ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിൽ സർക്കാർ തലത്തിൽ പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നതിനു മുമ്പ് 2006 ൽ പി.ടി.എ. യുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രീപ്രൈമറിക്ക് നിരവധി പോരാട്ടങ്ങൾക്കൊടുവിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ഒരു ടീച്ചറും, ആയയും സർക്കാർ ഓണറേറിയത്തോടെ ജോലി ചെയ്തു വരുന്നു. കുട്ടികൾ കുറഞ്ഞു വന്നുകൊണ്ടിരുന്ന ഈ വിദ്യാലയം പിന്നീടിങ്ങോട്ട് നാളിതുവരെ കുട്ടികൾ വർദ്ധിച്ച് ആയിരത്തിനടുത്തെത്തി നിൽക്കുന്നു. 105 കുട്ടികളുള്ള പ്രീപ്രൈമറിയിൽ ഇപ്പോൾ 3 അധ്യാപികമാരും ഒരായയും പി.ടി.എ. വേതനത്തോടെ ജോലി ചെയ്തുവരുന്നു. മറ്റു സഹായങ്ങളില്ലാതിരുന്ന കാലത്ത് 2 വാഹനങ്ങൾ ലോണെടുത്തുവാങ്ങിയാണ് പി.ടി.എ. മാതൃക സൃഷ്ടിച്ചത്. കേരളത്തിലെ ആദ്യത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് 2006 ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ചത് ചർച്ചയായിരുന്നു. എന്നാൽ 37 സെന്റെ് സ്ഥലം മാത്രമുള്ള ഈ വിദ്യാലയം കൂടുതൽ സ്ഥലമെടുത്ത് ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ടൗണായതിനാലും ജനസാന്ദ്രത വളരെ കൂടുതലായതിനാലും സ്ഥലമെടുപ്പ് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ പി.ടി.എ. അക്ഷരക്കടവത്ത് എന്ന പേരിൽ ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ജീവിതത്തിൽ വിവിധമേഖലകളിലായി വിജയം കൈവരിച്ച ഒരു പാട് പൂർവ്വ വിദ്യാർത്ഥികളെ കോർത്തിണക്കി പദ്ധതി യാദാർഥ്യമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് അക്ഷരക്കടവത്ത് വെൽഫെയർ അസോസിയേഷൻ.
വിദ്യാലയ ചരിത്രം പിന്നാമ്പുറം
ചെമ്മനാടിന്റെ പൈതൃക സ്ഥാപനമായ ഗവൺമെന്റ് യു.പി. സ്‌കൂൾ ചെമ്മനാട് വെസ്റ്റിന്റെ ചരിത്രം പരതി പിന്നോട്ടു പോകുമ്പോൾ, വലിയൊരു കാലയളവോളം പിന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വലിയ ക്ലേശത്തോടെ മാത്രമേ യാത്ര തുടരാനാവു എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഈ പ്രായാണം. അറിഞ്ഞ കാര്യങ്ങളും കിട്ടിയ രേഖകളും വച്ചു പറഞ്ഞാൽ ക്രസ്താബ്ദം 1900 ആണ്ടിലാണ് സ്‌കൂൾ ആരംഭിക്കുന്നത്. ചെമ്മനാട് കടവത്ത് ഇന്നു സ്‌കൂൾ നിലവിലുള്ള സ്ഥലത്തിന്റെ തൊട്ടു പടിഞ്ഞാറു ഭാഗത്ത് പുഴയോരത്ത് ഇപ്പോൾ ചെമ്മനാട് ജമാഅത്ത് കമ്മറ്റിയുടെ ഉടമസ്ഥതയിലുള്ള, സ്‌കൂൾ പ്ലേ ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലത്താണ് ഇതിനു തുടക്കമാവുന്നത്. അതിനു മുമ്പേ ചെമ്മനാട് ജമാഅത്ത് പള്ളിക്കു സമീപം പഴയ ഖത്വീബ് ഹൗസിന്റെ മേലെ നിലയിൽ സ്‌കൂളിന്റെ ആദ്യ രൂപം നിലനിന്നിരുന്നു എന്നു പറയുന്നവരും ഉണ്ട്.
