"ഉപ്പാ, എന്നാ നമ്മുടെ വീട് പണി തീരുക?
നോമ്പിന്റെ മുന്നേ കഴിയോ?”
ഉപ്പ പതിവ് മറുപടി പറഞ്ഞു
"അത് തീരുമ്പോൾ തീരും”.
"ഈ ഉപ്പ എപ്പോഴും ഇങ്ങനെയാ"
അവൾ ഉമ്മയോട് പരാതി പറഞ്ഞു.
"മോളെ, എനിക്കും ആഗ്രഹമുണ്ട് വീടിരിക്കാൻ.
പക്ഷെ ഞാനെന്ത് ചെയ്യും?” ഉമ്മ ചോദിച്ചു.
അന്ന് കിടക്കുമ്പോൾ അവൾ എന്നത്തേയും പോലെ പ്രാർത്ഥിച്ചു:
"അല്ലാഹുവേ എന്റെ വീട് പണി വേഗം കഴിയണേ... ആമീൻ”.
പിന്നെ അവൾ കിടന്നു.
പിറ്റേ ദിവസം അവൾ പ്രാർത്ഥനക്ക് ശേഷം പുറത്തിറങ്ങി.
അപ്പോൾ അവളുടെ ഉപ്പ പ്ലംബർ ബാലേട്ടനോട് ഫോണിൽ പണി തുടങ്ങുന്നതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടു.
"കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ മതി പുതിയ വീട്ടിലേക്ക് താമസം മാറാൻ" അവൾ ചിന്തിച്ചു.
അവൾ വേഗം ഉപ്പയുടെ അടുത്ത് ചെന്ന് ചോദിച്ചു. "ഉപ്പാ, വീടിന്റെ പണി തീരാറായോ?”
"ഒരു മാസത്തിനകം നമ്മൾ വീടിരിക്കും. എന്തേ നിനക്ക് സന്തോഷമായില്ലേ?”
"വളരെ സന്തോഷമായി ഉപ്പാ...” ശേഷം ഉപ്പ പുറത്തേക്ക് പോയി.
"ഹാവൂ ഇനി പെട്ടെന്ന് തന്നെ വീടിരിക്കും”.
അവൾ പുതിയ വീട്ടിൽ വെച്ച് പഠിക്കുന്നതും കളിക്കുന്നതും ഒക്കെ സ്വപ്നം കണ്ടു.
അങ്ങനെയിരിക്കെ ഒരു ദിവസം അവൾക്ക് പനിയും ജലദോഷവും പിടിപെട്ടു.
ഉപ്പ അവളെ ഡോക്ടറെ കാണിച്ചു.
മരുന്ന് കഴിച്ചിട്ടും അവളുടെ അസുഖത്തിന് കുറവില്ല.
അവൾ കൂടുതൽ അവശയായി.
ഇടക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടു.
അവളുടെ ഉപ്പയും ഉമ്മയും കൂടി അവളെ നഗരത്തിലെ 'സിറ്റി ഹോസ്പിറ്റലിൽ' കൊണ്ട് പോയി.
ടെസ്റ്റുകൾ ചെയ്തപ്പോൾ അവൾക്ക് 'ന്യൂമോണിയ'യാണെന്ന് മനസ്സിലായി.
അവളെ ഹോസ്പിറ്റലിൽ അഡ്‍മിറ്റ് ചെയ്തു.
ഉപ്പ എന്നും അവൾക്കുള്ള ഭക്ഷണവുമായി വരുമ്പോൾ അവൾ ചോദിക്കും
"ഉപ്പാ, നമ്മുടെ വീടുപണി തീരാറായോ?”
അവളുടെ അസുഖം ഭേദമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയെങ്കിലും പെട്ടെന്നൊരു ദിവസം മൂർഛിച്ചു.
ഡോക്ടർമാർ ഏറെ ശ്രമിച്ചെങ്കിലും അവളെ രക്ഷിക്കാനായില്ല.
തന്റെ ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി അവൾ നിത്യനിദ്രയിലേക്ക് മടങ്ങി.