ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ/അക്ഷരവൃക്ഷം/ പുൽനാമ്പുകൾ കരിഞ്ഞുണങ്ങുന്നു
പുൽനാമ്പുകൾ കരിഞ്ഞുണങ്ങുന്നു
പേടിപ്പെടുത്തുന്ന ശബ്ദം കേട്ട് ലക്ഷ്മിയമ്മ ഉമ്മറത്തേക്ക് വന്നു. ഏതോ ഒരു ഭീകരജീവി അടുത്തു വരുന്നതു പോലെ..... അമ്മ മകനെ വിളിച്ചു. "മോനേ, ഗോപീ ... ഒന്നിങ്ങു വന്നേ...." "എന്താ അമ്മേ" "ആ വരുന്നതെന്താ മോനേ" "ഓ.... അതോ...." അവൻ ഒന്നും പറയാതെ മുറ്റത്തേക്കിറങ്ങി നടന്നു. ഇതു കണ്ടു നിന്ന പേരക്കുട്ടികൾ മുത്തശ്ശിയുടെ അടുത്തേക്ക് ഓടി വന്നു പറഞ്ഞു, മുത്തശ്ശീ..... മുത്തശ്ശി ....അതാണ് മണ്ണുമാന്തിയന്ത്രം" " മക്കളെ അതെന്തിനാ ഇങ്ങോട്ടു വരുന്നത്" " അതോ, അത്.... ഇന്നലെ അച്ഛൻ അമ്മയോട് പറയുന്നത് ഞങ്ങൾ കേട്ടതാ, നമ്മുടെ ഈ മുറ്റത്തെ വലിയ മാവും പ്ലാവും ഒക്കെ വെട്ടാൻ പോവാത്രേ, മാത്രല്ല, ഈ കാണുന്ന പക്ഷികളൊക്കെ വരുന്ന വയലും അരുവിയും കുന്നും എല്ലാംനികത്താൻ അച്ഛൻ ആളെ ഏർപ്പാട് ചെയ്തിട്ട്ണ്ട്ന്നും പറയുന്നുണ്ടായിരുന്നു. "എൻ്റെ ദൈവമേ!" ലക്ഷ്മിയമ്മയുടെ മനസ്സൊന്നു നടുങ്ങിപ്പോയി. " അതേ അമ്മേ ഞാൻ പലതവണ വേണ്ടാന്ന് പറഞ്ഞിട്ടും കേൾക്കുന്നില്ല." മരുമകൾ സുജാതയും പറഞ്ഞതു കേട്ടപ്പോൾ അമ്മയുടെ കണ്ണിൽ നിന്നും കണ്ണീര് ഇറ്റിറ്റു വീണു. " അച്ഛനോട് ഇങ്ങനെയൊന്നും ചെയ്യണ്ടാന്ന് പറ മുത്തശ്ശി" "മോനേ, പ്രകൃതിയെ നശിപ്പിക്കരുത് .നിൻ്റെ അച്ഛൻ കഷ്ടപ്പെട്ട് പരിപാലിച്ചെടുത്ത മരങ്ങളാ ഇതൊക്കെ ഇവയ്ക്കും വേദന ഉണ്ടാകും." "അമ്മയെ വിളിച്ചോണ്ട് പോ...." ഗോപി ഭാര്യയോട് പറയുന്നതു കേട്ടപ്പോൾ അമ്മ ചോദിച്ചു, "നീ ഇവിടെ എന്തു ചെയ്യാനാ പോവുന്നത് " "മരവും കുന്നും വയലും ഒക്കെ ഉണ്ടായിട്ട് എന്താ കാര്യം. ഇതൊക്കെ നിരപ്പാക്കി ഒരു ഫ്ലാറ്റ് പണിയണം. അതിൽ നിന്നും നല്ല വരുമാനവും കിട്ടും." ഇത്രയും കേട്ട അമ്മ പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു. മണ്ണുമാന്തിയന്ത്രം ഒരു വലിയ ത്യാഗം ചെയ്യുന്നതു പോലെ എല്ലാം ഭംഗിയായി ചെയ്ത് പണവും വാങ്ങി തിരിച്ചുപോയി. പിറ്റേന്നു തന്നെ സ്ഥലം അളന്നു തിട്ടപ്പെടുത്തി കെട്ടിടത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി. അമ്മയ്ക്ക് മനസ്സമാധാനം നഷ്ടമായി.മുറ്റത്തേക്കൊന്നു നോക്കുമ്പോൾ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങും. തൊണ്ട വരണ്ട് ശബ്ദമില്ലാതാകും. കാഴ്ച മങ്ങും.പിന്നെ വേച്ചു വേച്ച് വീട്ടിലേക്ക് കയറും.മനസ്സിൽ എന്തോ, ആരുടേയോ, ശാപം ഏറ്റുവാങ്ങേണ്ടി വരുന്നതു പോലെ . തണലും, കുളിരണിയിക്കുന്ന കാറ്റും എല്ലാം പോയി. നഗ്നമായി കിടക്കുന്ന തരിശുഭൂമിയിൽ ദിവസങ്ങൾക്കകം കോൺക്രീറ്റ് സൗധം ഉയർന്നുപൊങ്ങി.ഒപ്പം ഗോപിയുടെ മനസ്സിലെ ആഗ്രഹങ്ങളും. പ്രകൃതിയുടെ ചലനങ്ങൾക്ക് മാറ്റം സംഭവിക്കുന്നതു പോലെ അമ്മയ്ക്ക് തോന്നി.ഒന്നും മിണ്ടാതെ ദിവസങ്ങൾ കഴിച്ചുകൂട്ടി. മുറ്റത്തെ കിണറിലെ വെള്ളം കുടിക്കാനും കുളിക്കാനുമുള്ള ഏക ആശ്രയമായി മാറി.ദിവസം കഴിയുംതോറും അതും വറ്റാൻ തുടങ്ങി. വെയിലിൻ്റെ കാഠിന്യം കൂടിക്കൂടി വന്നു. ഇനിയെന്തു ചെയ്യും? ശൂന്യമായ ഓരോ കുടത്തിലേക്കും ഗോപി മാറിമാറി നോക്കി;കത്തുന്ന വെയിലിൽ സൂര്യപ്രകാശത്തിൻ്റെ കിരണങ്ങൾ ഗോപിയുടെ കണ്ണിൽ തുളച്ചു കയറി.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |