവോരങ്ങളിലൂടെ നടക്കുമ്പോൾ ആകപ്പാടെ ഒരു അപരിചിതത്വം അനുഭവപ്പെട്ടു. എങ്കിലും എല്ലാം ഞാൻ ആസ്വദിച്ച് തുടങ്ങിയിരുന്നു. അന്ന് കഴിച്ച പഞ്ചാബി വിഭവങ്ങളിൽ പ്രധാനികളായിരുന്നു റൊട്ടിയും ദാല് കറിയും പച്ചരിചോറും ആട്ടിറച്ചി കറിയും... മധുര പലഹാരങ്ങളുടെ കലവറയാണ് പഞ്ചാബ്.. വ്യത്യസ്ത മധുരം നാവിനെ പുളകമണിയിച്ചു..
ബസാറിലൂടെ നടന്നപ്പോൾ ഇരു വശവും സ്പോർട്സ് ഉപകരണങ്ങൾ വിൽക്കാൻ വെച്ചിരിക്കുന്നതിൽ പല തവണ കണ്ണുടക്കിപ്പോയി. അങ്ങിനെ രണ്ടു ക്രിക്കറ്റ് ബാറ്റും സ്വന്തമാക്കി.. അവിടുത്തെ വഴിയോര കച്ചവടക്കാഴ്ചകളിൽ പലവിധ കായിക ഉപകരണങ്ങൾ കണ്ടതും മനസിലായി പഞ്ചാബികളുടെ കായിക താത്പര്യം എത്രയാണെന്ന്.. വൈകുന്നേരത്തെ പട്ടം പറത്തുന്ന കാഴ്ച എന്ത് മനോഹരം.. പട്ടത്തിനൊപ്പം ആകാശകാഴ്ചകൾ കാണാൻ ഞാനും കൂടിപ്പോയോ ?... ഒരു നിമിഷം എല്ലാം മറന്നു ഞാൻ ആകാശത്തേക്ക് നോക്കി നിന്നുപോയി...ഒരു വൈകുന്നേരം ഇന്ത്യാപാക്ക് അതിർത്തിയായ വാകാബോഡറിൽ പരേഡ് കാണാൻ പോയി. മുമ്പ്‌ പോയിട്ടുണ്ടെങ്കിലും അതിനേക്കാളും കാര്യങ്ങൾ ഗ്രഹിക്കാനുള്ള പ്രായമായതുകൊണ്ട് ഊർജ്ജസ്വലമായി ആസ്വദിക്കാൻ കഴിഞ്ഞു. എന്തുകൊണ്ടെന്നാൽ മുമ്പ് പോയപ്പോൾ നമ്മുടെ രാജ്യാതിർത്തിയാണെന്നും ഇതിനു പിന്നിലെ ചരിത്രങ്ങളോ എനിക്കറിയില്ലായിരുന്നു. എന്നും രാവിലെ അതിർത്തിയിൽ ഉയർത്തുന്ന നമ്മുടെ പതാക ഒരുപാട് അകമ്പടിയോടും ആദരവോടും കൂടി വൈകുന്നേരം അഴിച്ചു കൊണ്ടുവരുന്ന കാഴ്ചയാണ് അന്നവിടെ കണ്ടത്. ഈ പ്രവർത്തി എല്ലാ ദിവസവും അവിടെ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ എന്നിൽ കൗതുകമുണർത്തി. അവിടെ മാറ്റൊലി കൊണ്ടിരുന്ന ദേശഭക്തി ഗാനങ്ങളും മുദ്രാവാക്യങ്ങളും എന്റെ മനസിന്റെ കോണിൽ ഇന്നും അലയടിച്ചു കൊണ്ടിരിക്കുന്നു.. ഈ കാഴ്ച കാണുന്ന ഏതൊരു ശരാശരി ഇന്ത്യക്കാരനും തന്റെ രാജ്യത്തെയോർത്തു അഭിമാനം കൊള്ളുമെന്നതിൽ യാതൊരു സംശയവുമില്ല...അടുത്ത ദിവസം ഞങ്ങൾ രാജ്യത്തിന്റെ തലസ്ഥാനമായ ന്യുഡൽഹിയിലേക്ക് യാത്ര തിരിച്ചു. അമൃത്‌സർ വഴിയായിരുന്നു യാത്ര. അമൃത്‌സർ വഴി പോകുമ്പോൾ സുവർണക്ഷേത്രം കാണാതെ പോകുന്നതെങ്ങനെ ? അങ്ങനെ ഞങ്ങൾ സുവർണക്ഷേത്രത്തിലെത്തി. സിഖ് മതസ്ഥർക്ക് അതിപാവനവും പരിശുദ്ധവുമാണല്ലോ സുവർണക്ഷേത്രം... അതുകൊണ്ട് ചെരുപ്പുകൾ അഴിച്ചു വെച്ച് കാലുകൾ കഴുകിയാണ് അകത്തു കയറിയത്. ഒരു തടാകത്തിനു നടുവിലാണ് ക്ഷേത്രം. മുഴുവൻ സ്വർണഭരിതമായതിനാൽ വളരെ സുന്ദരിയാണവൾ....