ശംനാട് കുടുബത്തിന്റെ സ്വത്തായിരുന്നു ഈ സ്ഥലം. ഈ കുടുംബക്കാരോട് അനുമതി വാങ്ങി ഉദാരമതിയായ ഒരു വ്യക്തി സ്ഥലത്ത് ആദ്യം രണ്ടു നില കെട്ടിടമുണ്ടാക്കി ഒരു സ്‌കൂൾ ആരംഭിക്കുകയായിരുന്നു. ശേഷം കുറച്ചു കാലം കഴിഞ്ഞപ്പോൾ ഇതേ സ്ഥലം ഇദ്ദേഹമറിയാതെ ഉടമ മറ്റൊരാൾക്ക് ഓട് കാർക്കാണിക്ക് മണ്ണ് കൂട്ടിയിടാൻ വേണ്ടി നൽകിയപ്പോൾ സ്‌കൂൾ തുടങ്ങിയ വ്യക്തി ഈ നടപടിയിൽ പ്രതിഷേധിച്ച് കെട്ടിടം പൊളിച്ച് സ്‌കൂൾ നിർത്തി ഇവിടെ നിന്നും നിഷ്‌കാസിതനാവുന്നു. ഇങ്ങനെയാണ് സ്‌കൂളിന്റെ തുടക്കത്തെക്കുറിച്ച് കേട്ടിട്ടുള്ളത്. കാസർക്കോട് പ്രവർത്തനം തുടങ്ങിയ ഓട് ഫാക്ടറിക്ക് ചെമ്മനാട് വയലിൽ നിന്നായിരുന്നു മണ്ണ് കൊണ്ടു പോയിരുന്നത്. പാടത്തു നിന്നു ലഭിക്കുന്ന പൂമണ്ണ് ഓട് നിർമ്മിക്കുന്നതിനു അനുയോജ്യമായതിനാൽ (ഇതിനെ നാട്ടുകാർ കാർക്കാണി മണ്ണ് എന്നാണ് പറഞ്ഞിരുന്നത്.) ഇവിടെ നിന്നും മണ്ണ് കാളവണ്ടിയിൽ പുഴക്കര വരെ കൊണ്ടു പോയി അവിടെ നിന്നും തളങ്കര കടവിലേക്ക് എത്തിച്ചാണ് ഫാക്ടറിയിലേക്ക് കൊണ്ടു പോയിരുന്നത്. നമ്മുടെ കഥാപുരുഷൻ, താൻ തുടങ്ങിയ സ്‌കൂളിന്റെ പരിസരത്ത് ഇങ്ങനെ മണ്ണ് കൂട്ടിയിടാൻ ഇസ്ലാമിയ കമ്പനിക്കു സ്ഥലം നൽകിയതിന്റെ പേരിൽ ക്ഷുഭിതനായാണ് ഇദ്ദേഹം സ്‌കൂൾ നിർത്തിയത്. ഇത് മനസ്സിലാക്കിയ കമ്പനി ഉടമ ആ സ്ഥലം വിലക്കു വാങ്ങി അവിടെ സ്‌കൂളിന് അനുയോജ്യമായ രീതിയിൽ പഴയ ബ്രിട്ടീഷ് മാതൃകയിൽ ഒരു കെട്ടിടം പണിതു. ഇരു വശത്തും ഏകദേശം 65 ഫീറ്റ് വീതം നീളവും 25 ഫീറ്റ് വീതിയുമുള്ള എൽ ഷെയ്പിലുള്ള കെട്ടിടമാണ് ഇവർ പണിതത്. അഞ്ചു ക്ലാസുകൾ നടത്താൻ പറ്റിയിരുന്ന ഈ കെട്ടിടത്തെ കാർക്കാണി ബിൽഡിങ് എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്.
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിക്കു കീഴിലായിരുന്നു അന്ന് കാസർക്കോടും ചെമ്മനാടും. സർക്കാർ എറ്റെടുത്തപ്പോൾ പ്രസിഡൻസിക്കു കീഴിൽ ബോർഡു മാപ്പിള എലിമെന്ററി സ്‌കൂൾ ഫോർ ബോയ്‌സ് ചെമ്മനാട് വെസ്റ്റ് എന്നായിരുന്നു ആദ്യകാലത്തെ പേര്. ബോർഡു മാപ്പിള എലിമെന്ററി സ്‌കൂൾ ഫോർ ഗേൾസ് എന്ന പേരിൽ ചെമ്മനാട് നോർത്തിൽ (ഇപ്പോഴത്തെ ബടക്കംബാത്ത്, പൊട്ടംകുളം എന്ന സ്ഥലത്തിനു സമീപം) മറ്റൊരു സ്‌കൂൾ പിന്നീട് സ്ഥാപിതമായി. 'പെണ്ണ്ങ്ങളെ സ്‌കൂൾ' എന്നാണ് അതിനെ നാട്ടുകാർ വിളിച്ചിരുന്നത്. പിന്നീട് ഈ രണ്ടു സ്കൂളുകളും ഒന്നു ചേർന്നാണ് ഇപ്പോഴത്തെ സ്കൂൾ സ്ഥാപിതമായത്. 1914 ൽ കല്ലുവളപ്പിൽ കുഞ്ഞിമാഹിൻ കുട്ടിക്ക് നൽകിയ ടി.സി. യാണ് വിവരങ്ങൾക്ക് ആധാരം. അദ്ദേഹത്തിന്റെ മരണത്തിനു തൊട്ടുമുമ്പ് മകനായ കല്ലുവളപ്പിൽ കെ.വി. ഇസ്മായിലിനോട് പറഞ്ഞ വിവരങ്ങൾ തന്റെ ഡയറിക്കുറിപ്പിൽ നിന്ന് ഓർത്തെടുത്തും, നിധിപോലെ സൂക്ഷിക്കുന്ന പിതാവിന്റെ ടി.സി. സാക്ഷ്യപ്പെടുത്തിയുമാണ് വിവരങ്ങൾ ലഭ്യമാക്കിയത്.