ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/ശീലമാക്കാംശുചിത്വം അകറ്റാം നമുക്ക് കൊറോണയെ....

ശീലമാക്കാംശുചിത്വം അകറ്റാം നമുക്ക് കൊറോണയെ....

ശ്വാസകോശത്തെ ബാധിക്കുന്ന കിരീടം എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ 'കൊറോണ ' (കൊറോണ വൈറസ് ഡിസീസ്- 2019ചുരുക്കം കോ വിഡ്- 19 ) രോഗം ലോകത്തെ മൊത്തം പടർന്നു പിടിക്കുകയാണ്.കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്നു മാസത്തിനകം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും വ്യാപിച്ചു. കോവിഡ്- 19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്.ഇറ്റലിയിലും ഇറാനിലും മരണസംഖ്യ കൂടുകയാണ്.ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട്. മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടംRNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അൽപ്പം വ്യത്യസ്തമായ ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വൈറസാണ്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടകാരിയല്ലെങ്കിലും പ്രതിരോധ വ്യവസ്ഥ ദുർബലമായവരിൽ അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭിണികളിലും വൈറസ് പിടിമുറുക്കും .ഇതു വഴി മരണം വരെ സംഭവിക്കാം.കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതു കൊണ്ട് തന്നെ ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. ഇനി നാം വളരെയധികം ആലോചിക്കേണ്ടതായിട്ടുണ്ട്. എങ്ങനെ ഈ വ്യാധിയെ പിടിച്ചു നിർത്താനാവും?അതെ വ്യക്തി ശുചിത്വം തന്നെ. അതു ജീവിതത്തിന്റെ ഭാഗമാക്കി വേണം ഇനി നാം മുന്നോട്ട് പോകാൻ.ശരീര സ്രവങ്ങളിൽ നിന്നും പകരുന്ന രോഗമായ തുകൊണ്ട് തന്നെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മൂടുക. കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടുന്ന ശീലം ഒഴിവാക്കുക. പനി, ജലദോഷം ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക. പുറത്തിറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പുന്ന സ്വഭാവം ഒഴിവാക്കുക. അത്യാവശ്യങ്ങൾക്കല്ലാതെ പൊതു സ്ഥലങ്ങളിൽ പോകാതിരിക്കുക. കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക. തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം. ലോക് ഡൗൺ കഴിഞ്ഞാലും കോവിഡ് ബാധയുള്ള സ്ഥലങ്ങളിലേക്കു പോകുന്നു എന്ന ബോധ്യത്തോടെ, ക്യത്യമായ മുൻകരുതലുകളെടുത്തു വേണം പുറത്തിറങ്ങാൻ.കൈ കഴുകൽ, അകലം പാലിക്കൽ, സാനിറ്റൈസറിന്റെ ഉപയോഗം എന്നിവ ജീവിത ശൈലിയാക്കണം. ഇവ ശീലമാക്കിയ രാജ്യങ്ങളിൽ കൊറോണ വ്യാപനം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.ചെക്കോസ്ലോവാക്യ പോലുള്ള രാജ്യങ്ങൾ ഇതിനുദാഹരണമാണ്. വ്യക്തി ശുചിത്വമാണ് കൊറോണ വൈറസിനെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധം .ലോക് ഡൗണിനു ശേഷമുള്ള പ്രാഥമിക ഘട്ടത്തിലാണ് അധിക ശ്രദ്ധ വേണ്ടത്. യാത്രാവിലക്ക് നീക്കിയാൽ മറ്റ് രാജ്യങ്ങളിൽ നിന്നും ധാരാളം പേർ നമ്മുടെ സമൂഹത്തിലേക്ക് എത്തിച്ചേരും. ഈ സമയം നിയന്ത്രണങ്ങൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെങ്കിലും നാം വ്യക്തിപരമായ നിയന്ത്രണങ്ങൾ പാലിക്കണം. ബോധപൂർവ്വം ശാരീരിക അകലം പാലിക്കുക. ഇപ്പോൾ നിയന്ത്രണത്തിൽ കൊണ്ടുവരുന്ന മഹാമാരി വീണ്ടും പടർന്നു പിടിക്കാൻ അനുവദിക്കരുത്.വ്യക്തികൾ മാത്രമല്ല സ്വകാര്യ സർക്കാർ സ്ഥാപനങ്ങളും അവശ്യ സർവ്വീസുകളുമെല്ലാം ശുചിത്വ ശീലങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കണം. അടച്ചിട്ട ഒരു സ്ഥലത്തെ വായുവാണ് എല്ലാവരും ശ്വസിക്കുന്നതെങ്കിൽ അത് രോഗ സംക്രമണം കൂടാനും കാരണമാകും. അതു കൊണ്ട് തന്നെ വരും ദിവസങ്ങളിൽ സ്വകാര്യ സർക്കാർ സ്ഥാപനങ്ങൾ കൂടുതൽ വായുസഞ്ചാരം ഉറപ്പാക്കണം.എ.സി ഓഫ് ചെയ്ത് ജനാലകളും വാതിലുകളും തുറന്നിടണം. ലോക് ഡൗണിനു ശേഷം വളരെ തിരക്കുണ്ടാകാനിടയുള്ള സ്ഥലം ആശുപത്രികളാണ്. ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരുടെ എണ്ണം കുറയ്ക്കണം. കൊറോണ വൈറസ് കേരളത്തേയും ഭീതിയിലാഴ്ത്തിയിരിക്കുന്ന ഈ അവസരത്തിൽ രോഗം പകരാതിരിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം ശുചിത്വം പാലിക്കുക എന്നു തന്നെയാണ്. സാമൂഹിക മര്യാദകൾ പാലിച്ചുകൊണ്ട് രോഗം നിയന്ത്രിക്കാം. ഒരു വ്യക്തിയും അവൻ ജീവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമായ അന്തരീക്ഷവുമാണ് ശുചിത്വം.വ്യായാമവും വിശ്രമവും അത്യാവശ്യം. അങ്ങനെ സമ്പൂർണ ശുചിത്വത്തിലൂടെ നമുക്ക് രോഗങ്ങൾക്ക് അറുതി വരുത്താം. " ശുചിത്വം ശീലമാക്കൂ ആരോഗ്യം ഭദ്രമാക്കാം"....

ശിവപ്രീത് കെ
6 ബി ഗവ.ഹൈസ്കൂൾ ചെറിയൂർ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം