ശുദ്ധമായ പ്രകൃതിയെ കാണുവാൻ
ശ്രദ്ധയോടെ നടക്കുക മാനവാ..
എന്റെ ജീവന്റെ രോദനം കേൾക്കുക
നിന്റെ പോരാട്ട ജീവിതവീഥിയിൽ..
ദുഷ്ടനാം നിന്റെ മോഹ വലയങ്ങൾ
കഷ്ടമെത്രയും കഷ്ടമെന്നാകിലും..
ലോകമെന്നൊരു സ്വർഗ്ഗ വസന്തത്തെ
നരകമാക്കിയ കുടില പ്രവർത്തികൾ..
ശുദ്ധവായുവിനും കുടിനീരിനും
ക്ഷാമമില്ലാത്ത ഭൂമിയിൽ
കാളകൂടം വിതറുന്ന വികസനം..
എന്റെ രക്തധമനിയാം നദികളെ,
മലിനമാക്കിടും വ്യവസായശാലകൾ..
എന്റെ മേനിയെ വരിഞ്ഞുമുറുക്കുന്ന
രോഗഹേതുവാം പ്ലാസ്റ്റിക്കു വാണിഭം..
സുഖം തേടുന്ന മനുഷ്യവർഗ്ഗമേ..
കാടു മുടിച്ചീടും കാട്ടാള വർഗ്ഗമേ..
ഓർക്കുക നിങ്ങൾ ചിന്തിച്ചു നോക്കുക
ജീവജാലങ്ങളില്ലാത്ത ഭൂമിയെ..
പട്ടടകൾ പടുത്തുയർത്തീടുവാൻ
മത്സരിക്കല്ലേ നിങ്ങളൊരിക്കലും
ശുദ്ധവായു നിറയും പ്രകൃതിയെ, ലോകത്തെ..
പ്രകൃതിദത്തമാം കുടിനീരിനെ
സംരക്ഷിച്ചീടുക വരുംതലമുറക്കായി..
$