ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ്ദവും മനുഷ്യനും
പരിസ്ഥിതി സൗഹാർദ്ദവും മനുഷ്യനും
മനുഷ്യ ജീവൻ്റെ ആവിർഭവനത്തിനും മനുഷ്യ ജീവൻ്റെ വളർച്ചയ്ക്കും വിളക്ക് കൊളുത്തിയ പ്രധാന ഘടകം ആണ് നമ്മുടെ പരിസ്ഥിതി . മനഷ്യനെ മാത്രമല്ല ഈ ലോകത്ത് കാണുന്ന എല്ലാത്തരം ജീവജാലങ്ങളുടെയും നില നിൽപ്പിന് കാരണവും പ്രകൃതി തന്നെ. കോടാനുകോടി വർഷങ്ങൾ പഴക്കം ഉണ്ട് നമ്മുടെ ഭൂമിയ്ക്ക്. പ്രപഞ്ച പരിണാമത്തിൻ്റെ ഒരു ഘട്ടത്തിൽ ജീവൻ്റെ ആദ്യകണം ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷക്കണക്കിനു വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്നു കാണുന്ന വൈവിധ്യങ്ങളുടെ കലവറയായി മാറി. മനുഷ്യനും മൃഗങ്ങളും സസ്യങ്ങളുമെല്ലാം ഭൂമിയെ സ്വച്ഛന്ദസുന്ദരമാക്കി തീർത്തു. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയേകന്ദ്രമായി മാറി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലത്തേയും ചുറ്റുപാടുകളേയും പരിസ്ഥിതി എന്ന് വിളിക്കാം .ആധുനിക കാഴ്ചപാടുകൾ അനുസരിച്ച് മനുഷ്യൻ്റെ അമിതമായ കൈകടത്തുകളില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പര ആശ്രയത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കൽപത്തിന് ചേർന്ന വയാണ്. പരിസ്ഥിതിയിലൂടെ ഉയർന്നു വന്ന മനുഷ്യരും മനുഷ്യ സംസ്ക്കാരങ്ങളും ഇന്ന് പരിസ്ഥിതിയുടെ അധ:പതനത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ആണെന്നും പറയാം. പരിസ്ഥിതി പ്രശ്‌നങ്ങളിൽ ഏർപെട്ട് ലോകം ഇന്നു നട്ടം തിരിയുകയാണ്. മനുഷ്യൻ്റെ ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള വികസനമാണ് മാനവ പുരോഗതി എന്ന വാക്യത്തിനു കാരണം. തൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന അമിത സ്വാർത്ഥതയെ ത്യപ്തിപെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം എന്നത് ഒരു അർഥത്തിൽ മോഷണം തന്നെയാണ്. വൻതോതിൽ ഉള്ള മനുഷ്യൻ്റെ സ്വാർഥതയെ തൃപ്തിപെടുത്തുവാൻ വൻ തോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി. ഇതിൻ്റെ ഭാഗമായി ഗുരുതരമായ പ്രതി സന്ധികളിലേക്ക് പരിസ്ഥിതി നിലം പതിച്ചു. ഇതിൻ്റെയെല്ലാം ഭാഗമായി ആർത്തി മൂത്ത മനുഷ്യന് ഒട്ടനവധി പാരിസ്ഥിതിക തിരിച്ചടികളും നേരിടേണ്ടി വരുന്നു. മനുഷ്യൻ്റെ നിലനിൽപിനു തന്നെ ഭീഷണിയായി മാറുന്ന നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങൾ പ്രതിദിനം വർധിക്കുന്നു .ഈ ഒരു പ്രതിസന്ധിഘട്ടത്തിൽ കേരളത്തിൻ്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കുകയും പ്രശ്ന പരിഹാരമാർഗങ്ങൾ കണ്ടെത്തുക എന്നതും നമ്മുടെ സാമൂഹിക ധാർമിക ഉത്തരവാദി ത്യമാണ്. നമ്മുടെ പൂർവികൾ പടുത്തുയർത്തികൊണ്ടു വന്ന സംസ്ക്കാരങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ ആ പാതയിലൂടെ സഞ്ചരിക്കാൻ പ്രാപ്തമായ മാനവിക ജീവിതം സുരക്ഷിതമാക്കി മാറ്റാം. അതെങ്ങനെ സാധ്യമാക്കാം. എന്നത് മനുഷ്യൻ്റെ യുക്തിബോധത്തിലൂടെ കരസ്ഥമാക്കണം . ഉദാഹരണമായി വിദ്യാലയങ്ങളിൽ വിദ്യ അഭ്യസിക്കാനായി എത്തുന്ന കൊച്ചു കുരുന്നുകളുടെ കൈകളിലേക്ക് പരിസ്ഥിതിയുടെ, പുസ്തകതാളുകൾ വച്ചു നീട്ടിതന്നെ ഈ ചോദ്യത്തിനൊരു മാതൃകാപരമായ ഉത്തരമായി തീരാം.നഷ്ടപ്പെടുത്തിയതും നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നതുമായ പരിസ്ഥിതിയെ എങ്ങനെ പൂർവ സ്ഥിതിയിലേക്ക് മാറ്റാം എന്നതിലുപരി അതിനെ എങ്ങനെയെല്ലാം സംരക്ഷിച്ച് മാറ്റിയെടുക്കാം എന്ന് ചിന്തിക്കുന്നതിലാണ് അടിസ്ഥാനം. സ്നേഹവും, ദയയും, കരുണയും, സാഹോദര്യവും, ഐക്യവും എല്ലാം നാം കണ്ടുപിടിച്ചത് പ്രകൃതിയിൽ നിന്ന് തന്നെ .ആ പ്രകൃതിയ്ക്ക് വേണ്ടി മനുഷ്യൻ്റെയുക്തിയും ഐക്യവും സാഹോ ദര്യവും ചങ്ങല പോലെ കെട്ട് ഉറപ്പിച്ചു നിർത്തുകയും അതിനായ് പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ മാത്രമാണ് വിജയം കൈവരിക്കാൻ ആകുന്നത് .ഇന്നു കാണുന്ന മഴയും, പുഴയും, മരങ്ങളും, കാടുകളും, വെള്ളച്ചാട്ടങ്ങളും, സൂര്യനും, പറവകളും, നക്ഷത്രങ്ങളും അങ്ങനെ ആനന്ദമായ് നിറഞ്ഞ് കിടക്കുന്ന പരിസ്ഥിതി നമ്മുടേ താണ് എന്ന ഉദ്ബോധം വാനോളം വളർത്തി എടുക്കുന്നവരുടെ സമൂഹമാണ് പ്രസക്തിയാർജിക്കുന്നത്.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം |