ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കടലുണ്ടിപ്പുഴ അതിരിടുന്ന പറപ്പൂർ പഞ്ചായത്തിനു സുദീർഘമായ ചരിത്രവും പാരമ്പര്യവും ഉണ്ട്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ അബുൽ കലാം ആസാദ് പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. സ്വാതന്ത്ര്യസമരസേനാനികളുടെ രക്തം വീണു ചുവന്ന മണ്ണാണ് പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറത്തിന്റേത്. ദീർഘ ദർശികളായ ഗുരു ശ്രേഷ്ഠർ കുഴിപ്പുറം മദ്രസയിൽ 1974 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ കെ.മൊയ്തീൻ മാസ്റ്റർ, അറബി അധ്യാപകൻ പി.കെ. കുഞ്ഞുമുഹമ്മദ് മാസ്റ്റർ, ഉറുദു അധ്യാപകൻ യു.കെ. ചേക്കുട്ടിമാസ്റ്റർ എന്നിവരായിരുന്നു ആ മഹാ ഗുരുക്കന്മാർ.
പൗര പ്രമുഖൻ എ.എമൂസ ഹാജി, പി. ടി. എ. പ്രസിഡൻറ് തഹസിൽദാർ കമ്മൂട്ടി സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ക്ലാസ് മുറികൾ മുണ്ടോത്തുപറമ്പ് കവലയിൽ സംഭാവനയായി ലഭിച്ച 213 സെൻറ് സ്ഥലത്ത് ഉണ്ടാക്കി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ചാക്കീരി അഹമ്മദ് കുട്ടി സാഹിബിനെ കണ്ടു ഗവൺമെൻറ് അംഗീകാരം വാങ്ങി.
1975-ൽ മൂന്നു റൂമുകളെ വിഭജിച്ച് ആ റൂമുകൾ ആക്കി മാറ്റുകയും അതിൽ അഞ്ചെണ്ണം ക്ലാസ്മുറികളും ഒന്ന് ഓഫീസ് റൂം കം സ്റ്റാഫ് റൂമുമായി പ്രവർത്തിച്ചു.പിറ്റേവർഷം ഹെഡ്മാസ്റ്റർ ശ്രീ മൊയ്തീൻ മാസ്റ്ററുടെയും പിടിഎ പ്രസിഡണ്ട് കമ്മൂട്ടി സാഹിബിന്റെയും നേതൃത്വത്തിൽ വീട്ടുപറമ്പിൽ നിന്നും കവുങ്ങുകളും മുളകളും ശേഖരിച്ച് 3 ക്ലാസ് മുറികൾ കൂടി പണിതു. ക്ലാസ് മുറികളുടെ തറ സിമൻറ് ഇടാനുള്ള തുകയും അവർ പോക്കറ്റിൽ നിന്നും കണ്ടെത്തി. സ്ഥലപരിമിതി മൂലം പലപ്പോഴും അടുത്തുള്ള പറമ്പിലെ കശുമാവിൻ തണലിൽ അധ്യാപകർ കുട്ടികളെ പഠിപ്പിച്ചിരുന്നത് പതിവ് കാഴ്ചയായിരുന്നു. ഓരോ വർഷവും ഓല ഷെഡ്ഡുകൾ കെട്ടി മേയുന്നതിന് പലഭാഗത്തുനിന്നും വസ്തുവകകൾ ശേഖരിക്കൽ അന്നത്തെ നേതൃത്വത്തിന് വലിയൊരു ബാധ്യത ആയിരുന്നു. കഷ്ടപ്പാടുകൾക്കിടയിൽ ഒരു കെട്ടിടത്തിന് വേണ്ടി പല വാതിലുകളിൽ മുട്ടിയെങ്കിലും 1985 ലാണ് നല്ലൊരു കെട്ടിടം സ്കൂളിന് പാസായി കിട്ടിയത്. കെട്ടിടം പണി ഏറ്റെടുക്കാൻ കോൺട്രാക്ടർമാർ തയ്യാറല്ലാതിരുന്നപ്പോൾ സമ്മർദ്ദം ചെലുത്തിയാണ് ഒരാളെ ആ പണി ഏൽപ്പിച്ചത്. താഴെയും മുകളിലുമായി 10 ക്ലാസ് മുറികളും 2 ചെറിയ മുറികളും ഉള്ള നല്ല ഒരു കെട്ടിടം വളരെ പെട്ടെന്ന് തന്നെ പണി കഴിക്കുകയും ആ വർഷം തന്നെ ബഹുമാനപ്പെട്ട എം.എൽ.എ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
സ്കൂളിലേക്ക് അഡ്മിഷൻ വരുന്ന കുട്ടികൾ കൂടിയത് കാരണം സ്ഥലം തികയാതെ വന്നപ്പോൾ പിന്നീട് രണ്ടുതവണകളിലായി മൂന്നു മുറികൾ വീതമുള്ള ഉള്ള രണ്ട് ഷെഡ്ഡുകൾ കൂടി പണിതു. ജില്ലാ,ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ 4 ക്ലാസ് മുറികൾ വീതമുള്ള രണ്ട് ബിൽഡിങ്ങുകൾ പിന്നീട് നിർമിക്കുകയുണ്ടായി. എസ്.എസ്.എ യിൽ നിന്നും രണ്ട് ക്ലാസ് മുറികൾ കൂടി ലഭിച്ചതോടെ ഷെഡ്ഡുകളിൽ ഉള്ള പഠനം അവസാനിപ്പിക്കുകയും പിന്നീട് ഗവൺമെൻറ് ഉത്തരവ് പ്രകാരം ബാക്കിയുള്ള ഷെഡ് പൊളിച്ചു കളയുകയും ചെയ്തു.
പിന്നീട് 2018ൽ 8 ക്ലാസ് മുറികളോടുകൂടി (മുകൾനിലയിലെ 4 ക്ലാസ് റൂമുകൾ ഷട്ടറിട്ട് ഹാൾ ആക്കി നിർമ്മിച്ചിരിക്കുന്നു) വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം നിർവഹിച്ച കെട്ടിടമാണ് ഏറ്റവും പുതിയത്. കോമ്പൗണ്ടിന് കിഴക്കുഭാഗത്തുള്ള കെട്ടിടം ഫിറ്റ്നസ് നഷ്ടപ്പെട്ടതിനാൽ അത് പൊളിച്ചു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു .
സ്കൂളിൻറെ സ്വപ്നങ്ങൾ അടങ്ങിയ സമഗ്ര വികസനപ്രവർത്തനങ്ങൾ മുന്നിൽകണ്ടുകൊണ്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രകാശനകർമ്മം നിർവഹിക്കപ്പെടുന്നു.