ജി.എൽ.പി.സ്കൂൾ ഒഴൂർ/അക്ഷരവൃക്ഷം/ഉണ്ണിമോളും പൂമ്പാറ്റയും

ഉണ്ണിമോളും പൂമ്പാറ്റയും

എത്ര ദിവസമായി ഇങ്ങനെ.. ഇനിയും കുറെ ദിവസം കൂടി ഇങ്ങനെതന്നെ ആയിരിക്കുമെന്നാണ് അച്ഛനും പറഞ്ഞത്. ഉണ്ണിമോൾക്ക് സങ്കടം തോന്നി. വാർഷിക പരിപാടിക്കായി പാട്ടും ഡാൻസുമൊക്കെ ഒരുക്കി വരുന്നതിനിടയിലാണ് സ്‌കൂൾ പെട്ടെന്ന് അടച്ചത്. പരീക്ഷ യും നടന്നിട്ടില്ല. കൊറോണ എന്ന് കേട്ടു.കൈ നന്നായി കഴുകണമെന്നും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്ത് പോകാനാവൂ എന്നും പോകുമ്പോൾ മാസ്‌ക് ധരിക്കണം എന്നും...

അയൽവക്ക സുഹൃത്തുക്കൾ പോലും കളിക്കാൻ വരുന്നില്ല.. എന്തിന് വീടിനു പുറത്തിറങ്ങാൻ പോലും സമ്മതിക്കുന്നില്ല. സ്‌കൂളിൽ നിന്നും ടീച്ചർ, വർക്കുകൾ ഒക്കെ അമ്മയുടെ വാട്സാപ്പിലേക്ക് അയക്കുന്നു,അത് നോക്കി ചെയ്യുന്നു....

ആദ്യ ദിവസങ്ങളിലൊക്കെ രസമായിരുന്നു. ഇഷ്ടം പോലെ ഉറങ്ങാം.. കളിക്കാം... പക്ഷെ.. പിന്നീട് ഒറ്റക്കായിട്ട് ഒരു രസവുമില്ല. ജോലിക്കൊന്നും പോകാൻ അച്ഛനും പറ്റുന്നില്ല. വാഹനങ്ങൾ ഓടുന്നില്ല എന്ന്. എത്ര ഭയങ്കരനാണീ കൊറോണ!

അമ്മൂനേം ഹരി യേട്ടനേം അമ്മായിയേം ഒക്കെ വീഡിയോ കാളി ലൂടെ കണ്ടു....

ഉണ്ണിമോൾക്കൊരു നായയുണ്ട്, പാവയാണ്. അവൾ അതിനോടാണ് സങ്കടം പറയുന്നതിപ്പോൾ. എന്തായീ കൊറോണ പോവാത്തത്, എപ്പോഴാണ് എല്ലാവരുമൊത്തു കളിക്കാനാവുക എന്നൊക്കെ. അച്ഛനും മുത്തശ്ശി ക്കുമൊപ്പം പൂന്തോട്ടത്തിൽ നടക്കുമ്പോഴാണ് ഉണ്ണിമോൾ ആ പൂമ്പാറ്റ യെ കണ്ടത്. ഇതുവരെ കാണാത്ത, വലുപ്പവും ഭംഗിയുമുള്ള പൂമ്പാറ്റ.പത്തുമണിയിൽ നിന്നും മുല്ലയിലേക്ക്,പിന്നെ റോസപ്പൂവിലേക്ക്... കടുത്ത ,ചുവന്ന റോസാപ്പൂവിലിരിക്കുന്ന പൂമ്പാറ്റയെ ഉണ്ണിമോൾ സന്തോഷത്തോടെ നോക്കി നിന്നു. പിന്നെ ചോദിച്ചു.. നീയെവിടുന്നു വരുന്നു?ഇതിന് മുമ്പ് കണ്ടിട്ടേയില്ല ല്ലോ? പൂമ്പാറ്റ,തേൻ കുടിക്കൽ നിറുത്തി അവളെ നോക്കി പുഞ്ചിരിച്ചു.