അമൃത്സറിൽ വളരെ പ്രധാനപ്പെട്ട മറ്റൊന്നുണ്ട്.. ഓർത്തെടുക്കുമ്പോൾ തന്നെ കൂട്ടനിലവിളിയും തളം കെട്ടിക്കിടക്കുന്ന ചോരയുടെയും കഥകൾ പറയുന്ന ജാലിയൻ വാലാബാഗ്. പാഠപുസ്തകത്തിൽ മാത്രം വായിച്ചെടുത്ത ജാലിയൻ വാലാബാഗിനകത്തേക്ക് നടക്കുമ്പോൾ വല്ലാത്തൊരു മനസികാവസ്ഥയായിരുന്നു. ആളുകൾ വെടികൊണ്ടു വീഴുന്നതും ചിതറിയോടുന്നതും എല്ലാം എന്റെ മനസിലേക്ക് വന്നു. രക്ഷപ്പെടാൻ ആളുകൾ എടുത്തുചാടിയ ആ കിണറും, എല്ലാം അതുപോലെത്തന്നെയുണ്ട്. വായിച്ചറിഞ്ഞതുപോലെ ഇന്നും അതിനകത്തേക്കു കടക്കാൻ ആ ചെറിയ വഴി മാത്രമേ ഉള്ളൂ. നമ്മൾ അതിനകത്തു നിന്നുകൊണ്ട് ആ സ്വാതന്ത്ര്യ സമര കഥയുടെ ഏടുകൾ വായിച്ചാൽ തന്നെ മനസിലാകും എത്ര മാത്രം ഭീകരമായിരുന്നു അന്നത്തെ ആ സംഭവമെന്ന്. അമൃത്സറിലെ കാഴ്ചകൾക്ക് ശേഷം ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ചരിത്രപരമായി ഒരുപാട് കഥകളുറങ്ങുന്ന മണ്ണിലേക്ക്...ഡൽഹിയിൽ നിന്നും കാറുകളിലാണ് ഞങ്ങൾ ഒരുപാടൊരുപാട് കാഴ്ചകളുടെ തീരങ്ങൾ തേടി യാത്ര പുറപ്പെട്ടത്. പാർലമെന്റ്, ഇന്ത്യാ ഗേറ്റ്, ചെങ്കോട്ട, കുത്തബ്മിനാർ,ലോട്ടസ്ടെമ്പിൾ, ഇവയൊന്നും കൂടാതെ ഇനിയും കാഴ്ചകൾ ഒരുപാടുണ്ട് ഡൽഹിയിൽ. ഇവ ഓരോന്നും എനിക്ക് വ്യത്യസ്ത അനുഭവങ്ങളും അനുഭൂതികളുമാണ് നൽകിയത്. ഇവയെല്ലാം വിവരിക്കുകയാണെങ്കിൽ താളുകൾ മതിയാവാതെ വരും. എങ്കിലും എന്റെ മനസിനെ സ്പർശിച്ച ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കാം.. കുത്തബ്മിനാറിനെ കുറിച്ചും, ചെങ്കോട്ടയെക്കുറിച്ചും ഇന്ത്യാ ഗേറ്റിനെ കുറിച്ചുമെല്ലാം ഡൽഹി സന്ദർശിച്ച പലരും വിവരിച്ചിട്ടുള്ളതാണ്. ഈ പറഞ്ഞ സ്മാരകങ്ങളെല്ലാം ചരിത്ര പ്രധാനമായി വളരെ പ്രധാനപ്പെട്ടതാണെങ്കിലും എന്റെ മനസിലുടക്കിയത് മറ്റു ചിലതാണ്.. ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രിയും ലോകം കണ്ടതിൽ വെച്ച് കരുത്തയായ വനിതാ ഭരണാധികാരികളിൽ ഒരാളുമായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധി ഔദ്യോഗിക വസതിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ സ്വന്തം കാവൽക്കാർ തന്നെ വെടി വെച്ചു വീഴ്ത്തിയ സംഭവം വായിച്ചും പറഞ്ഞുകേട്ടും നിങ്ങൾക്കും അറിയുമല്ലോ... ഇത്രയേറെ ചരിത്ര പ്രധാനമായ സ്ഥലങ്ങൾ കണ്ടപ്പോഴും എന്റെ മനസ്സിൽ ഉടക്കിയത് ഈ സംഭവമായിരുന്നു. കരണമെന്തെന്നാൽ, വെടിയേറ്റു വീണ ആ സ്ഥലം മുതൽ തന്റെ കാവൽക്കാർ നിന്നിരുന്ന ആ കാബിനുകളും ആ സമയത്ത് അവർ അണിഞ്ഞിരുന്ന സാരിയിൽ വെടിയേറ്റുണ്ടായ തുളകളും എല്ലാം അണുവിട മാറാതെ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നതിനാൽ ഇത്രയും കണ്ട എനിക്ക് ഒരുപാട് വർഷങ്ങൾക്കു മുൻപ് നടന്ന ആ ദുർ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച പ്രതീതിയായിരുന്നു.. അവിടെ നിന്നുമുള്ള കാഴ്ചകൾ ഒപ്പിയെടുത്തുകൊണ്ട് പിന്നീട് പോയത് ആഗ്രയിലേക്കാണ്.ആഗ്രയെന്നു കേട്ടാൽ നമ്മുടെ ഓർമകളിൽ ഓടിയെത്തുന്നത് ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലാണ്. എന്റെ മനസിലുള്ള താജ് മഹലിനെക്കാളും ഭംഗിയുള്ളതായിരുന്നു ഞാൻ നേരിൽ കണ്ട ആ മാർബിൾ കൊട്ടാരം. ഈ തൂ വെള്ളക്കൊട്ടാരം പൊടിപടലങ്ങളേറ്റ് മങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് അവിടെ നിന്നും അറിയാൻ കഴിഞ്ഞത് എനിക്ക് വിഷമമുണ്ടാക്കി. ഷാജഹാൻ ചക്രവർത്തി അദ്ദേഹത്തിന്റെ പത്നിയുടെ സ്മരണയ്ക്ക് വേണ്ടി പണികഴിപ്പിച്ച സൗധമാണിതെന്ന് അന്ന് കിട്ടിയ പുതിയ അറിവായിരുന്നു. ധാരാളം വിദേശികളെ പരിചയപ്പെടാനും ഫോട്ടോ എടുക്കാനും സാധിച്ചു. ചിരിയുടെ ഭാഷ എല്ലാവരുടേതും ഒന്നായതുകൊണ്ട് സംസാര ഭാഷ ഒരു പ്രശ്നമായി എനിക്ക് തോന്നിയില്ല. ഈ മഹാത്ഭുതം നിർമിച്ച ശില്പിയുടെ കൈ വെട്ടിയത് ചരിത്രത്തിൽ വായിച്ച അറിവെനിക്കുള്ളതുകൊണ്ട് ഞാൻ ആ സൗധത്തിലേക്ക് നോക്കി മന്ത്രിച്ചു "അന്നാ കൈകൾ വെട്ടിയില്ലായിരുന്നുവെങ്കിൽ ഇതിലും മനോഹരമായ എത്ര സൗധങ്ങൾ ഇവിടെ പിറന്നേനെ
അവിടെ നിന്നും നേരെ വീട് എന്ന ലക്ഷ്യലേക്കുള്ള യാത്രയായിരുന്നു. ഞാനീ എഴുതിയ വിവരണം വായിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഇത്രയും അറിയാൻ സാധിക്കുന്നുവെങ്കിൽ, ഇതെല്ലാം നേരിൽ കണ്ടതിന്റെ നിർവൃതി എന്റെ ഈ എഴുത്തിനേക്കാളും എത്രയോ മനോഹരമാണ്. നമുക്ക് മടങ്ങാം നമ്മുടെ നാടിന്റെ മനോഹാരിതയിലേക്ക്..
ശുഭയാത്രകൾ തുടരുന്നു...

നിഹാൽ അഹ്‌മദ്‌ എസ്
9 B ജി._എച്ച്._എസ്സ്._എസ്സ്_കുനിശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം