ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

ശുചിത്വവും രോഗപ്രതിരോധവും.      
പണ്ടു മുതൽക്കേ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. അവർ അവരുടെ സംസ്കാരത്തിന്റെ ഭാഗമായാണ് ശുചിത്വത്തെ കണക്കാക്കിയിരുന്നത്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഗൃഹ ശുചിത്വം, സ്ഥാപന ശുചിത്വം, പൊതു ശുചിത്വം, സാമൂഹിക ശുചിത്വം ഇവയെല്ലാം കൂടിച്ചേരുന്നതാണ് ശുചിത്വം.

ശുചിത്വം നമ്മുടെ നിത്യജീവിതത്തിൽ കൊണ്ടുവരേണ്ട ഒരു പ്രധാന സംഗതിയാണ്. ശുചിത്വവും രോഗപ്രതിരോധശേഷിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ശുചിത്വമില്ലാത്തിടത്ത് രോഗ പ്രതിരോധശേഷി കുറവാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ശീലങ്ങൾ ഉണ്ട്. അവ കൃത്യമായും പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം വരെ ഒഴിവാക്കാൻ കഴിയും. കൂടെക്കൂടെയും, ഭക്ഷണത്തിനു മുൻപും ശേഷവും, കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുകയും, ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മുഖം മറയ്ക്കുന്നതും നഖങ്ങൾ വെട്ടി വൃത്തിയാക്കുന്നതും രാവിലെയും രാത്രിയും പല്ലു തേയ്ക്കുന്നതും ദിവസവും രണ്ടു നേരം വൃത്തിയായി കുളിക്കുന്നതും വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതും വീടിനകത്തും പുറത്തും വൃത്തിയുള്ള പാദരക്ഷകൾ ധരിക്കുന്നതും മലവിസർജ്ജനത്തിനു ശേഷം കൈകൾ നന്നായി വൃത്തിയാക്കുന്നതും പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നതിനു മുൻപ് നന്നായി കഴുകുന്നതും ശുചിത്വത്തിന്റെ ഭാഗമാണ്. ചുരുങ്ങിയത് 10 ഗ്ലാസ് വെള്ളം കുടിക്കുകയും വ്യായാമവും വിശ്രമവും അത്യാവശ്യമാണ്. ഇവയൊക്കെയാണ് വ്യക്തി ശുചിത്വത്തിനു വേണ്ടി നാം പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ . ഈ ആരോഗ്യ ശീലങ്ങൾ നാം കൃത്യമായി പാലിച്ചാൽ ശരിയായ പ്രതിരോധശകതി നമുക്ക് ഉണ്ടാകും. രോഗ പ്രതിരോധശേഷിയും ശുചിത്വവുമുണ്ടെങ്കിൽ ഒരു പരിധി വരെ നമുക്ക് പല അസുഖങ്ങളെയും ഒഴിവാക്കാൻ സാധിക്കും. ഓരോരുത്തരും വ്യകതിശുചിത്വത്തോടൊപ്പം പരിസര ശുചിത്വം കൂടി ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക. അത് നമ്മുടെ സാമൂഹ്യ ശുചിത്വത്തിന് വഴിതെളിക്കുന്നു. അതു വഴി നമുക്ക് ഒരു പരിധി വരെ പലവിധ പകർച്ചവ്യാധികളെയും ഒഴിവാക്കാനും കഴിയുന്നു. ഇപ്പോൾ ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകിയും മാസ്ക് ധരിച്ചും സാമൂഹികാകലം പാലിച്ചും നമുക്ക് നേരിടാം. ശുചിത്വം പൂർവികരെ പ്പോലെ നമ്മുടെയും സംസ്കാരത്തിന്റെ ഭാഗമാക്കണം. ശുചിത്വമില്ലായ്മ നാം മുന്നോട്ടു കൊണ്ടു പോകുകയാണെങ്കിൽ ഇന്ന് പിടിപെട്ടതു പോലുള്ള മഹാമാരികൾ വരും വർഷങ്ങളിലും പിടിപെട്ട് ലോകത്തെ നശിപ്പിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.

വ്യകതി ശുചിത്വം പോലെ പരിസര ശുചിത്വവും പ്രാധാന്യമുള്ളതാണ്. പല പകർച്ചവ്യാധികളും പൊട്ടിപ്പുറപ്പെടുന്നത് പരിസരം വൃത്തിഹീനമാകുന്നതു കൊണ്ടാണ്. പരിസരം നിറയെ ചപ്പും ചവറും പ്ളാസ്റ്റിക്കും നിക്ഷേപിക്കുന്നതും വെള്ളം കെട്ടി നില്ക്കുന്നതും പരിസര മലിനീകരണത്തിനും രോഗങ്ങൾ ഉണ്ടാക്കുവാനും കാരണമാകുന്നു. 

പരിസരങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നതിനും, ഡെങ്കി, ചിക്കൻ ഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കും കാരണമാകുന്നു. രോഗ പ്രതിരോധശേഷി ശരീരത്തിന് ഇല്ലാതാകുമ്പോൾ അത് പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗ സാധ്യത വില്ലൻമാരായി മാറുന്നു. രോഗ പ്രതിരോധശേഷി കുറയുന്നത് പലപ്പോഴും നമ്മുടെ ആന്തരിക അവയവങ്ങൾക്ക് വളരെ ദോഷകരമായി മാറുന്നു. ശുചിത്വത്തോടെയും രോഗപ്രതിരോധശേഷിയോടെയും നമുക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാം.


ആരതി കൃഷ്ണ
9 B ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം