ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/അക്ഷരവൃക്ഷം/മാതാ ഭൂമി പുത്രോ ഹം പൃഥിമാ
മാതാ ഭൂമി പുത്രോ ഹം പൃഥിമാ
പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ പെട്ട് നമ്മുടെ നാട് നട്ടം തിരിഞ്ഞിരുന്നു. നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ആർഭാടങ്ങളിലേക്ക് നാം തിരിഞ്ഞത് കൊണ്ട് എന്ത് മാത്രം ദുരിതങ്ങളാണ് പ്രകൃതി ഏറ്റ് വാങ്ങിയത്? അത് നമ്മളെത്തന്നെയല്ലേ ബാധിച്ചതും ഇനി ബാധിക്കുന്നതും . പ്രതിസന്ധിഘട്ടങ്ങളിൽ കേരളത്തിന്റെ പാരിസ്ഥിതികപ്രശ്‌നങ്ങൾ സമഗ്രമായി നാം പഠിക്കുകയും പ്രശ്‌ന പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതും നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ഭൂമിയിൽ നിന്നാണ് . നമ്മുടെ നമ്മുടെ മലയാള സംസ്‌കാരം ജനിച്ചത് പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ്. നാം ഭൂമിയെ മലിനമാക്കിയതിന്റെ പങ്കിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ട് പോകുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒട്ടേറെ സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ , ഈ കോവിഡ് 19 കാലഘട്ടത്തെ സാക്ഷി നിർത്തിക്കൊണ്ട് ഒരിക്കൽ കൂടി അടിവരയിട്ട് പറയാൻ കഴിയും നാം തന്നെയാണ് മുന്നിൽ . പക്ഷെ പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ പിന്നിലും സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർഥമായി പോയ തലമുറയാണ് നാം. നാളെ നാം നമ്മുടെ തലമുറക്ക് വേണ്ടി എന്താണ് ഈ പ്രകൃതിയിൽ കരുതി വെക്കുക? നമ്മുടെ പരിസ്ഥിതിയിൽ ഈ ലോക്ക്‌ഡൗൺ കാലത്തെ മാറ്റങ്ങൾ മാത്രം ശ്രദ്ധിച്ചാൽ നമുക്ക് ഒരു പാട് കാര്യങ്ങൾ മനസിലാക്കാനില്ലേ? വളരെ ആരോഗ്യകരമായ ഒരു അന്തരീക്ഷമാണ് ഇപ്പോൾ നമ്മുടെ ചുറ്റിലും ഉള്ളത് അപ്പോൾ ഈ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ജൈവവൈവിധ്യം, ജലമലിനീകരണം, മാലിന്യസംസ്‌കരണം, ശബ്‌ദമലിനീകരണം തുടങ്ങി എണ്ണമിട്ട് പറയാൻ ചെറുതും വലുതുമായ നിരവധി കാരണങ്ങൾ ഉണ്ട്. ഈ കഴിഞ്ഞ രണ്ട് കൊല്ലം ഉണ്ടായ പ്രകൃതിദുരന്തങ്ങൾക്കപ്പുറം ഇപ്പോൾ നാം അനുഭവിക്കുന്ന കൊറോണവ്യാപനം വരെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നമുക്ക് തരുന്ന പാഠങ്ങൾ ഒരുപാടുണ്ട് നാം മനപൂർവ്വം കണ്ണടച്ചാൽ തീരുന്നതാണോ പ്രകൃതി സംരക്ഷണം. പ്രകൃതിയെ വാർത്തെടുക്കുന്ന പൈതൃകം നമ്മുടെ സമ്പത്തല്ലേ. എത്രയോ വർഷങ്ങൾക്ക് മുമ്പ് മുതുമുത്തശ്ശന്മാർ നമുക്ക് നേടിത്തന്ന പച്ചപ്പട്ടണിഞ്ഞ ഭൂമിയെ നാം നശിപ്പിക്കാൻ പാടുണ്ടോ? നമ്മൾ വിദ്യാർഥികൾ വിചാരിച്ചാൽ തടയാനും കരുതാനും നിയന്ത്രിക്കാനും പറ്റുന്നവ എന്തൊക്കെയാണ് ഉള്ളത്? ചിന്തിച്ച് നോക്കൂ . വീടും പരിസരവുമെങ്കിലും പ്ലാസ്റ്റിക്ക് വിമുക്‌തമാക്കാൻ കഴിയും. നമുക്ക് സ്വന്തം ഭൂമിയില്ലെങ്കിലും അനുവദനീയമായ സ്ഥലങ്ങൾ കണ്ടെത്തി ചെടികളും മരങ്ങളും പിടിപ്പിക്കാം. [ എന്റെ പിറന്നാൾ ദിനത്തിൽ ഞാൻ പിടിപ്പിച്ച മരങ്ങൾ എന്റെ മുൻവിദ്യാലയത്തിൽ പൂത്തുലയുന്നുണ്ട്. സുഗന്ധം പരത്തുന്നുണ്ട്] മരണങ്ങൾ സമ്മാനിക്കുന്ന പുഴകളും കുളങ്ങളും നൽകുന്ന ഭീതിയകറ്റാൻ അതിനെ പഠിക്കേണ്ടതുണ്ട്. അതേക്കുറിച്ച് അറിയാത്ത നീന്തൽ പഠിക്കാത്ത എത്ര സഹോദരങ്ങളാണ് നമ്മെ വിട്ട് പോയത്. കുളങ്ങളെയപം പുഴകളെയും പാറക്കെട്ടുകളെയും കുറിച്ച് പഠിക്കാൻ വിനോദയാത്രകളാവാമല്ലോ? മത്സ്യസമ്പത്തിനെക്കുറിച്ചും ഇത്‌വഴി അറിവ് നേടാം. വയലുകൾ മുരടിപ്പിച്ച് മരവിപ്പിച്ച് വേണോ കെട്ടിടനിർമ്മാണം നടത്താൻ. ജൈവകൃഷിപരിപാലനം നമ്മുടെ കേരളത്തേക്കാൾ മറ്റെവിടെയാണ് നടത്താനാവുക. മറ്റെല്ലാ രാജ്യങ്ങളിലും ഉണ്ടായതിനേക്കാൾ കോവിഡ് 19നെ ചെറുത്ത് നിൽക്കാനായത് എന്ത് കൊണ്ടാണ്? നമ്മുടെ പരിസ്ഥിതി നമുക്ക് തന്ന ആരോഗ്യസമ്പത്ത് പ്രധാനഘടകമല്ലേ? പരിസ്ഥിതി പ്രശ്‌നങ്ങൾ വരുമ്പോൾ മാത്രം പ്രതികരിച്ച് ആ ദിനം ഈ വാരം എന്നൊക്കെ പറയാതെ ഒരു പാഠ്യേതര വിഷയമാക്കി നാം ഇതിനെ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വളരുന്ന തലമുറ പ്രകൃതി സംരക്ഷണബോധമുള്ളവരാകണം. ഞങ്ങൾക്ക് മണ്ണിഷ്ടമാണ്, വെയിലും മഴയും കാറ്റും മഞ്ഞുമിഷ്ടമാണ്. പുഴകളും അരുവികളും