ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/അക്ഷരവൃക്ഷം/കുഞ്ഞിതത്തയുടെ കാഴ്ചകൾ

കുഞ്ഞിതത്തയുടെ കാഴ്ചകൾ

ഒരു ദിവസം കുഞ്ഞിത്തത്ത കാഴ്ച കാണണം എന്ന ആഗ്രഹത്തോടെ കൂട്ടിൽ നിന്നും പുറത്തിറങ്ങി. അങ്ങിനെ അവൾ പറന്ന് പറന്ന് അതിമനോഹരമായ ഒരു ഗ്രാമത്തിലെത്തി. അവൾ മലയോളം വലിപ്പമുള്ള മരങ്ങൾ കണ്ടു. പച്ച വിരിച്ച പാടങ്ങൾ അവൾ കാണാനിടയായി. പറക്കുന്നതിനിടയിൽ കൊച്ചുകൊച്ചു വീടുകൾ കണ്ടു. ഈ വീടുകൾ കണ്ട അവൾക്കു തോന്നി "തന്റെ വീട് പോലെ അല്ലല്ലോ ഈ വീടുകളൊന്നും!" അങ്ങനെ വീണ്ടും അവൾ പറന്നു. പറക്കുന്നതിനിടയിൽ കുറച്ച് ആളുകൾ നടക്കുന്നതായി കണ്ടു . ഇതുകണ്ട അവൾക്കു തോന്നി. "ഇവരെന്താ എന്നെപ്പോലെ പറക്കാത്തത്!" അപ്പോളാണ് ഒരു കാര്യം അവളുടെ ശ്രദ്ധയിൽ പെട്ടത്. അവർക്കൊന്നും തന്നെപ്പോലെ ചിറകുകൾ ഇല്ല. ഇതുകൊണ്ടാകാം അവര് പറക്കാത്തത് എന്ന് അവൾ ഊഹിച്ചു. വീട്ടിലെത്തി, തന്റെ സംശയം അമ്മയോട് ചോദിക്കാം എന്ന് വിചാരിച്ചു അവൾ വീണ്ടും പറന്നു. ആ സമയത്താണ് അവളൊരു ചെറിയ കുളം കണ്ടത്. അവൾ അതിന്റെ അടുത്തേക്ക് പാറിപ്പോയി ഇരുന്നു. പെട്ടന്ന് കുളത്തിൽ ചാടിക്കളിക്കുന്ന മീനുകളെ അവൾ കണ്ടു. അവരെപ്പോലെ തനിക്കും വെള്ളത്തിൽ ചാ ടിക്കളിക്കാൻ പറ്റാത്തതിൽ വളരെ വിഷമമുണ്ടായി. തിരിച്ചു പോകാൻ ഒരുങ്ങിയപ്പോളാണ് അവൾ ഒരു വീട്ടുമുറ്റത്ത് പല നിറങ്ങളിലുള്ള പൂക്കൾ കണ്ടത്.. അവൾ ആ പൂക്കളുടെ അടുത്തേക്ക് പാറിപ്പറന്നു പോയി. തന്നെപ്പോലെ പറക്കുന്ന ചിത്രശലഭങ്ങൾ, തുമ്പികൾ, വണ്ടുകൾ ഇവരെല്ലാവരും പൂവിലിരുന്ന് തേൻ കുടിക്കുന്നത് കണ്ടു. ഇത് കണ്ടപ്പോൾ അവളും അവരുടെ കൂടെ കൂടി. കുറെ നേരം കളിച്ചു. നേരം വൈകിയപ്പോൾ തിരിച്ചു പോകാൻ ഒരുങ്ങി. അവൾ പറക്കാൻ തുടങ്ങിയപ്പോൾ തന്റെ കൂടെ നീങ്ങുന്ന തരത്തിൽ താഴെ എന്തോ ഒന്നിനെ കണ്ടു. അമ്മയോട് വീട്ടിൽ പോയി ചോദിക്കാം എന്ന് പറഞ്ഞുകൊണ്ട് താൻ കണ്ട കാഴ്ചകൾ ഓർത്തോർത്ത് കുഞ്ഞിത്തത്ത തന്റെ വീട്ടിലേക്കു തിരികെ പറന്ന് പോയി.

ഗൗരി. കെ. എം
3 ജി.എം.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