ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/ ജൈവവൈവിധ്യ ഉദ്യാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജൈവവൈവിധ്യ ഉദ്യാനം
ജി.വി.എൽ.പി സ്കൂളിന്റെ അങ്കണത്തിൽ അലങ്കാരമായി നിൽക്കുന്ന ഒരു പൂങ്കാവനമാണ് ഇവിടത്തെ ജൈവ വൈവിധ്യ ഉദ്യാനം. തികച്ചും ചിത്രശലഭങ്ങളെ ആകർഷിക്കാനുള്ള ഒരു ലക്ഷ്യത്തോടുകൂടിയാണ് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. അധ്യാപകരുടെ പ്രയത്‌നത്തിന്റേയും, കുട്ടികളുടെ സഹകരണത്തിന്റേയും, ഒത്തൊരുമയുടേയും തെളിവാണ് ഇവിടത്തെ ജൈവ വൈവിധ്യ ഉദ്യാനം.
ലക്ഷ്യങ്ങൾ
- ചിത്രശലഭങ്ങളെ വരേവല്കുക
- കുട്ടികളെ ആകർഷിക്കുക
- കുട്ടികളിൽ ക്രഷിയെ പ്രോൽസാഹിപ്പിക്കുക
- ഔഷധ സസ്യയങ്ങളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക
- പച്ചപ്പുള്ള സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കുക
- പൃകൃതിയെ നിരീക്ഷിച്ച് അതിന്റെ പ്രധാന്യം ഉൾക്കൊള്ളാൻ കുട്ടികളെ പ്രേരിപ്പിക്കുക
ഉദ്യാനത്തെ അലങ്കരിക്കുന്നവർ
വിലകൊടുത്തു വാങ്ങുന്ന ചെടികളല്ല ഉദ്യാനത്തിന് അലങ്കാരമാക്കുന്നത്.മറിച്ച് നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും നിൽക്കുന്ന നാടൻ പൂക്കളാണ് ജൈവവൈവിധ്യ ഉദ്യാനത്തിലെ മുഖ്യ സ്ഥാനക്കാർ. നേരിൽ കാണുമ്പോൾ കണ്ണിന് വിസ്മയം നൽകുന്ന ഒരു ആനന്ദാനുഭൂതി ആണ് അത്. തെച്ചി, കോളാമ്പി, മന്ദാരം, കറ്റാർവാഴ, നന്ദ്യാർവട്ടം, തുളസി, ചെമ്പരത്തി, പത്തുമണി പൂവ്, നാലുമണിപ്പൂവ്, പൂച്ചെടി പൂവ്, താമര, ആമ്പൽ, റോസ്, മുല്ല, മൂക്കുറ്റി, ചെണ്ടുമല്ലി, കാട്ടു ചെണ്ടുമല്ലി, കാശിത്തുമ്പ, കണക്കൂർക്ക, വാടാമല്ലി, മുക്കുറ്റി മുഞ്ഞ, രാമതുളസി തുടങ്ങിയ നിരവധി ചെടികൾ ജൈവവൈവിധ്യ ഉദ്യാനത്തിന് അലങ്കാരമായി തീർന്നിരിക്കുന്നു. ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന്റെ മധ്യഭാഗത്തായി ഒരു താമരക്കുളവും തയ്യാറാക്കിയിട്ടുണ്ട്. കുളത്തിൽ താമര ചെടി വർണ്ണവിസ്മയം തീർത്തുകൊണ്ട് നിൽക്കുന്നത് കാണാൻ കുളിർമയുള്ള ഒരു കാഴ്ച തന്നെയാണ്. മാത്രമല്ല താമരക്കുളത്തിന് ഉണർവേകി മീൻ കുഞ്ഞുങ്ങളും വളർത്തുന്നുണ്ട്. താമര കുളത്തിന് ചുറ്റും പുഷ്പാലങ്കാരം പോലെ പത്ത് മണി പൂക്കൾ പൂത്തു നിൽക്കുന്നത് കാണാൻ വളരെ കൗതുകകരമാണ്.