പക്ഷികളും ചങ്ങാതിമാരാകണം. പാഠപുസ്‌തകത്തിനുള്ളിലും ഫോട്ടോകളിലും കാണുന്നതിനുമപ്പുറം പ്രകൃതിയെ തൊട്ടറിയാൻ അവസരം ഉണ്ടാവണം. പ്രകൃതിസംരക്ഷണം കർശനമാക്കി നിയമനിർമ്മാണം നടത്തണം. അധ്യാപകരും രക്ഷകർത്താക്കളുടെയും സഹകരണത്തോടെയും പിന്തുണയോടെയും പ്രകൃതിസംരക്ഷണം ശക്‌തമാക്കുന്നതിനുള്ള ഒരു തലമുറ വിദ്യാലയങ്ങളിൽ ഉണ്ടാവണം. ഡോക്‌ടറായാലും നിയമപാലകരായാലും ഏത് നിലയിലുള്ളവർക്കും ആരോഗ്യത്തോടെ ജീവിക്കുന്നതിനും സുഖമരണത്തിനും നല്ല അന്തരീക്ഷവും പ്രകൃതിയും വേണം നമ്മുടെ പരിസ്ഥിതിക്ക് വേണ്ടി നാം മാറ്റിവെക്കേണ്ട സുപ്രധാനമായ ഒരു കാര്യം എന്തെന്നാൽ , ഒരു കുടുംബത്തിൽ നാല് ചക്രങ്ങളും രണ്ട് ചക്രങ്ങളുമായി ഇന്ധനം നിറച്ചോടുന്ന വണ്ടികൾ എത്രയാണ്? അതിൽ ആവശ്യം എത്ര അനാവശ്യം എത്ര എന്ന് ചിന്തിച്ചിട്ടുണ്ടോ? ആവശ്യത്തിനപ്പുറം ആർഭാടം കാണിക്കുക എന്നതിനാണ് പലർക്കും താൽപര്യം. വീടിനേക്കാൾ വലിയ പോർച്ച് ഇന്ന് നമ്മുടെ നാട്ടിൽ പലയിടത്തും കാണാം. വിദ്യാർഥിസമൂഹമേ ഇന്ധനം നിറച്ചോടുന്ന ബൈക്കുകളും മറ്റ് വാഹനങ്ങളും പഠനകാലത്തെങ്കിലും നമുക്ക് ഒഴിവാക്കിക്കൂടേ . ഒരു കിലോമീറ്ററിൽ കുറവ് ദീരം സഞ്ചരിക്കുന്നതിന് പോലും ബൈക്കിൽ മാത്രം സഞ്ചരിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യസംരക്ഷണത്തിനുള്ള സുവർണ്ണാവസരമാണ് നമ്മൾ പാഴാക്കുന്നത് . പഴയകാലസിനിമകളിൽ നെഞ്ച് വിരിച്ച് പൊതുസ്ഥലങ്ങളിൽ നിൽക്കുന്ന യുവാക്കളായിരുന്നു യുവത്വത്തിന്റെ പ്രതീകം എങ്കിൽ ഇന്ന് മുറുകിക്കേറ്റിയ പാന്റിൽ നടുവൊടിഞ്ഞ് നിൽക്കുന്നു പുതു തലമുറ. മായക്കൂട്ട് നിറച്ച ഭക്ഷണത്തിന് അടിമയായി പ്രായത്തിനും കാലാവസ്ഥക്കും അനുയോജ്യമായ ഭക്ഷണരീതികൾ ഉപേക്ഷിച്ച് പുതിയ ഭക്ഷണരീതികളും ശീലങ്ങളും മൂലം രോഗപ്രതിരോധശേഷി നഷ്ടപ്പെട്ടിരിക്കുന്നു ഈ തലമുറക്ക്. ഞാൻ പറഞ്ഞ് വന്നത് ഒരു വലിയ ആഗ്രഹമാണ്. കോളേജ് വിദ്യാർഥികളടക്കമുള്ളവർ സൈക്കിളുകളേലേക്ക് തിരികെ പോവുക. കേവലമൊരു കളിപ്പാട്ടമല്ല അത്. മറിച്ച് ആരോഗ്യം സംരക്ഷിക്കുന്ന ഇരുചക്രയാത്രയിലൂടെ ഇന്ധനലാഭത്തോടൊപ്പം കാശും