ഞാൻ വളരെ ദൂരെ നിന്നും വന്നതാണ്. വർഷങ്ങൾക്ക് മുമ്പ് ഈ നാട്ടിലൊക്കെ ഇടക്ക് വരുമായിരുന്നു."ഞാൻ കണ്ടിട്ടേയില്ലല്ലോ" ഉണ്ണിമോൾ അത്ഭുതത്തോടെ പറഞ്ഞു. "എന്റെ അപ്പനപ്പൂപ്പന്മാരുടെ കാര്യമാണ് പറഞ്ഞത്. കാടും മേടും കുളവും പുഴയുമൊക്കെ ഭംഗിയും വൃത്തിയുമായി കിടന്നിരുന്ന നല്ലൊരു കാലത്ത് അവരിവിടെ ഇടക്ക് വന്നിരുന്നു. കുറെ കാലത്തിനു ശേഷമാണ് അവർ പറഞ്ഞു തന്നൊരു ആ നല്ല കാലം... അതേ വസന്ത കാലം കാണുന്നത്" പൂമ്പാറ്റ പൂവിലേക്ക് തേൻ കുടിക്കാൻ തിരിഞ്ഞു. വസന്ത കാലമോ... ഉണ്ണിമോൾക്ക് അമ്പരപ്പായി. അതെങ്ങനെ? മഴ പെയ്യേണ്ട പോലെ പെയ്യുന്നില്ല.. പെയ്താൽ വെള്ളപ്പൊക്കം, മഞ്ഞു കാലമേ വരുന്നില്ല, കൊടും ചൂട്, നല്ല ഭക്ഷണം കിട്ടുന്നില്ല എന്നൊക്കെയാണ് മുത്തശ്ശി പറയാറുള്ളത്. എന്നിട്ടിപ്പോൾ...?അവളാ സംശയം പൂമ്പാറ്റയോട് പറഞ്ഞു. പൂമ്പാറ്റ ചിരിച്ചു.

"സുന്ദരി മോളെ, നിങ്ങൾ മനുഷ്യർ ഈ പ്രകൃതിയോട് എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്. മരങ്ങൾ മുറിച്ചും കാടു വെട്ടിയും മല ഇടിച്ചും പുഴയും കുളവും മണ്ണുവാരിയും നികത്തിയും അങ്ങനെയങ്ങനെ...." ശരിയാണ്, ടീച്ചർ ക്ലാസിൽ പറഞ്ഞിട്ടുണ്ട്, പഠിക്കാനും ഉണ്ടായിരുന്നു. പോസ്റ്റർ നിർമിച്ചതും ക്ലാസിൽ നാടകം കളിച്ചതുമൊക്കെ ഉണ്ണിമോൾ ഓർത്തു. " ഇപ്പോൾ, നിങ്ങൾ എല്ലാവരും വീട്ടിലിരുന്നപ്പോൾ എന്തൊക്കെ മാറ്റങ്ങൾ ആണെന്നോ!ഞാൻ പറന്നു വന്ന നാട്ടിലൊക്കെ കായലും പുഴയും കടലും കാടും മേടുമൊക്കെ ഭംഗിയായി ഇരിക്കുന്നു.. എന്റെ കൂട്ടുകാരൻ മീൻ പറഞ്ഞു അവരിപ്പോൾ മനുഷ്യനെ ഭയക്കാതെ നീന്തിത്തുടിക്കുന്നു എന്ന്." കഴിഞ്ഞ ദിവസം അമ്മയുടെ ഫോണിൽ കണ്ട വാർത്ത ഉണ്ണിമോൾക്ക് ഓർമ വന്നു.. ഗംഗാ നദിയിൽ തിരിച്ചെത്തിയ ഗംഗാ ഡോൾഫിൻ.. അവൾ ഒന്ന് നിറഞ്ഞു ചിരിച്ചു പോയി. "സംസാരിച്ചു നിന്നു നേരം പോയി.

കാണാം നമുക്കിനിയും".തേൻ കുടിച്ചു നിറഞ്ഞ വയറോടെയും മനസ്സോടെയും പൂമ്പാറ്റ യാത്ര പറഞ്ഞു. ഉണ്ണിമോൾ കോലായിലേക്ക് കയറി. ഇതു വരെ ,പുറത്തിറങ്ങാനാവാതെ ,കളിക്കാൻ കൂട്ടുകാരില്ലാതെ കൊറോണ യെന്ന വൈറസ് നെ പേടിച്ചിരുന്ന അവൾക്ക് സന്തോഷം തോന്നി.... പാവം ജീവികൾക്ക് വേണ്ടി കുറച്ചു കാലം കൂടി ഇങ്ങനെ വീട്ടിലിരിക്കാം. "ഉണ്ണിമോളെ...കൈ നന്നായി കഴുകിക്കോളൂ"അച്ഛൻ വിളിച്ചു പറയുന്നു....

നൂറ മിസ്റിയ ടി
( 3 A) ജി.എൽ.പി.സ്കൂൾ ഒഴൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