എന്റെ മുഖത്തെ
ചോരപ്പാടുകൾ കൊണ്ടായിരിക്കാം
നിങ്ങളെന്നെ മനസ്സിലാക്കിയത്
ഹിമാലയത്തിലെ
കൂറ്റൻ മഞ്ഞുമലകൾക്ക് പോലും
എന്റെ ദു:ഖത്തെ
സാന്ത്വനിപ്പിക്കാൻ കഴിയില്ല
കാലത്തിന്റെ ക്രൂരവിനോദങ്ങളുടെ
ആസ്ഥാനമാണു ഞാൻ
രണ്ടു രാജ്യങ്ങൾക്കിടയിൽ
പെട്ടു പോയ ഒരനാഥ ബാലൻ
വെടിയുണ്ടയുടെ താളമാണെൻ
താഴ്വരകളിൽ നിത്യവും
ആപ്പിളുകളിലെ ചുവപ്പു നിറം
രക്തത്തിന്റേതാണാവോ?