ലാഭിക്കാം. അതോടൊപ്പം പരിസ്ഥിതിക്ക് ഗുണകരമാകുന്നതോടൊപ്പം ആരോഗ്യമുള്ള ഒരു ജനതയുണ്ടാകുന്നതിനും കാരണമാകും. കൈവിട്ട് പോയ സൈക്കിൽ പ്രതാപം തിരിച്ച് കൊണ്ട് വരാം. ജിംസെന്ററുകളിൽ പോയി മുന്നോട്ട് നീങ്ങാത്ത ചക്രം ചവിട്ടി ഉരുട്ടുന്നതിന് നൽകുന്ന കാശ് ലാഭിക്കാം. ഈ കൊറോണക്കാലത്തെ വാഹനലാഭം ഒരു കുടുംബത്തിന് എത്ര ലാഭമാണ് ഉണ്ടാക്കിയിരിക്കുക. ഹാവൂ എത്ര ആശ്വാസം അല്ലേ? വിദേശരാജ്യങ്ങളിൽ സ്കൂളിലേക്കും കോളേജിലേക്കും സൈക്കിളുകളിൽ പോകുന്നവർ സാധാരണ കാഴ്‌ചയാണ്. ഇപ്പോൾ തണുപ്പ് ആസ്വദിക്കാൻ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്നത് പോലെ അധികം വൈകാതെ പച്ചപ്പ് കാണാൻ അന്യസംസ്ഥാനത്തേക്കോ വിദേശത്തേക്കോ പോകേണ്ടി വരും . അണ്ണാറക്കണ്ണനും തന്നാലായത് . നമുക്ക് ആവുന്നത്ര നമുക്ക് സംരക്ഷിക്കാം . പച്ചക്കറിയും പൂന്തോട്ടവും ആവട്ടെ തുടക്കം. ഈ ഇരുപത്തഞ്ച് ദിവസത്തെ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ചീര മുളപ്പിച്ച് പറിച്ച് കറിവെച്ച് കഴിച്ച എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. സ്ഥലമില്ലെങ്കിലും ടെറസുകൾ ഉപദേശപ്രകാരം ഉപയോഗിക്കാം. കോൺക്രീറ്റ് മുറ്റങ്ങൾ നമുക്ക് അനുയോജ്യമോ? മണ്ണും ചാണകവും ചേർത്ത് മെഴുകിയ മുറ്റങ്ങൾക്ക് എന്തായിരുന്നു കുഴപ്പം. വിദ്യാഭ്യാസ മന്ത്രിയോടും ആരോഗ്യമന്ത്രിയോടും ഒരു അപേക്ഷ. അടുത്ത് അധ്യയനവർഷത്തേക്ക് ഒരു നല്ല മാർഗരേഖ വേണം കോളേജുകൾക്കും സ്‌കൂളുകൾക്കുമായി. പരിസ്ഥിതി നിയമങ്ങൾ കർശനമാക്കുക. നിയമങ്ങൾ പാലിക്കാൻ വിദ്യാർഥികളെ പ്രാപ്‌തരാക്കുക. ഏതാണ്ട് ഒരു മാസത്തോളമായി ഒരുവിധം അസുഖങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചവരാണ് നമ്മൾ. ജൂൺ 5ന് വിദ്യാലയങ്ങളിലെ പരിസ്ഥിതി ദിനം കേവലം മരം നട്ട് ഫോട്ടോ എടുക്കുന്നതിൽ മാത്രമായി അവസാനിക്കാതിരിക്കട്ടെ. ഉണരാം , ഉന്മേഷത്തോടെ പ്രകൃതിയിൽ അലിഞ്ഞ് ഉറങ്ങേണ്ടവരാണ് നാം. ബോംബുകൾ മുളക്കുന്ന ഭൂമിയും വെടിയുണ്ടകൾ പൊഴിയുന്ന മരങ്ങളും നമുക്ക് വേണ്ട
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |