കോവിഡിൻ കാലമിത് ഭീകര കാലം
ഭീതിയിൽ സജ്ജനം നോക്കിനിൽപ്പൂ.
നിപയും പ്രളയവും നമ്മൾ കടന്നുപോയ്
കോവിഡ് കടമ്പ കടക്കവേണം.
മഹാനഗരത്തിന്റെ വീചികൾ തോറും
മതിമറന്നാടിപ്പറന്നു നമ്മൾ,
വീട്ടിലിരുന്നു മടുത്തുവെന്നല്ലാതെ
മറ്റു പരാതികളൊന്നുമില്ല.
അന്തരീക്ഷത്തിൽ മലിനീകരണത്തിൻ
തോതു കുറഞ്ഞെന്നുമോതി ചിലർ,
നിമിഷനേരം പോലുമാളൊഴിയാത്തൊരാ
നഗരത്തിരക്കിന്ന് തെല്ലുമില്ല.
കടകളില്ലിന്ന് കമ്പോളങ്ങളില്ല
ആളുമില്ലാഘോഷമൊട്ടുമില്ല,
ആരാധനാലയം പോലും തുറന്നീല്ല
പ്രാർത്ഥന തന്നൊലി കേൾപ്പാനില്ല.
ബന്ധങ്ങളൊക്കെ അകലെയാണെങ്കിലും
പതിവായി ഫോൺകോൾ വരുന്നുണ്ടിപ്പോൾ,
സ്നേഹിച്ചു വീർപ്പുമുട്ടിക്കുന്ന വീട്ടുകാർ സ്നേഹിച്ചു കൊല്ലുന്നയൽ വീട്ടുകാർ.
എന്നോ അനാഥരായി മാറിയവർ വീണ്ടുമിന്നും അനാഥരായി മാറിടുന്നു.
ഭീതിപ്പെടുത്തുന്ന മരണക്കണക്കുകൾ
കാതിനെ കുത്തിത്തുളച്ചിടുന്നൂ.
സ്വരുക്കൂട്ടി വച്ചൊരണുബോമ്പു ശേഖരം
നോക്കിക്കരയുന്നു ലോകരാജ്യങ്ങൾ.
അഞ്ചല്ല, പത്തല്ല, പതിനായിരങ്ങൾ
മരിച്ചു വീഴുന്നു നാളുതോറും.
ഉറ്റവരെയൊന്നും കാണുവാനാകാതെ
അന്ത്യയാത്രയ്ക്ക് മുതിർന്നൂ ചിലർ.
വ്യത്യസ്ത വർഗ്ഗ-വർണങ്ങളിലുള്ളവർ
ഒറ്റക്കുഴിമാടത്തിൽ കിടപ്പൂ.
ജാതിയില്ല മതമൊട്ടുമില്ലെന്നു നാം
കോവിഡ് സാക്ഷിയായ് ഓർക്ക വേണം.
നമ്മുടെ പ്രാർത്ഥന സ്വാർത്ഥതയില്ലാതെ
കോവിഡ് തുരുത്തുവാനായിടേണം.
മന്നിലെ കൺകണ്ട മാലാഖമാരേയും
പോലീസുകാരേയുമോർക്കവേണം.
ഒന്നിച്ചു മുന്നേറുമെന്ന പ്രതീജ്ഞയിൽ
ഈ ലോകമൊന്നായി മാറിടുമ്പോൾ,
അതിരുകൾ ലംഘിച്ച സുഹൃദം പിന്നെയും
ലോകത്തെ ഒന്നാക്കി മാറ്റിടുന്നു.
കോവിഡിൻ കാലമിത് ദീകരകാലം
ഒന്നിച്ചതിജീവിച്ചീടും നമ്മൾ.....