ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/ശുചിത്വമില്ലെങ്കിൽ

ശുചിത്വമില്ലെങ്കിൽ

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ വേലായുധൻ എന്നൊരു കഠിനാധ്വാനിയായ കർഷകൻ താമസിച്ചിരുന്നു. അയാൾക്ക് ലീല എന്ന ഭാര്യയും കിച്ചു എന്ന കുഞ്ഞും ഉണ്ടായിരുന്നു. കിച്ചുവിന്റെ അമ്മ മനോനില നഷ്ടപ്പെട്ട ഒരു രോഗിയായിരുന്നു. കാലിൽ ചങ്ങലയിട്ട്, മുടിയഴിച്ചിട്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ, വ്യക്തിശുചിത്വമില്ലാത്തതായിരുന്നു ലീലാമ്മയുടെ ജീവിതം. പെട്ടെന്നൊരുനാൾ ലീലാമ്മ അവരെയെല്ലാം വിട്ട് മരണത്തിനു കീഴടങ്ങി.
അമ്മയുടെ മരണശേഷം കിച്ചു ഒരു തീരുമാനമെടുത്തു.
“ഞാൻ നിർബന്ധമായും വ്യക്തിശുചിത്വം പാലിച്ചിരിക്കും, മറ്റുള്ളവരെ അതിനായി ഞാൻ പ്രേരിപ്പിക്കുകയും ചെയ്യും.”
എന്തുകൊണ്ടാണ് അവൻ അങ്ങനെയൊരു തീരുമാനമെടുത്തതെന്നറിയില്ല.
ലീലയുടെ മരണശേഷം ലേലായുധൻ ഒറ്റപ്പെട്ടു. അയാൾ ആലോചിച്ചു:
“ഞാൻ ഇങ്ങനെ തളർന്നിരുന്നിട്ടു കാര്യമില്ല, കിച്ചുവിനെ പഠിപ്പിക്കണം.”
അവനെ വല്യഒരു ഡോക്ടറാക്കണം എന്നതായിരുന്നു വേലായുധന്റെ സ്വപ്നം.
താൻ ഇപ്പോൾ ചെയ്യുന്ന ജോലികൊണ്ടൊന്നും തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയില്ലെന്നു അയാൾക്കു തോന്നി. നല്ല വരുമാനമുള്ളൊരു ജോലി വേണമെന്നു അയാൾ തീരുമാനിച്ചു. പിറ്റേന്ന് വേലായുധൻ ആ ഗ്രാമത്തിലെ കോടീശ്വരനായ ചന്ദ്രശേഖരനെ പോയി കണ്ടു. തന്റെ ദു:ഖങ്ങളെല്ലാം അദ്ദേഹത്തോടു പറഞ്ഞു. വേലായുധന് മകനോട് എത്രത്തോളം സ്നേഹമുണ്ടെന്ന് ചന്ദ്രശേഖരന് മനസ്സിലായി. വിശാലമനസ്കനായ അദ്ദേഹം വേലായുധന് നല്ലൊരു ജോലി കൊടുത്തു. വേലായുധന് തന്റെ സന്തോഷത്തെ പിടിച്ചു നിർത്താനായില്ല. അയാൾ അദ്ദേഹത്തോടു നന്ദി പറഞ്ഞു. ആത്മാർത്ഥതയോടെയുള്ള വേലായുധന്റെ പെരുമാറ്റം ചന്ദ്രശേഖരനിൽ ഒരു മതിപ്പുളവാക്കി. അങ്ങനെ വേലായുധൻ ജോലി ചെയ്ത് ഉയർന്ന നിലയിലെത്തി. സ്വന്തമായി പുതിയൊരു വീടുണ്ടാക്കി.
നന്മനിറഞ്ഞ വേലായുധന് ചന്ദ്രശേഖരൻ തന്റെ മകളായ ലക്ഷ്മിയെ വിവാഹം കഴിപ്പിച്ചു. രണ്ടാനമ്മയാണെങ്കിലും ലക്ഷ്മിക്ക് കിച്ചുവിനോടു വലിയ ഇഷ്ടമായിരുന്നു. സ്വന്തം മകനെപ്പോലെത്തന്നെയാണ് അവൾ കിച്ചുവിനെ കണ്ടത്. കിച്ചുവിന്റെ ജീവിതത്തിലെ മനോഹരമായ നാളുകളായിരുന്നു അത്. സന്തോഷമേറിയ അവരുടെ ജീവിതത്തിലേക്ക് ഒരു അതിഥികൂടി കടന്നു വന്നു. കിച്ചുവിന്റെ രണ്ടാനമ്മയുടെ മകൻ, ജിത്തു. ജിത്തു ജനിച്ചപ്പോഴും ലക്ഷ്മിക്ക് കിച്ചുവിനോടുള്ള സ്നേഹം കുറഞ്ഞിരുന്നില്ല.
ഒരു ദിവസം വേലായുധനും ലക്ഷ്മിയും ജിത്തുവിനെ കളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ കിച്ചു അവരുടെ അടുത്തേക്കു ചെന്നു. വേലായുധൻ അവനോടു ചോദിച്ചു, മോനേ, നിനക്കു ജിത്തുവിനെ മടിയിൽ വയ്ക്കണോ? വേലായുധന്റെ ചോദ്യം കേട്ട് കിച്ചു പെട്ടെന്ന് ഓടിപ്പോയി.
അവനെന്തിനായിരിക്കും ഓടിപ്പോയത്?
അവർ ആലോചിച്ചു. പോയപോലെത്തന്നെ കിച്ചു മടങ്ങിവന്നു.
നീ എന്തിനാ ഓടിപ്പോയത്? ലക്ഷ്മി ചോദിച്ചു.
ഞാൻ കൈകഴുകാൻ പോയതാണമ്മേ.. കുഞ്ഞുങ്ങളെ എടുക്കുമ്പോൾ കൈ കഴുകേണ്ടേ? കിച്ചു പറഞ്ഞു.
കിച്ചുവിന്റെ പെരുമാറ്റം കണ്ട് അവർക്കു അതിശയമായി. ഇത്ര ചെറുപ്പത്തിൽത്തന്നെ എത്ര വൃത്തിയോടെയാണവൻ ഓരോ കാര്യവും ചെയ്യുന്നത്. അവർ ചിന്തിച്ചു.
വർഷങ്ങൾ കടന്നുപോയി.
കിച്ചു പഠിച്ച്, അവന്റെ അച്ഛന്റെ ആഗ്രഹംപോലെ ഒരു ഡോക്ടറായി. വേലായുധന്റെ സ്വപ്നം കിച്ചു സാധിച്ചുകൊടുത്തപ്പോൾ ജിത്തു നേർവിപരീതമായിരുന്നു. അവൻ വേലായുധന്റെ സ്വപ്നങ്ങളൊക്കെ ഇല്ലാതാക്കുകയാണ് ചെയ്തത്. അവൻ ചീത്ത കൂട്ടുകെട്ടിൽ പെട്ട് അച്ഛനേയും അമ്മയേയും കിച്ചുവിനെയെല്ലാം ധിക്കരിക്കാൻ തുടങ്ങി. ധാരാളം പണമുള്ളതു കൊണ്ട് ആർഭാടജീവിതമാണവൻ പിൻതുടർന്നുകൊണ്ടിരുന്നത്. ആർഭാടത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ജിത്തു മയക്കുമരുന്നിന് അടിമയായി. ശുചിത്വമില്ലാതെ, മുടിയെല്ലാം വളർത്തി, കുളിക്കാതെ, വ്യക്തിശുചിത്വമൊന്നും പാലിക്കാത്തവനായി അവൻ മാറി. കിച്ചുവും വേലായുധനും ലക്ഷ്മിയും ജിത്തുവിനെ കാര്യങ്ങൾ പറഞ്ഞു നേർവഴിക്കു കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അവൻ വഴങ്ങിയില്ല. സന്തോഷത്തോടെ ജീവിതം നയിച്ചിരുന്ന അവർ സങ്കടക്കടലിൽ പെട്ടുപോയി.
അങ്ങനെയിരിക്കെ, അവരെത്തേടി ഒരു ദുരന്തം കൂടി വന്നു. ഒരു ദിവസം ജിത്തു ഫോണിൽ സംസാരിക്കുകയായിരുന്നു. പെട്ടെന്നവൻ കുഴഞ്ഞു വീണു. ജിത്തു വീഴുന്നതു കണ്ട വേലായുധനും ലക്ഷ്മിയും അവനെ എടുത്ത് കിച്ചുവിന്റെ ആശുപത്രിയിൽ കൊണ്ടുപോയി. ജിത്തുവിനെ ഉടൻ ICUവിൽ കയറ്റി. അവന്റെ രോഗം മനസ്സിലാക്കിയ കിച്ചു തളർന്നിരു‍ന്നുപോയി. ശുചിത്വമില്ലാത്തതിന്റെയും മയക്കുമരുന്നിന്റെയും പേരിൽ ജിത്തുവിനെ മാരകമായ ഒരു രോഗം പിടികൂടിയിരുന്നു. കിച്ചു പുറത്തേക്കു ചെന്ന് വേലായുധനോടും ലക്ഷ്മിയോടും കാര്യങ്ങൾ തുറന്നു പറഞ്ഞു.
ജിത്തു എത്രസമയം ജീവനോടെക്കാണുമെന്ന് പറയാനാവില്ല.
അവർ ആകെ തകർന്നുപോയി. ജിത്തുവിനെ ഓർത്തു ദുഃഖിച്ചു. അവരെ സമാധാനിപ്പിക്കാൻ കിച്ചു ചെന്നപ്പോഴേക്കും ഐ.സി.യു. വിൽ നിന്നും ഡോക്ടർമാരുടെ വിളി വന്നു : ഡോക്ടർ, ഓടിവരൂ... ജിത്തു....
കിച്ചു ഝടിതിയിൽ ജിത്തുവിനടടുത്തെത്തി. ജിത്തു, കിച്ചുവിന്റെ കൈപിടിച്ചിട്ടു പറഞ്ഞു.
ഏട്ടൻ അന്നു പറഞ്ഞതുകേട്ട്, മയക്കുമരുന്നെല്ലാം ഉപേക്ഷിച്ച്, ശുചിത്വം പാലിച്ച് ജീവിച്ചിരുന്നെങ്കിൽ ഇന്നെനിക്കീ അവസ്ഥ വരില്ലായിരുന്നു.
അതു പറഞ്ഞതും ജിത്തു എല്ലാവരേയും വിട്ട് എന്നെന്നേക്കുമായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
ഗുണപാഠം: ജിത്തുവിന് സംഭവിച്ചത് നമുക്ക് വരാതിരിക്കണമെങ്കിൽ ശുചിത്വമുള്ളവരായി മാറുക. വ്യക്തിശുചിത്വം പാലിക്കുക. ചീത്തകൂട്ടുകെട്ടിൽ അകപ്പെടാതിരിക്കുക. മാതാപിതാക്കളോ കുടുംബത്തിലെ മറ്റു മുതിരന്നവരോ പറയുന്നത് അനുസരിക്കുക.

ജിത്യാരാജ്
9 B ഗവ. ഹയർസെക്കണ്ടറി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