വിഷരഹിത പച്ചക്കറിതോട്ടം
വിഷരഹിത പച്ചക്കറി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി ഞങ്ങളുടെ സ്കൂളിൽ ഒരു കൊച്ചു പച്ചക്കറിത്തോട്ടം ഏർപ്പെടുത്തിയിട്ടുണ്ട്. ഉദ്യാനത്തിന്റെ അടുത്തായി വെണ്ട, പയർ, തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറി തൈകൾ ഉദ്യാനത്തിന്റെ ആലങ്കാരിക ഭംഗി കുറച്ചു കൂടി ഉയർത്തുന്നു. വഴുതിന, തക്കാളി, വെണ്ട, മുളക്, മുരിങ്ങ, മത്തൻ, എന്നീ പച്ചക്കറികൾ ഇടയ്ക്കിടെ വിളവെടുക്കാറുമുണ്ട്.
ഉണർവേകുന്ന ഉദ്യാനം
ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഘടന തന്നെ വളരെ കലാ ബോധത്തോട് കൂടിയാണ് തയ്യാറാക്കിയിരിക്കുന്നത്. മണ്ണ് കൊണ്ട് നിർമ്മിച്ച ചെടിച്ചട്ടികൾ നിരവധി ഉദ്യാനത്തിലുണ്ട്. മാത്രമല്ല ഇവയെ വളരെ ആകർഷിക്കുന്ന തരത്തിൽ വരിയായും, നിരയായും വച്ചിരിക്കുന്നത് കാണാൻ ഒരു ഭംഗി തന്നെയാണ്. ഒരു ഇനത്തിൽപ്പെട്ട പല വർണ്ണങ്ങളിൽ ഉള്ള ചെടികൾ ഉദ്യാനത്തിന്റെ ഭംഗി കൂട്ടുകയാണ്. ഇവയെ നിറത്തിന്റെ ക്രമം അനുസരിച്ചാണ് ഉദ്യാനത്തിൽ നട്ടു പിടിപ്പിച്ചിരിക്കുന്നത്. വിവിധ വർണങ്ങളിലുള്ള ചെമ്പരത്തി, താമര, പത്തുമണി പൂവ്, തെച്ചി, റോസ് എന്നിങ്ങനെയുള്ള പൂക്കൾ വർണ്ണ വിസ്മയം തീർക്കുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതാണ് പ്രധാന ലക്ഷ്യം. ഉദ്യാനത്തിന്റെ പരിപാലനം അധ്യാപകരും, കുട്ടികളും ചേർന്നാണ് നിർവഹിക്കുന്നത്. എല്ലാ ദിവസവും ചെടികൾക്ക് വെള്ളം നനക്കാറുണ്ട്. അവധി ദിവസങ്ങളിൽ പോലും അധ്യാപകർ ഉദ്യാനത്തിന്റെ പരിപാലനം സുഗമമായി നടത്തി വരുന്നുണ്ട് എന്നത് വളരെ മാതൃകാപരമായ കാര്യമാണ്.
മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതും ജീവിതത്തിന്റെ ഭാഗമാകുന്നതുമാണ് സസ്യങ്ങളും ചെറുജീവികളും. മനുഷ്യരെ പോലെ തന്നെ ഈ പൂമുഖത്ത് എല്ലാ അവകാശങ്ങളോട് കൂടി ജീവിക്കാൻ എല്ലാ ജീവജാലങ്ങളും അർഹരാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ഈ ഉദ്യാനം വളരെ സഹായകരമാണ്. നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി സൗന്ദര്യത്തെ തിരിച്ചുപിടിക്കാനുള്ള ഒരു പ്രവണത കുട്ടികളിൽ ഉണർത്തുന്നതാണ് ജൈവവൈവിധ്യ ഉദ്യാനം. എന്നും രാവിലെ ഉണർന്നിരിക്കുന്ന ചെടികളെ നോക്കുമ്പോൾ അവ നമ്മെ നോക്കി പുഞ്ചിരിക്കുന്ന അനുഭൂതിയാണ് ഇവിടത്തെ കുട്ടികൾക്ക് ഉണ്ടാവുന്നത്. കുട്ടികളുടെ വീട്ടിൽ നിന്ന് കിട്ടുന്ന നാടൻ പൂച്ചെടികൾ സ്കൂളിലെ ഉദ്യാനത്തിലേക്ക് കൊണ്ടുവരാറുണ്ട്. നാളത്തെ പൗരന്മാരാകുന്ന കുട്ടികളേയും, നാളെ പൂക്കാൻ പോകുന്ന ചെടികളേയും കാണുമ്പോൾ മനസ്സിന്റെ സുഖം അതിരുകൾക്കപ്പുറമാണ്.